ഹൈദരബാദ്: സമ്പദ്വ്യവസ്ഥയുടെ വളർച്ചയിൽ സ്വതന്ത്ര ഇന്ത്യയുടെ എഴുപതാം വാർഷിക ദിനത്തിൽ ഇവിടുത്തെ ജനങ്ങളെ അഭിനന്ദിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മകളും ഉപദേശകയുമായ ഇവാൻക പറഞ്ഞു. പേൾസ് സിറ്റിയിലെ ഏറ്റവും വലിയ നിധി നിങ്ങളൊരോരുത്തരുമാണ്. നിയമങ്ങൾ മാറ്റിയെഴുതുന്നവരാണു നിങ്ങൾ. ഇന്ത്യയിലെ ജനങ്ങളാണ് ഞങ്ങളുടെ പ്രചോദനം. ഇവിടെ ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയവരിൽ പകുതിയും വനിതകളാണെന്ന് അഭിമാനം നൽകുന്നതാണ്.

വനിതകൾ വളർന്നു വരുമ്പോൾ നമ്മുടെ കുടുംബം, സമ്പദ് വ്യവസ്ഥ, സമൂഹം എല്ലാം അഭിവയോധികിപ്പെടും. ഒരു മില്യണിലധികം വനിതകളാണ് യുഎസ് ഇന്ന് സ്വന്തമായി വ്യവസായം ചെയ്യുന്നത്. നൂതന ആശയങ്ങളിലും വ്യവസായ നേതൃപാടവത്തിലും വലിയ പുരോഗതിയാണ് ഇന്ത്യ കൈവരിച്ചിരിക്കുന്നത്. സ്ത്രീ ശാക്തീകരണത്തിലൂടെ വികസനം നടത്തുന്ന പ്രധാനമന്ത്രി മോദിയുടെ ആശയത്തിന് വലിയ കയ്യടി നൽകുന്നുവെന്നും ഇവാൻക പറഞ്ഞു. ഹൈദ്രാബാദിൽ നടക്കുന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഇവാൻക ട്രംപ്.

ലോകത്തിൽ തന്നെ അതിവേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥ എന്ന നിലയിൽ താൻ ഇന്ത്യയെ അഭിനന്ദിക്കുന്നു. സാങ്കേതികത്വം കൊണ്ട് സമ്പന്നമായ ഈ നഗരത്തിൽ വളരാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും ഇവാൻക കൂട്ടിച്ചേർത്തു.മുത്തുകളുടെ നഗരമായ ഇവിടുത്തെ ഏറ്റവും വലിയ സമ്പത്ത് നിങ്ങളാണെന്ന് ഉച്ചകോടിയിൽ പങ്കെടുത്ത സംരഭകർക്ക് നേരെ വിരൽ ചൂണ്ടിക്കൊണ്ട് ഇവാൻക പറഞ്ഞു. നിങ്ങൾ പരമ്പരാഗത ചട്ടങ്ങളെ മാറ്റി എഴുതുകയാണ്. ഇന്ത്യ എക്കാലവും വൈറ്റ് ഹൗസിന്റെ നല്ല സുഹൃത്തായിരിക്കുമെന്നും ഇവാൻക പറഞ്ഞു.

ഉച്ചകോടിക്കു മുൻപായി ഇവാൻക ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്തി. ഹൈദരാബാദിൽ ആഗോള സംരംഭക ഉച്ചകോടിയിൽ (ജിഇഎസ് 2017) പങ്കെടുക്കാനാണ് ഇവാൻക എത്തിയത്. രാവിലെ ഹൈദരാബാദ് രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങിയ ഇവാൻകയെ അധികൃതർ സ്വീകരിച്ചു.10,000 പൊലീസുകാരും കൂടാതെ എസ്‌പിജി സുരക്ഷയുമാണ് അതിഥികൾക്കായി ഒരുക്കിയത്.

150 രാജ്യങ്ങളിലെ 1500 സംരംഭകരാണ് ഉച്ചകോടിയിൽ പങ്കെടുത്തത്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ്, നിതി ആയോഗ് എന്നിവയാണു പരിപാടിയുടെ മുഖ്യസംഘാടകർ. ഇന്ത്യ, യുഎസ് എന്നിവിടങ്ങളിൽനിന്നു 400 വീതം പ്രതിനിധികൾ പങ്കെടുത്തു. ആകെ പ്രതിനിധികളിൽ 52.5 ശതമാനവും വനിതകളായിരുന്നു അഫ്ഗാനിസ്ഥാൻ, സൗദി അറേബ്യ, ഇസ്രയേൽ തുടങ്ങിയ 10 രാജ്യങ്ങൾ വനിതാപ്രതിനിധികളെ മാത്രമാണ് അയച്ചിരിക്കുന്നത്.

ജോൺ ചേംബേർസ്, ചെറി ബ്ലെയർ, പ്രേം വത്‌സ, മാർകസ് വാല്ലൻബർഗ്, ഐസിഐസിഐ ഡയറക്ടർ ഛന്ദ കൊച്ചാർ, ഡിആർഡിഒ ഡയറക്ടർ ടെസി തോമസ്, ടെന്നിസ് താരം സാനിയ മിർസ, ഡയാന ലൂയിസ് പട്രീഷ ലേഫീൽഡ്, റോയ മെഹ്ബൂബ്, മിസ് വേൾഡ് മാനുഷി ഛില്ലർ, നടി സോനം കപൂർ, അദിതി റാവു, ക്രിക്കറ്റ് താരം മിതാലി രാജ് തുടങ്ങിയവർ വിവിധ സെഷനുകളിൽ പങ്കെടുത്തു. നിരവധി രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് സംരഭകർ പങ്കെടുക്കുന്ന ഉച്ചകോടിക്ക് ഇത് ആദ്യമായാണ് ദക്ഷിണേഷ്യ ആതിഥേയത്വം വഹിക്കുന്നത്.