കൊച്ചി: സോഷ്യൽ മീഡിയ ജീവിച്ചിരിക്കുന്ന പലരെയും കൊന്നിട്ടുണ്ട്.പലരെയും കാമുകീ കാമുകന്മാരാക്കിയിട്ടുണ്ട്. പലരെയും അവരറിയാതെ കല്യാണം കഴിപ്പിച്ചിട്ടുമുണ്ട്.പ്രത്യേകിച്ച് സിനിമാ താരങ്ങളെപ്പോലുള്ള സെലിബ്രിറ്റികളെ.പല താരങ്ങളും സ്വന്തം മരണവും കല്യാണവുമൊക്കെ അറിയുന്നതു പോലും ഫെയ്‌സ് ബുക്കിലൂടെയാണ്.ഏറ്റവുമൊടുവിൽ സോഷ്യൽ മീഡിയയുടെ ആക്രമണത്തിനിരയായത് ഐ വി ശശി-സീമ ദമ്പതികളാണ്. ഇരുവരും 37 വർഷത്തെ ദാമ്പത്യത്തിന് വിരാമമിട്ട് വേർപിരിയുകയാണെന്നാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.എന്നാൽ ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ചുകൊണ്ട് രംഗത്തു വന്നിരിക്കുകയാണ് ഐ വി ശശി. ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് വേറേ പണിയൊന്നുമില്ലേ എന്നാണ് ഐ വി ശശി ചോദിക്കുന്നത്.

'എന്തൊരു വിഡ്ഢിത്തമാണിത്. ഇത്രയും വർഷമായി ഞങ്ങൾ ഒരുമിച്ചു ജീവിക്കുന്നു. ഇനിയാണോ വിവാഹമോചനം? ഇത്തരം മനോരോഗികളെ അവഗണിക്കുകയാണ് വേണ്ടതെന്നു' അദ്ദേഹം പറഞ്ഞു. നീണ്ട എട്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം മൂന്നു ഭാഷകളിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് ഐ.വി.ശശി.ബേർണിംങ് ബെൽ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മലയാളത്തിലെ കാസ്റ്റിങ് പൂർത്തിയായി വരുന്നതേയുള്ളൂ.

ഏറ്റവും ഒടുവിലായി നടി കനിഹയാണ് സോഷ്യൽ മീഡിയയുടെ 'ഡിവോഴ്സിന്' ഇരയായത്. ഐ.വി. ശശിയുടെ വിവാഹ മോചന വാർത്ത പോലെ മലയാളത്തിലെ പ്രമുഖ പത്രങ്ങളുടെ ഓൺലൈൻ പോർട്ടലുകൾ അന്നും അതു വാർത്തയാക്കിയിരുന്നു. എന്നാൽ പിന്നീട് കനിഹ ഈ വാർത്ത വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി മുന്നോട്ടുവന്നിരുന്നു.അടുത്തിടെ നടൻ വിജയരാഘവന്റെയും ഏതാനും ദിവസങ്ങൾക്കു മുമ്പ് സാജൻ പള്ളുരുത്തിയുടെയുമൊക്കെ 'മരണവാർത്ത' സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് പ്രതിഷേധത്തിന് കാരണമായിരുന്നു.