ഹൈദരാബാദ്: ഹൈദരാബാദിലെ ആഗോള എന്റർപ്രണർ സമ്മിറ്റിൽ പങ്കെടുത്ത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകൾ ഇവാൻക മടങ്ങിപ്പോയെങ്കിലും ഇവിടെയെത്തിയപ്പോൾ അവർ ധരിച്ച വസ്ത്രങ്ങളുമായി ബന്ധപ്പെട്ട വിമർശനം കത്തിക്കയറുകയാണ്. ഇന്ത്യൻ സന്ദർശനത്തിനിടെ ലക്ഷങ്ങൾ വിലയുള്ള വ്യത്യസ്ത ഫാഷൻ ഉടുപ്പുകൾ മാറി ഉടുത്ത് നേതാക്കളുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടെങ്കിലും ഇവാൻകയുടെ വസ്ത്രധാരണം ശരിയല്ലെന്ന വിമർശനമാണ് ഇന്ത്യൻ ഫാഷൻ മീഡിയകൾ ഉന്നയിച്ചിരിക്കുന്നത്. തികച്ചും ഉപരിപ്ലവമായ വസ്ത്രധാരണമെന്നാണ് ഇന്ത്യൻ മാധ്യമങ്ങൾ ഇതിനെ വിമർശിച്ചിരിക്കുന്നത്.

സമ്മിറ്റിനിടെ ഇവാൻക ഐവി ഗ്രീൻ, യെല്ലോ ഓറിയന്റൽ-സ്റ്റൈൽ വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. 35000 ഡോളർ വില വരുന്ന ഏർഡെം ജെനീവ ഫ്ലോറൽ പ്രിന്റ് ഗൗൺ, 3498 ഡോളർ വില വരുന്ന ബ്ലൂ ആൻഡ് ഗോൾഡ് ടോറി ബർച്ച് വസ്ത്രങ്ങളും വ്യത്യസ്ത അവസരങ്ങളിൽ ഇവാൻക ഇന്ത്യാ സന്ദർശനത്തിനിടെ ധരിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി താജ് ഫലാക്നുമ പാലസിൽ വച്ച് നൽകിയ വിരുന്നിനിടെ ഇവാൻക ധരിച്ച ഈ ബർച്ചിനെ ഡെയിലി ഓ ലാംബാസ്റ്റഡ് കാശ്മീരി ഫെറാന്റെ അനുകരണമാണെന്നാണ് പരിഹസിച്ചിരിക്കുന്നത്.

ഹൈദരാബാദിലെ ഒരു ചടങ്ങിൽ വച്ച് സംസാരിക്കവെ ഇവാൻ ബ്ലാക്ക് ആൻഡ് പേൾ എംബ്രോയ്ഡഡ് ടോറി ബർച്ച് സൈൽവിയ ജാക്കറ്റാണ് അണിഞ്ഞിരുന്നത്. ഇതും ഒരു വില കുറഞ്ഞ ബ്രാൻഡായിട്ട് മാത്രമേ തോന്നിയുള്ളൂ എന്നാണ് ഇന്ത്യൻ ഫാഷൻ മാധ്യമങ്ങൾ പരിഹസിച്ചിരിക്കുന്നത്. ഹൈദരാബാദിൽ വച്ച് ഇവാൻ റെഡിലും ബ്ലാക്കിലുമുള്ള സലോനി ലോധയും ധരിച്ചിരുന്നു. ഇതും അനാകർഷകമായിരുന്നുവെന്ന വിമർശനം വ്യാപകമായി ഉയരുന്നുണ്ട്. ചില വസ്ത്രങ്ങളിൽ ഇവാൻകയെ അമേരിക്കൻ ബാർബിയെന്നാണ് ചില ഇന്ത്യൻ ഫാഷൻ മീഡിയകൾ കളിയാക്കിയിരിക്കുന്നത്.

അമേരിക്കയുടെ മഹത്തായ ചരിത്രത്തെയും സംസ്‌കാരത്തെയും പ്രൗഢിയെയും പ്രതിനിധീകരിക്കുന്ന വസ്ത്രങ്ങൾ ഭാവിയിലെ സന്ദർശനങ്ങളിലെങ്കിലും ഇവാൻക ധരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് വോഗ് ഇന്ത്യയുടെ എഡിറ്റർ അറ്റ് ചാർജായ ബൻദന തിവാരി ദി ന്യൂ യോർക്ക് ടൈംസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. ഭാവിയിലെ ഇന്ത്യൻ സന്ദർശനത്തിൽ ഇന്ത്യയിൽ ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ അവർ കൂടുതലായി ധരിക്കുമെന്ന പ്രതീക്ഷയും തിവാരി ഉയർത്തുന്നു. ഇനിയുള്ള സന്ദർശനങ്ങളിലെങ്കിലും ഇന്ത്യയിൽ നിർമ്മിച്ച ഒരു കൈത്തറി സാരി ഉടുക്കാനോ അല്ലെങ്കിൽ അമേരിക്കയിൽ നിർമ്മിച്ച ഹാൻഡ് മെയ്ഡ് ഗൗൺ അണിയാനോ ഇവാൻക തയ്യാറാകണമെന്നും തിവാരി ആവശ്യപ്പെടുന്നു.