- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മലപ്പുറത്തെ സിപിഎം- മുസ്ലിം ലീഗ് സഹകരണ മാഫിയയുടെ പുതിയ കരുനീക്കം; ലീഗ് ബാങ്കുകളിലെ അഴിമതി അന്വേഷണങ്ങൾ അട്ടിമറിച്ച ശ്രീഹരിയെ സഹകരണ മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയാക്കാൻ നീക്കം; സിപിഎം-മുസ്ലിം ലീഗ് സഹകരണ മാഫിയ രണ്ടാം പിണറായി സർക്കാരിലും പിടിമുറുക്കുന്നു
മലപ്പുറം: എ.ആർ നഗർ സഹകരണബാങ്കിലെ 103 കോടിയുടെ കള്ളപ്പണ നിക്ഷേപത്തിലടക്കം കൈകോർത്ത മലപ്പുറത്തെ സിപിഎം മുസ്ലിം ലീഗ് സഹകരണ മാഫിയ രണ്ടാം പിണറായി സർക്കാരിലും പിടിമുറുക്കുന്നു. ഒന്നാം പിണറായി സർക്കാരിൽ മുസ്ലിം ലീഗ് അനുഭാവി അബ്ദുൽറഷീദിനെ സഹകരണമന്ത്രി കടകംപള്ളിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയാക്കിയ സംഘം ഇപ്പോൾ സഹകരണ മന്ത്രി വി.എൻ വാസവന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയാക്കാൻ നിർദ്ദേശിച്ചത് ലീഗ് ബാങ്കുകളിലെ അഴിമതി അന്വേഷണങ്ങൾ അട്ടിമറിച്ച മലപ്പുറം സഹകരണ പ്ലാനിങ് അസിസ്റ്റന്റ് രജിസ്ട്രാർ ശ്രീഹരിയെയാണ്.
കഴിഞ്ഞ മൂന്നു വർഷമായി എ.ആർ നഗർ സഹകരണബാങ്കിലെ അഴിമതികൾക്കെതിരായ അന്വേഷണങ്ങളെ അട്ടിമറിക്കുകയും ഫയലുകൾ പൂഴ്ത്തിവെക്കുകയും ചെയ്ത് വഴിവിട്ട് സഹായിച്ചയാളാണ് ശ്രീഹരിയെന്ന ആരോപണവും അന്വേഷണ റിപ്പോർട്ടും ഇപ്പോഴും നിലനിൽക്കുകയാണ്. ബോധപൂർവ്വം ഉത്തരവിൽ പിഴവു വരുത്തിയും ഹൈക്കോടതിയിൽ തെറ്റായ സ്റ്റേറ്റ്മെന്റ് ഓഫ് ഫാക്ട്സ് ഫയൽ ചെയ്തുമാണ് ശ്രീഹരി ലീഗ് ബാങ്കുകളെ വഴിവിട്ട് സഹായച്ചതെന്നാണ് ആരോപണം. സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസിന്റെ വിശ്വസ്ഥനായ ശ്രീഹരിയെ സഹകരണമന്ത്രി വി.എൻ വാസവന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി നിർദ്ദേശിച്ചുകഴിഞ്ഞു.
കടകംപള്ളി സുരേന്ദ്രൻ സഹകരണമന്ത്രിയായപ്പോൾ മുസ്ലിം ലീഗ് അനുഭാവിയായ മുൻ മലപ്പുറം സഹകരണ ജോയിന്റ് രജിസ്ട്രാർ അബ്ദുൽറഷീദിനെ സഹകരമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയാക്കി അന്വേഷണങ്ങൾ അട്ടിമറിച്ച് കള്ളപ്പണവും അഴിമതിയും സംരക്ഷിച്ച സിപിഎം- ലീഗ് സഹകരണമാഫിയയാണ് അബ്ദുൽറഷീദ് മാറിയപ്പോൾ തട്ടിപ്പുകൾക്ക് സംരക്ഷണം നൽകാൻ പകരക്കാരനായി ശ്രീഹരിയെ വാഴിക്കുന്നത്.
