ചെന്നൈ: സീമ എന്ന നടിയുടെ തുടക്കം അവിടെയായിരുന്നു'-അവളുടെ രാവുകളിൽ. ഐ വി ശശിയെന്ന സംവിധായകന്റെ തൊപ്പിയിലെ പൊൻതൂവലുമായി ആ സിനിമ. പിന്നീട് ഇരുവരും കുടുംബ ജീവതത്തിലേക്ക് കടന്നു. പ്രണയം, വിവാഹം അങ്ങനെ. അപ്രതീക്ഷിതമായി ഐവി ശശി വിടവാങ്ങുമ്പോൾ സീമ തനിച്ചാകുന്നു. മലയാള സിനിമയ്ക്ക് അനവധി സുവർണ്ണ നിമിഷങ്ങൾ സമ്മാനിച്ച സൂപ്പർ ഹിറ്റ് ഡയറക്ടറായിരുന്നു ഐവി ശശി.

അവളുടെ രാവുകളായിരുന്നു ശശിയേയും സീമയേയും അടുപ്പിച്ചത്. എ സർട്ടിഫിക്കറ്റ് ലഭിച്ച മലയാളത്തിലെ ആദ്യ വാണിജ്യ വിജയം നേടിയ സിനിമ. ഈ സിനിമയുടെ സമയത്ത് സീമ പല വേദനകൾ സഹിച്ചാണ് അഭിനയിച്ചത്. ഇതേ കുറിച്ച് മാതൃഭൂമിക്ക് നൽകിയ പഴയ അഭിമുഖത്തിൽ സീമ പറയുന്നത് ഇങ്ങനെയാണ്- ''സത്യത്തിൽ അവളുടെ രാവുകളിലെ രാജിയെപ്പോലെ ഒരു പാവമായിരുന്നു ഞാൻ. ഡയറക്ടർ എന്നനിലയിൽ ശശിയേട്ടൻ പറഞ്ഞുതരുന്നതുപോലെ അഭിനയിക്കുകയായിരുന്നു. രാജി എന്ന ലൈംഗിക തൊഴിലാളിയെ എനിക്ക് പരിചയമില്ല. പക്ഷേ അവളാകാൻ ചില വേഷങ്ങളൊക്കെയിടുമ്പോൾ ഞാൻ ശശിയേട്ടനോട് ചോദിച്ചു. 'ഇങ്ങനെയൊക്കെ ഞാൻ അഭിനയിക്കണോ സാർ?. പലപ്പോഴും ഒറ്റയ്ക്കിരുന്ന് കരഞ്ഞു. ഒരർഥത്തിൽ ആ വേദന വലിയൊരു വിജയമാണ് എനിക്ക് സമ്മാനിച്ചത്.

അവളുടെ രാവുകളുടെ അഭൂതപർവമായ വിജയം സീമ എന്ന അഭിനേത്രിക്ക് മലയാളത്തിന്റെ ഒന്നാംനിര നായികയിലേക്കുള്ള കുതിപ്പുകൂടിയായിരുന്നു. അനുമോദനം, ഞാൻ ഞാൻ മാത്രം, ഈറ്റ, അനുഭവങ്ങളേ നന്ദി, മനസാവാചാകർമണാ, ഏഴാം കടലിനക്കരെ, ആറാട്ട്, ഇവർ, അങ്ങാടി, കാന്തവലയം, കരിമ്പന, മീൻ തുടങ്ങി 1980 ആകുമ്പോഴേക്കും ഐ.വി.ശശിയുടെ നിരവധി ചിത്രങ്ങളിൽ സീമ പ്രധാന വേഷത്തിലെത്തി. പലതിലും നായികയായി. 1978 - മുതൽ 80 വരെ ശശിയടക്കം പ്രശസ്തസംവിധായകരുടെ 50 ഓളം ചിത്രങ്ങളിലാണ് സീമ വേഷമിട്ടത്.

''എന്നിലെ ആർട്ടിസ്റ്റിന്റെ കഴിവുകളെ പുറത്തു കൊണ്ടുവന്നതിന്റെ ക്രഡിറ്റ് മുഴുവനും ശശിയേട്ടനുള്ളതാണ്. ജീവിതത്തിൽ ഭർത്താവ് മാത്രമല്ല എനിക്കദ്ദേഹം. അഭിനയത്തിലെ ഗുരുകൂടിയാണ്. ആ ഗുരുമുഖത്തു നിന്നാണ് ഞാൻ അഭിനയത്തിന്റെ പാഠങ്ങൾ മനസ്സിലാക്കിയത്. ശശിയേട്ടനെ നമിച്ചേ ഞാൻ ഇന്നുവരെ ക്യാമറയ്ക്ക് മുന്നിൽ നിന്നിട്ടുള്ളൂ''. -ഇങ്ങനെയായിരുന്നു സീമ ഓർത്തെടുക്കുന്നത്.

ഐ.വി.ശശി-സീമ പ്രണയം സിനിമയിലെ ചൂടേറിയ ചർച്ചകളിലൊന്നായി മാറിയ കാലം. അസുഖമായി ശശി ചെന്നൈയിലെ ആശുപത്രിയിൽ കിടക്കുമ്പോൾ ഒപ്പമുണ്ടായിരുന്നത് അമ്മയാണ്. മയക്കത്തിനിടയിൽ എപ്പോഴൊക്കെയോ ശശി സീമയുടെ പേര് ഉച്ചരിച്ചത് അമ്മ ശ്രദ്ധിച്ചിട്ടുണ്ടാകണം. ആശുപത്രിവിട്ട ശേഷം അമ്മ ചോദിച്ചു 'മോന് സീമയെ അത്രക്കിഷ്ടമാണോ?' അതെ എന്ന് ശശിയുടെ മറുപടി.

സീമയോടുള്ള പ്രണയം ശശി ആദ്യം പറയുന്നത് പ്രിയ സുഹൃത്തുക്കളിൽ ഒരാളായ കമൽഹാസനോടാണ്. വളരെ സന്തോഷത്തോടുകൂടിയുള്ള കമലിന്റെ മറുപടി ഇങ്ങനെ: '' നന്നായി ശശി, ശാന്തി പാവം കുട്ടിയാണ്''. കമലും സീമയും ചോപ്രാമാഷുടെ കീഴിൽ നൃത്തപരിശീലനം നേടിയവരാണ്. ആ കാലം മുതൽ സീമയെ കമലിന് അടുത്തറിയാം. അങ്ങനെ കാര്യങ്ങൾ വിവാഹത്തിലെത്തി.