തിരുവനന്തപുരം: പ്രതിപക്ഷത്തെ അടച്ചാക്ഷേപിച്ചു കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവു കെ മുരളീധരൻ എംഎൽഎ തുടങ്ങിവച്ച കലാപം യുഡിഎഫ് ഘടകകക്ഷികളും ഏറ്റെടുക്കുന്നു. കേരളത്തിൽ പ്രതിപക്ഷമില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം കെ മുരളീധരന്റെ ആരോപണം. വിമർശനങ്ങളുമായി മുസ്ലിംലീഗും കേരള കോൺഗ്രസ് ജേക്കബ് വിഭാഗവും രംഗത്തെത്തിയതോടെ യുഡിഎഫിൽ പ്രശ്‌നങ്ങൾ പുകയുകയാണ്.

യുഡിഎഫിൽ പ്രശ്നങ്ങളുണ്ടെന്നും എന്നാൽ കെ മുരളീധരന്റെ പ്രസ്താവന ഘടകകക്ഷികളെ ഉദ്ദേശിച്ചല്ലെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദ് പറഞ്ഞു. മുരളീധരന്റെ പ്രസ്താവന കോൺഗ്രസിനെ ഉദ്ദേശിച്ചാണ്. ആ പ്രസ്താവനയ്ക്ക് കക്ഷി ചേരാൻ മുസ്ലിംലീഗ് ഇല്ലെന്നും മജീദ് പറഞ്ഞു.

ഇടയ്ക്കിടെ യോഗം കൂടി പിരിയും എന്നല്ലാതെ പൊതുജനങ്ങളെ അണിനിരത്തിയുള്ള സമരങ്ങളൊന്നും നടക്കുന്നില്ലെന്ന് മുസ്ലിംലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എംപിയും ചൂണ്ടിക്കാട്ടി. പ്രതിപക്ഷത്തിന്റെ ധർമ്മം കേരളത്തിൽ നിർവഹിക്കപ്പെടുന്നില്ലെന്ന് ഒരു സംശയവുമില്ലെന്നും അദ്ദേഹം പറഞ്ഞു. റേഷൻ പ്രശ്നത്തിൽ പ്രതികരിക്കാൻ യുഡിഎഫിന് കഴിഞ്ഞില്ലെന്ന് കേരള കോൺഗ്രസ് ജേക്കബ് നേതാവും യുഡിഎഫ് സെക്രട്ടറിയുമായ ജോണി നെല്ലൂരും കുറ്റപ്പെടുത്തി.

കടുത്ത വിമർശനമാണു കഴിഞ്ഞ ദിവസം കെ മുരളീധരൻ ഉയർത്തിയത്. സിപിഐ(എം) തന്നെ ഭരണപക്ഷവും പ്രതിപക്ഷവുമാകുകയാണു സംസ്ഥാനത്തെന്നായിരുന്നു കഴിഞ്ഞ ദിവസം മുരളി പറഞ്ഞത്. സർക്കാരിന്റെ ഭരണപരാജയങ്ങൾ ചൂണ്ടിക്കാട്ടുന്നതിൽ കോൺഗ്രസ് പരാജയപ്പെടുന്നുവെന്നാണ് കോഴിക്കോട്ട് കെ.കരുണാകരൻ അനുസ്മരണച്ചടങ്ങിൽ പങ്കെടുക്കവേ മുരളീധരൻ വിമർശിച്ചത്. എം.എം. മണി വിഷയം അടക്കമുള്ളവ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ചാനലുകളിൽ മുഖംകാണിക്കാൻ കോൺഗ്രസ് നേതാക്കൾ തല്ലുകൂടുകയാണെന്നും മുരളീധരൻ ആരോപിച്ചു. മന്ത്രി എം.എം. മണിയുടെ രാജിയാവശ്യപ്പെട്ട് പ്രസ്താവനകളിറക്കുക മാത്രമാണ് നേതാക്കൾ ചെയ്യുന്നത്. ശക്തമായ സമരം നടത്തുന്നതിനോ പ്രതിഷേധിക്കുന്നതിനോ കോൺഗ്രസ് തയാറാകുന്നില്ല. പാർട്ടി നേതാക്കൾ തന്നിലേക്കുമാത്രം ചുരുങ്ങുന്നു. നേതാക്കൾ സ്വന്തം സീറ്റിനും ലാഭത്തിനും വേണ്ടി മാത്രം പ്രവർത്തിക്കുകയുമാണ്. അവരുടെ മുഖം മിനുക്കാൻ വേണ്ടി മാത്രം ശ്രമിക്കുന്ന ഘട്ടത്തിൽ പാർട്ടി ദുർബലമാകുന്ന കാഴ്ചയാണ് കാണുന്നതെന്നും മുരളീധരൻ ആരോപിച്ചു.

തനിക്കെതിരെ പ്രസ്താവന ഇറക്കിയ രാജ്‌മോഹൻ ഉണ്ണിത്താനെതിരെയും മുരളി ആഞ്ഞടിച്ചിരുന്നു. യോഗ്യത ഇല്ലാത്തവരുടെ പ്രസ്താവനയ്ക്ക് മറുപടിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തന്റെമേൽ കുതിരകയറുന്നത് പിണറായി വിജയനെ പറയാൻ പേടിക്കുന്നവരാണ്. രാജ്‌മോഹൻ ഉണ്ണിത്താന്റെ പ്രസ്താവനയെ അർഹിക്കുന്ന അവജ്ഞയോടെ തള്ളുന്നുവെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.