വി എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് പെരിന്തൽമണ്ണയിലെ പീകോക്ക് സഹകരണ ടൂറിസം സൊസൈറ്റിയുടെ ഡയറക്ടറായി സർക്കാരിൽ നിന്നും പ്രത്യേക അനുമതി വാങ്ങിയെത്തിയ ശ്രീഹരി പദ്ധതിയുടെ പേരിൽ സർക്കാർ ഗ്രാന്റടക്കം മൂന്നു കോടി രൂപ തുലച്ച വിവാദനായകനാണ്. സൊസൈറ്റിവാങ്ങിയ ഭൂമിക്ക് ഇടനിലക്കാരനായി നിന്ന് ലക്ഷങ്ങൾ തട്ടിയതായും ആരോപണം ഉയർന്നിരുന്നു. ഇത് സംബന്ധിച്ച ക്രമക്കേടിൽ സഹകരണവകുപ്പ് അന്വേഷണം ആരംഭിക്കുമെന്ന ഘട്ടത്തിൽ വകുപ്പുമാറി ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറായി പോവുകയായിരുന്നു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് മുസ്ലിം ലീഗ് നേതൃത്വം ഇടപെട്ടാണ് ശ്രീഹരിയെ രക്ഷിച്ചെടുത്തത്.
പി.കെ കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്ഥനായ മക്കരപ്പറമ്പ് സഹകരണ ബാങ്ക് സെക്രട്ടറിയും ലീഗ് നേതാവു മായ ഹനീഫ പെരിഞ്ചേരി അഴിമതി നടത്തിയതിനാൽ പിരിച്ചുവിടണമെന്ന വിജിലൻസ് റിപ്പോർട്ട് പൂഴ്ത്തിവെച്ചും ശ്രീഹരി പ്രത്യുപകാരം ചെയ്തു. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് കേരള ന്യുന പക്ഷ ക്ഷേമ വികസന വകുപ്പിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജനറൽ മാനേജർ ആയ ഹനീഫ പെരിഞ്ചീരി ലീഗ് നേതാക്കൾ അടക്കമുള്ളവർക്ക് വഴിവിട്ട് കോടികൾ വായ്പ നൽകിയതിൽ വിജിലൻസ് അന്വേഷണം നേരിട്ടിരുന്നു. പിന്നീട് ഇയാൾ തിരിച്ച് ബാങ്കിൽ സെക്രട്ടറി ആയി പോവുകയും ചെയ്തു. ഹനീഫ പെരിഞ്ചീരി അഴിമതി നടത്തിയെന്ന് കണ്ടെത്തി നടപടി സ്വീകരിക്കാനും ഇയാളെ സർവിസിൽ നിന്ന് പിരിച്ചു വിടാനും സഹകരണ വകുപ്പിനോട് ശുപാർശ ചെയ്തു വിജിലൻസ് റിപ്പോർട്ട് നൽകുകയും ചെയ്തു. കഴിഞ്ഞ രണ്ടു വർഷമായി ശ്രീഹരി ഈ ഫയൽ പൂഴ്ത്തിവച്ചാണ് ലീഗിനെ സഹായിച്ചത്.
