- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുസ്ലിംലീഗിന്റെത് പച്ചയായ വർഗീയത; ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറയണം: ജനാധിപത്യ മഹിളാ അസോസിയേഷൻ
തിരുവനന്തപുരം: പച്ചയായ വർഗീയത പറഞ്ഞുകൊണ്ട് സ്വയം അപഹാസ്യരായ മുസ്ലീലീഗ് ഇത്തരം നികൃഷ്ടമായ വാദം നിരുപാധികം പിൻവലിച്ചു മാപ്പ് പറയാൻ തയ്യാറാകണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻ കോടിയും സെക്രട്ടറി അഡ്വ. സി എസ് സുജാതയും ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയെയും പൊതുമരാമത്തു മന്ത്രിയെയും അടക്കം വളരെ നീചമായ രീതിയിൽ ആക്ഷേപിക്കാൻ തയ്യാറായിരിക്കുകയാണ് മുസ്ലിം ലീഗ്. മുസ്ലിം ലീഗ് സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായി, കെ എം ഷാജി ഉൾപ്പെടെയുള്ള ലീഗിന്റെ മുതിർന്ന നേതാക്കളാണ് പൊതുവേദിയിൽ വിവാദ പ്രസ്താവനയുമായി എത്തിയിരിക്കുന്നത്. ഇന്ത്യയിലെ നിയമ വ്യവസ്ഥയനുസരിച്ചു വിവാഹിതരായവരാണ് മുഹമ്മദ് റിയാസും വീണയും. നിയമപരമായി വൈവാഹിക ജീവിതം നയിക്കുന്ന സ്ത്രീയുടെ അന്തസ്സിനെയും വ്യക്തിത്വത്തെയും അപഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്ന മുസ്ലിം ലീഗ് സ്വന്തം പ്രസ്ഥാനത്തിന്റെ നേതാക്കളുടെ ചരിത്രം പഠിക്കുന്നത് നന്നാവും.
ഭൂരിപക്ഷ വർഗീയതയ്ക്കുള്ള പ്രതിരോധം ന്യൂനപക്ഷ വർഗീയതയാണെന്ന മുസ്ലിം ലീഗിന്റെ രാഷ്ട്രീയ ബുദ്ധിശൂന്യത മതേതര ജനാധിപത്യ രാജ്യത്ത് അംഗീകരിക്കാനാവില്ല.
കേരളത്തിന്റെ മുഖ്യമന്ത്രിയെ പോലും ജാതീയമായി അധിക്ഷേപിക്കാൻ തയ്യാറാകുന്ന മുസ്ലിംലീഗ്, സംഘപരിവാറും മുസ്ലിം ലീഗും ഒരേ നാണയത്തിന്റെ ഇരു വശങ്ങളാണെന്ന് തെളിയിച്ചിരിക്കുകയാണ്. അടിച്ചമർത്തപ്പെട്ട ജനവിഭാഗം സാമൂഹിക പുരോഗതി കൈവരിക്കുന്നതിൽ ലീഗ് അസ്വസ്ഥത കൊള്ളുന്നത് സ്വാഭാവികമാണ്. ചരിത്രം തിരുത്തിയാണ് പിണറായി വിജയൻ സർക്കാർ വീണ്ടും അധികാരത്തിലെത്തിയത്. ജനകീയനായ മുഖ്യമന്ത്രിയെയും കുടുംബത്തെയും അധിക്ഷേപിച്ച് തളർത്തിക്കളായമെന്ന വർഗീയതയുടെ മൂശയിൽ കാച്ചിയ പ്രചരണ ആയുധം കേരളത്തിൽ വിലപോകില്ല. മുസ്ലിം ലീഗ് ആശയപരമായി മുനയൊടിഞ്ഞ ആൾക്കൂട്ടമാണെന്ന് ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു.
വനിതകളുടെ രാഷ്ട്രീയ അസ്തിത്വം പോലും പുറത്ത് കാണിക്കാൻ അനുവദിക്കാത്ത മുസ്ലിം ലീഗ് LGBTQ+ സമൂഹത്തെ അപമാനിക്കുന്നതിലൂടെ തികച്ചും അപരിഷകൃതമായ ചിന്താധാരയാണ് അവരെ നയിക്കുന്നതെന്ന് അടിവരയിടുന്നു.
LGBTQ+ കമ്മ്യൂണിറ്റിയെ ചേർത്ത് പിടിക്കുന്ന കേരള സർക്കാരും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും പുരോഗമനത്തിന്റെ പാതയിലാണ് മുന്നോട്ട് പോകുന്നത്.
രാഷ്ട്രീയമായും ആശയപരമായും പാപ്പരീകരിക്കപ്പെട്ട മുസ്ലിം ലീഗ് മതവിശ്വാസത്തിന്റെ പാപബോധത്തെ ചൂഷണം ചെയ്ത് സിപിഐഎമ്മിനെതിരെ രാഷ്ട്രീയ പ്രചരണം അഴിച്ചുവിടുകയാണ്.ചരിത്രത്തിൽ എക്കാലത്തും ഇടതുപക്ഷ സംഘടനകൾ ഇത്തരം മതരാഷ്ട്രീയവാദക്കാരുടെയും, വർഗീയ വാദികളുടെയും നീചമായ പ്രചരണങ്ങളെയും,അധിക്ഷേപങ്ങളെയും അതിജീവിച്ചിട്ടുണ്ട്.
ഇതിലും വലിയ ദുരന്തങ്ങളിൽ ഒറ്റക്കെട്ടായി സോദരത്വേന ജാതി മത വേലിക്കെട്ടുകളില്ലാതെ അതിജീവിച്ച നാടാണ് നമ്മുടേത്. അന്നതിന് നേതൃത്വം നൽകിയ വ്യക്തിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ.
ഈ നാടിന്റെ ഐക്യവും അഖണ്ഡതയും തകർക്കാൻ ശ്രമിച്ചവരെയെല്ലാം ജനം വിചാരണ ചെയ്തിട്ടുണ്ട്. മുസ്ലിം ലീഗിന്റെ അവസ്ഥയും ഒട്ടും വ്യത്യാസമാവില്ല.അതുകൊണ്ട് തന്നെ സമൂഹത്തെ പിന്നോട്ടടിപ്പിക്കുന്ന ഇത്തരം അപരിഷകൃത നീക്കങ്ങളെ ഒറ്റപ്പെടുത്താനും ചെറുത്തു തോൽപ്പിക്കാനും കേരള സമൂഹം തയ്യാറാകണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