ഹാംബർഗ്: ജർമനിയിലെ ഹാംബർഗിൽ ജി 20 സമ്മിറ്റിൽ പങ്കെടുക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനൊപ്പം എത്തിയ മകൾ ഇവാൻക ട്രംപ് അച്ഛന്റെ പേരിൽ അനർഹമായ സ്ഥാനത്തിരുന്ന് ഞെളിഞ്ഞുവെന്ന വിമർശനം ചിത്ര സഹിതം വിവിധ ലോക മാധ്യമങ്ങൾ ഉയർത്തിക്കാട്ടുന്നു. സമ്മിറ്റിൽ പങ്കെടുത്തുകൊണ്ട് ലോകത്തിലെ പ്രമുഖ രാജ്യങ്ങളുടെ നേതാക്കന്മാർ ചർച്ചയിൽ മുഴുകിയപ്പോഴായിരുന്നു ട്രംപിന്റെ കസേരയിൽ ഇവാൻക കയറിയിരുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ തൊട്ടടുത്തിരുന്ന പ്രസിഡന്റിന്റെ മകളെ നോക്കി ലോകം ഇപ്പോൾ നെറ്റി ചുളിക്കുകയാണ്.

സമ്മിറ്റിനിടെ ട്രംപ് ഇന്തോനേഷ്യൻ പ്രസിഡൻര് ജോക്കോ വിഡോഡോയുമായി ഉഭയകക്ഷി ചർച്ചക്ക് പോയപ്പോഴായിരുന്നു അനർഹമായ സ്ഥാനത്തിരുന്ന് ഇവാൻകയുടെ ഷൈൻ ചെയ്യൽ. എന്നാൽ ഇവാൻക പതിവിലുമധികം ഒന്നും ചെയ്തിട്ടില്ലെന്നാണ് വൈറ്റ് ഹൗസ് ഒഫീഷ്യൽ ഇതിനെ ന്യായീകരിച്ചിരിക്കുന്നത്. ചൈനീസ് പ്രസിഡന്റ് ജിൻപിൻഗ്, തുർക്കി പ്രസിഡന്റ്, ജർമൻ ചാൻസൽ ഏയ്ജല മെർകൽ, തുടങ്ങിയവർക്കൊപ്പമായിരുന്നും ഇവാൻക ഞെളിഞ്ഞിരുന്നത്. ഇവാൻകയുടെ ഈ അനുചിതമായ പ്രവൃത്തിയെ നിശിതമായി വിമർശിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുമുണ്ട്.

ഇവാൻക ഇത്തരത്തിൽ തെരഞ്ഞെടുക്കപ്പെടാത്ത യോഗ്യതയിലല്ലാത്ത ' ഡോട്ടർ-ഇൻ-ചീഫായി അമേരിക്കയെ പ്രതിനിധീകരിച്ചിരിക്കുന്നുവെന്നാണ് ഇതിനെതിരെ ഓക്സ്ഫോഡ് സ്‌കോളറായ ബ്രിയാൻ ക്ലാസ് പ്രതികരിച്ചിരിക്കുന്നത്. മിന്നെസോട്ടയിലെ ഡെമോക്രാറ്റിക് ഗവർണറുടെ ഡെപ്യൂട്ടി കാംപയിൻ മാനേജരായി പ്രവർത്തിച്ചിരുന്ന ആളാണ് ബ്രിയാൻ. ഇവാൻക ട്രംപിനൊപ്പം ഇരുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും അതിനവർക്കുള്ള യോഗ്യത എന്താണെന്നുമാണ് ലിബറൽ ന്യൂയോർക്ക് ടൈംസ് കോളമിസ്റ്റായ ചാൾസ് ബ്ലോ പരുഷമായി ചോദിച്ചിരിക്കുന്നത്.

ഇത്തരത്തിൽ ലോകനേതാക്കന്മാർ തങ്ങളുടെ പ്രതിനിധികളെ തങ്ങൾക്ക് പകരം ഹൈ പ്രൊഫൈൽ ഇന്റർനാഷണൽ സമ്മിറ്റുകൾക്ക് അയക്കുന്നത് അസാധാരണമായ സംഭവമൊന്നുമല്ല. 1990കളിൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റന്റെ ഭാര്യ ഹില്ലാരി ക്ലിന്റൺ ഇത്തരം വേദികളിൽ തന്റെ ഭാർത്താവിനൊപ്പം തിളങ്ങുന്നത് പതിവായിരുന്നു. യാതൊരു വിധത്തിലുമുള്ള ഔദ്യോഗിക സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടാതിരുന്നിട്ടും ഹില്ലാരി ഇക്കാര്യത്തിൽ നിർണായകമാ പങ്ക് വഹിച്ചിരുന്നു. അന്ന് നാഷണൽ ഹെൽത്ത് കെയർ സിസ്റ്റത്തെ പുനർക്രമീകരിക്കുന്നതിനുള്ള ഗവൺമെന്റ് കമ്മീഷനെ നയിച്ച് കൊണ്ടായിരുന്നു ഹില്ലാരി അന്താരാഷ്ട്ര വേദികളിൽ ക്ലിന്റനൊപ്പം നിറഞ്ഞ് നിന്നിരുന്നത്.

ഇവാൻക ട്രംപിന് പുറകിലാണ് ആദ്യം ഇരുന്നിരുന്നതെന്നും എന്നാൽ ട്രംപ് പുറത്തേക്ക് പോയപ്പോഴാണ് ഇവാൻക പ്രധാനപ്പെട്ട ടേബിളിനരികിലേക്കിരുന്നതെന്നുമാണ് ട്രംപിന്റെ വൈറ്റ് ഹൗസ് ഒഫീഷ്യൽ ഇന്നലെ ഇതിനെ ന്യായീകരിച്ചിരിക്കുന്നത്. ഇന്നലെയുടെ തുടക്കത്തിൽ സ്വന്തം മകളെ ലോകനേതാക്കന്മാർക്ക് മുന്നിൽ വച്ച് ട്രംപ് പുകഴ്‌ത്തി സംസാരിക്കുകയും ചെയ്തിരുന്നു. ഇവാൻക പ്രസിഡന്റിന്റെ സീറ്റിലിരുന്ന് ഞെളിയുന്ന ഫോട്ടോ ഇന്നലെ നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത് വിമർശനവും പരിഹാസവും ഉന്നയിച്ചിരിക്കുന്നത്.