സഹകരണവകുപ്പിൽ നിന്നും ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറായി പോയ വിശ്വസ്ഥനായ ശ്രീഹരിയെ തിരികെ വീണ്ടും സഹകരണവകുപ്പിലെത്തിച്ചത് സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസിന്റെ ഇടപെടലിലാണെന്ന ആക്ഷേപവും ശക്തമാണ്. എൻ.ജി.ഒ യൂണിയനിൽ ഒരു സ്ഥാനവും വഹിക്കാതിരുന്ന ശ്രീഹരിയെ ഇടതു പക്ഷ സംഘടനയായ കേരള ഗസറ്റഡ് ഓഫീസർസ് അസോസിയേഷൻ മലപ്പുറം ജില്ലാ സെക്രട്ടറി ആയി നിയമിക്കാൻ ഇടപെട്ടതും ജില്ലാ സെക്രട്ടറിയാണ്. ശ്രീഹരിയുടെ ഭാര്യ പ്രിയയെ മലപ്പുറം ജില്ല സഹകരണഓഡിറ്റ് ഓഫീസിൽ ഓഡിറ്റ് അസി. ഡയറക്ടർ ആക്കിയും നിയമിച്ചു.
എ.ആർ നഗർ ബാങ്ക് അടക്കം ലീഗ് ബാങ്കുകളുടെ ക്രമക്കേടുകൾ തുറന്നുകാട്ടിയ ഓഡിറ്റ് റിപ്പോർട്ടുകൾ പ്രിയയും പൂഴ്ത്തിവെച്ചു. ഇടത് അനുകൂല കെ.ജി.ഒ.എയുടെ ഉന്നത നേതാവ് ജില്ലയിൽ ഉണ്ടായിരുന്നിട്ടും എ.ആർ നഗർ സഹകരണ ബാങ്കിലെ ക്രമക്കേടുകൾ ബോധപൂർവ്വം പൂഴ്ത്തിവെക്കാൻ കെ.ജി.ഒ.എ ജില്ലാ സെക്രട്ടറിയുടെ അധികാരവും സ്വാധീനവും ഉപയോഗിച്ച് ശ്രീഹരി മലപ്പുറം ജില്ലാ ജോയിന്റ് രജിസ്ട്രാർ ജനറൽ ആയി നിയമിച്ചത് എ.ആർ നഗർ ബാങ്കിന്റെ മുൻ പ്രസിഡന്റിന്റെ കെ.ടി അബ്ദുൽലത്തീഫിന്റെ അടുത്തബന്ധുവും ജമാഅത്തെ ഇസ്ലാമി പ്രവർത്തകനുമായ മുഹമ്മദ് അഷ്റഫിനെയായിരുന്നു. ഇപ്പോൾ അഷ്റഫിനെ സഹകരണ രജിസ്ട്രാർ ഓഫീസിലെ അഡീഷണൽ രജിസ്ട്രാർ എന്ന സുപ്രധാന തസ്തികയിലാണ് കുടിയിരുത്തിയിരിക്കുന്നത്.
കോടികളുടെ തട്ടിപ്പുകൾക്ക് കൂട്ടുനിൽക്കുകയും അന്വേഷണങ്ങൾ അട്ടിമറിക്കുകയും ക്രമക്കേട് തെളിയിക്കുന്ന ഓഡിറ്റ് റിപ്പോർട്ടുകളും അന്വേഷണ റിപ്പോർട്ടുകളും പൂഴ്ത്തിവെക്കുകയും ചെയ്യുന്ന ശക്തമായ മാഫിയാ സംഘമാണ് ഇപ്പോൾ സഹകരണ മന്ത്രിയുടെ ഓഫീസിൽവരെ പിടിമുറുക്കുന്നത്. മന്ത്രിമാരുടെ സെക്രട്ടറിമാരെയും പേഴ്സണൽ സ്റ്റാഫംഗങ്ങളെയും നിയമിക്കുന്നതിൽ ശക്തമായ ജാഗ്രത പുലർത്തുന്ന സിപിഎം സംഘടനാ സംവിധാനത്തെപ്പോലും വെല്ലുവിളിച്ചാണ് മുസ്ലിം ലീഗിന്റെ താൽപര്യം സംരക്ഷിക്കുന്ന മാഫിയാസംഘത്തിൽപെട്ടവരെ മന്ത്രിമാരുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിപോലും നിയമിക്കാൻ കരുനീക്കുന്നത്.