ന്യൂഡൽഹി: വിവാദ വ്യവസായിയും ഐപിഎൽ മുൻ ചെയർമാനുമായ ലളിത് മോദിയുമായി ബന്ധം ആരോപിച്ച് പ്രതിപക്ഷം വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ രാജി ആവശ്യപ്പെട്ടു രംഗത്ത്. അതിനിടെ, ലളിത് മോദിയെ സഹായിച്ചത് മാനുഷിക പരിഗണനകൾ വച്ചാണെന്ന വിശദീകരണവുമായി സുഷമ സ്വരാജും രംഗത്തെത്തിയിട്ടുണ്ട്.

സംഭവം വിവാദമായതിനെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷൻ അമിത് ഷായും സുഷമയ്ക്കു ശക്തമായ പിന്തുണയുമായി രംഗത്തെത്തി. വിവാദം ശക്തമായപ്പോൾ അവരോട് രാജിവയ്ക്കാൻ ആവശ്യപ്പെടാൻ ഇരുവരും ആലോചിച്ചിട്ടുണ്ടെന്നാണ് ആദ്യം റിപ്പോർട്ടുകൾ പുറത്തുവന്നത്. എന്നാൽ മോദിയുടെയും ഷായുടെയും നിലപാട് മാറ്റത്തോടെ രാജിസാധ്യതകൾ മങ്ങി.

ലളിത് മോദിയുടെ ക്യാൻസർ രോഗിയായ ഭാര്യയുടെ ചികിത്സയ്ക്ക് പോകാനായി മാനുഷിക പരിഗണന നൽകിയാണ് സഹായങ്ങൾ ചെയ്തുകൊടുത്തതെന്നാണ് സുഷ്മാ സ്വരാജിന്റെ വിശദീകരണം. ഈ വിശദീകരണം അംഗീരിച്ചുകൊണ്ടാണ് ബിജെപി അധ്യക്ഷൻ അമിത് ഷായും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങും സുഷമാ സ്വരാജിന്റെ നടപടിയെ പിന്തുണച്ചത്.

സുഷമാസ്വരാജിനെ സംബന്ധിച്ചിടത്തോളം തന്നെ സംരക്ഷിക്കാൻ അമിത് ഷാ രംഗത്തെത്തിയത് ഒരു കറുത്ത ഫലിതമാണ്. കാരണം ഇതിന് മുമ്പ് അമിത്ഷായെ ഒരു കേസിൽ അകപ്പെട്ട് സിബിഐ അറസ്റ്റ് ചെയ്തതിനെ തുടർന്ന് ഷായെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയവരിൽ മുൻനിരയിലുണ്ടായത് സുഷമാ സ്വരാജായിരുന്നു. എന്നാൽ അമിത്ഷാ ഇപ്പോൾ അതേ നാണയത്തിൽ തിരിച്ചടിക്കാതെ സുഷമയുടെ സംരക്ഷകനായി രംഗത്തെത്തിയതോടെ കൂടുതൽ മധുരതരമായി പ്രതികാരം ചെയ്യുകയാണെന്ന് കാണാം.

തന്റെ ഭർത്താവും സുപ്രീംകോടതിയിലെ സീനിയൽ ക്രിമിനൽ അഭിഭാഷകനുമായ സ്വരാജ് കൗശലിന് ലളിത് മോദിയുമായുള്ള ബന്ധമാണ് പ്രധാനമായും സുഷമയെ വെട്ടിലാക്കിയിരിക്കുന്നത്. പ്രശസ്തരായവരുടെ പങ്കാളികൾ അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ് ഇവിടെ കൗശലും നേരിടേണ്ടി വരുന്നത്. തങ്ങളുടെ ഏതെങ്കിലും പ്രവൃത്തികൾ ഭാര്യയുടെ സ്ഥാനത്തിന് ദോഷം ചെയ്യുകയോ പേര്‌ദോഷമുണ്ടാക്കുകയോ ചെയ്യുമോയെന്ന കാര്യത്തിൽ അവർ എപ്പോഴും ബദ്ധശ്രദ്ധാലുക്കളായിരിക്കുകയും വേണ്ടി വരും. ഇതെത്തുടർന്ന് സ്വരാജ് കൗശൽ സുഷമയുടെ ദൗർബല്യമാണോ അതല്ല പിൻബലമാണോയെന്ന കാര്യത്തിലുള്ള ചർച്ചകൾ കൊഴുക്കുകയാണ്.

