ബെംഗലൂരു: രാഷ്ട്രീയ അനിശ്ചിതത്വങ്ങളുടെ പര്യായമായിരുന്നു പോയ ആഴ്ചയിൽ കർണ്ണാടകം. തെരഞ്ഞെടുപ്പിൽ ഏറ്റവും വലി ഒറ്റകക്ഷിയായ ബിജെപി നേതാവ് ബിഎസ് യെദ്യൂരിയപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും 55 മണിക്കൂറിനുള്ളിൽ രാജി വെക്കുകയായിരുന്നു. കോൺഗ്രസ് ജെഡിഎസ് സഖ്യം അധികാരമേറ്റ കർണ്ണാടകത്തിൽ പക്ഷേ കാര്യങ്ങൾ അത്ര സുഖമമായിരിക്കില്ലെന്ന സൂചനയാണ് ഇപ്പോൾ തലസ്ഥാനമായ ബെംഗലൂരുവിൽ നിന്നും പുറത്ത് വരുന്നത്. അഞ്ച് വർഷവും ജെഡിഎസ് നേതാവ് എച്ച്.ഡി കുമാരസ്വാമി തന്നെ മുഖ്യമന്ത്രിയായി തുടരുമെന്ന് പറയാനാകില്ലെന്നാണ് ഉപ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ പരമേശ്വര വ്യ്കതമാക്കി

എച്ച്.ഡി.കുമാരസ്വാമി തന്നെ അഞ്ചുവർഷവും മുഖ്യമന്ത്രിയാകുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് ഉപമുഖ്യമന്ത്രി ജി.പരമേശ്വര. ഏതൊക്കെ വകുപ്പുകളാണ് ജെഡിഎസിനു നൽകേണ്ടതെന്നോ ഏതൊക്കെയാണ് ഞങ്ങൾക്ക് വേണ്ടതെന്നോ ചർച്ച ചെയ്തിട്ടില്ല. അഞ്ചുവർഷം എന്തൊക്കെ ചെയ്യണമെന്നും തീരുമാനിച്ചിട്ടില്ല. എല്ലാ നടപടിക്രമങ്ങളും ചർച്ച ചെയ്യേണ്ടതുണ്ടെന്നും പരമേശ്വര പറഞ്ഞു.

ആർക്കു മുഖ്യമന്ത്രി പദം നൽകുമെന്നതല്ല, നല്ല ഭരണം കാഴ്ച വയ്ക്കുകയെന്നതാണു ഞങ്ങൾക്കു പ്രധാനം. പാർട്ടിയിലെ സ്ഥാനങ്ങൾക്കു വേണ്ടി ആരും തന്നോടോ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയോടോ സംസാരിച്ചിട്ടില്ല. പ്രവർത്തകർക്ക് അതൃപ്തിയുണ്ടെന്ന തരത്തിൽ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടിനെക്കുറിച്ചു മാത്രമേ അറിയൂ. സ്ഥാനമാനങ്ങൾ ചോദിച്ചുവാങ്ങുന്നതിൽ തെറ്റില്ലെന്നും പരമേശ്വര പറഞ്ഞു.

കോൺഗ്രസ് പാർട്ടിയിൽ മുഖ്യമന്ത്രിയോ ഉപമുഖ്യമന്ത്രിയോ ആകുന്നതിന് കഴിവുള്ള ഒട്ടേറെ നേതാക്കന്മാരുണ്ട്. പാർട്ടിയുടെ വിലയേറിയ സ്വത്തുതന്നെയാണത്. സഖ്യസർക്കാർ ആയതിനാൽ നിലവിലാർക്കാണ് സ്ഥാനം നൽകേണ്ടതെന്നു തീരുമാനിക്കുന്നത് കോൺഗ്രസ് ഹൈക്കമാൻഡാണ്. എല്ലാ എംഎൽഎമാരും തങ്ങൾക്കൊപ്പമുണ്ട്. വിശ്വാസ വോട്ടെടുപ്പിൽ വിജയിക്കുകയും ചെയ്യും. കൂടിക്കാഴ്ചയും ചർച്ചകളും നടത്തിയില്ലെങ്കിലും എല്ലാവരും ഒറ്റക്കെട്ടാണെന്നും പരമേശ്വര പറഞ്ഞു.

കർണാടക നിയമസഭയിൽ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി നേതൃത്വം നൽകുന്ന ജനതാദൾ(എസ്) - കോൺഗ്രസ് സഖ്യസർക്കാർ ഇന്നു വിശ്വാസവോട്ട് തേടും. ബെംഗളൂരുവിലെ ഹോട്ടലുകളിൽ പാർപ്പിച്ചിരിക്കുന്ന കോൺഗ്രസ് എംഎൽഎമാരെ നിയമസഭാകക്ഷി നേതാവ് സിദ്ധരാമയ്യയും ദൾ എംഎൽഎമാരെ കുമാരസ്വാമിയും സന്ദർശിച്ചു.അതിനിടെ, ഇനി തിരഞ്ഞെടുപ്പ് നടക്കാനുള്ള മൂന്നു മണ്ഡലങ്ങളിൽ ഒന്നിച്ചു മൽസരിക്കാൻ കോൺഗ്രസും ദളും ധാരണയിലെത്തി.