തന്റെ ഭാര്യയുടെ പ്രശസ്തിക്കും പ്രതാപത്തിനും പിൻപറ്റി താരതമ്യേന പ്രശസ്തമല്ലാത്ത ഒരു ജീവിതമാണ് ഇദ്ദേഹം നയിക്കുന്നതെങ്കിലും വിവാദങ്ങളുടെ പേരിൽ കൗശൽ പലപ്പോഴും മാദ്ധ്യമങ്ങളിൽ നിറഞ്ഞിട്ടുണ്ട്. ഈ വിവാദങ്ങൾ സുഷമാസ്വരാജിനെ ഇതിന് മുമ്പ് വേട്ടയാടിയിട്ടുമുണ്ട്. ഇന്ത്യൻ പ്രീമിയൽ ലീഗിലെ വിവാദ മുൻ കമ്മീഷണറായ ലളിത് മോദിയെ രക്ഷിക്കാൻ സുഷമ ശ്രമിച്ചുവെന്ന ആരോപണമാണ് അതിലൊന്ന്. കൗശലിന് ലളിത് മോദിയുമായുള്ള അടുത്ത ബന്ധം ചൂണ്ടിക്കാട്ടിയാണ് ഈ ആരോപണം ഉന്നയിക്കപ്പെട്ടത്. ലളിത് മോദിയുമായി കൗശലിന് രണ്ടു ദശാബ്ദക്കാലത്തോളം നീളുന്ന ബന്ധമുണ്ടെന്നാണ് റിപ്പോർട്ട്. താരതമ്യേന അപ്രശസ്തനാണെങ്കിലും രാഷ്ട്രീവൃത്തങ്ങളിൽ കാര്യമായ സ്വാധീനം ചെലുത്താൻ കഴിയുന്ന വ്യക്തിയായാണ് കൗശലിനെ പരിഗണിച്ച് വരുന്നത്.

വിവാദങ്ങളിലകപ്പെട്ട ബിസിനസ്മാനും രാഷ്ട്രീയക്കാരനുമായ സുധാംശു മിത്തലുമായുള്ള അടുത്ത ബന്ധത്തിന്റെ പേരിലും കൗശൽ ഇതിന് മുമ്പ് ആരോപണവിധേയനായിട്ടുണ്ട്. പരേതനായ ബിജെപി നേതാവ് പ്രമോദ് മഹാജന്റെ വലംകൈയായിരുന്നു മിത്തൽ. മിസോറാമിലെ സമാധാനത്തിന് വേണ്ടി ചെയ്ത സംഭാവനകൾ മാനിച്ച് തന്റെ 37ാം വയസിൽ അവിടെ ഗവർണറാകാനുള്ള അവസരം കൗശലിനെത്തേടിയെത്തിയിരുന്നു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഗവർണർ എന്ന ബഹുമതിയും ഇതിലൂടെ അദ്ദേഹത്തിന് കരഗമായി. മൂന്ന് വർഷക്കാലം അദ്ദേഹം അവിടെ ഗവർണരായിരുന്നു.

1975ലാണ് സുഷമാസ്വരാജ് കൗശലിനെ വിവാഹം ചെയ്യുന്നത്. ആദ്യകാലം മുതലെ തങ്ങളുടെ രാഷ്ട്രീയകാഴ്ചപ്പാടുകളിൽ കോൺഗ്രസ് വിരുദ്ധത പുലർത്താൻ ഇരുവരും ശ്രദ്ധിച്ചിരുന്നു. ഈ അഭിഭാഷകദമ്പതികൾ 2000ത്തിനും 2004നും ഇടയിൽ ഒരുമിച്ച് രാജ്യസഭയിൽ ഇരുന്നിട്ടുമുണ്ട്. കൗശലിന്റെ രാജ്യസഭയിലെ ആറ് വർഷ ടേം 2004ൽ ആണ് അവസാനിച്ചത്. അടിയന്തിരാവസ്ഥ കാലത്ത് സോഷ്യലിസ്റ്റ് നേതാവായ ജോർജ് ഫെർണാണ്ടസിനെ ബറോഡ ഡൈനാമിറ്റ് കേസിൽ ശക്തമായി കേസ് വാദിച്ചതോടെയാണ് കൗശൽ ശ്രദ്ധേയനാകുന്നത്.

ഗൂഢാലോചന കുറ്റമാരോപിക്കപ്പെട്ട് ജയിലിലായ മിസോറാം നേതാവ് ലാൻഡെൻഗയെ 1979ൽ മോചിപ്പിച്ചതിലൂടെയും കൗശൽ മാദ്ധ്യമങ്ങളിൽ നിറഞ്ഞു. ഇതുമുതലാണ് മിസോറാമുമായുള്ള അദ്ദേഹത്തിന്റെ ബന്ധം തുടങ്ങുന്നത്.മിസോനാഷണൽ ഫ്രണ്ടിന്റെ ഭരണഘടനാ ഉപദേശകനായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. മിസോറാമിന് വേണ്ടി കേന്ദ്രവുമായി വിലപേശിയ അണ്ടർഗ്രൗണ്ട് സംഘടനയായിരുന്നു ഇത്. ഇതിനെ തുടർന്നാണ് മിസോറാം രൂപവൽക്കരിച്ചത്.

സംസ്ഥാനം രൂപവൽക്കരിച്ചതിന് ശേഷം ഇതിന്റെ ആദ്യത്തെ അഡ്വക്കറ്റ് ജനറലായി കൗശൽ നിയമിതനാവുകുയം ചെയ്തു. 34ാം വയസിലായിരുന്നു ഈ സ്ഥാനലബ്ധി.