യിരം പ്രാവശ്യം കണ്ടുമടുത്ത പൊട്ടക്കഥകൾ പിന്നെയും പിന്നെയും ചലച്ചിത്രമായിവന്ന് പ്രേക്ഷകന്റെ സാമാന്യബുദ്ധിയെ വെല്ലുവിളിക്കുന്ന ഒരുകാലത്ത്, തരക്കേടില്ലാത്ത ഒരു ചിത്രം കാണാനാവുക എന്നത് ഭാഗ്യം തന്നെയാണ്.

അതാണ് അനുഗൃഹീത സംവിധായകൻ ശ്യാമപ്രസാദിന്റെ ആദ്യ കൊമേഴ്‌സ്യൽ ചിത്രമെന്ന ടാഗിൽ എത്തിയ 'ഇവിടെ'. ഔട്ട്സ്റ്റാന്റിങ്ങ് എന്നൊന്നും വിശേഷിപ്പിക്കാൻ പറ്റില്‌ളെങ്കിലും വ്യത്യസ്തമായ കാഴ്ചാനുഭവം നൽകുന്ന സിനിമയാണിത്.പ്രഥ്വീരാജിന്റെയും, നിവിൻപോളിയുടെയും അഭിനയത്തികവിൽ അൽപ്പംപോലും ബോറടിയില്ലാതെ വ്യത്യസ്തമായൊരു ക്രൈം ത്രില്ലറായി ചിത്രം മുന്നോട്ടുപോവുന്നു. ( ക്രൈംത്രില്ലറെന്നാൽ ഘോരവെടിവെപ്പുകളും, മുട്ടൻ സംഭാഷണങ്ങളും, തലപെരുക്കുന്ന പശ്ത്താല സംഗീതവുമൊക്കെ വേണമെന്നത് ഷാജികൈലാസ് കാലം തൊട്ടേയുള്ള ഒരു തെറ്റിദ്ധാരണയാണ്).

സംഭാഷണങ്ങളിലെ വ്യത്യസ്തതയും ശ്യാമപ്രസാദിന്റെ വിഷ്വൽ ട്രീറ്റ്‌മെന്റും സിനിമക്ക് ഗുണം ചെയ്യുന്നുണ്ട്. പൂർണമായും അമേരിക്കയിൽ ചിത്രീകരിച്ച ഈ ചിത്രം പലയിടത്തും ശരിക്കും ഒരു ഇംഗ്‌ളീഷ് സിനിമപോലുണ്ട്.

ഇന്ത്യയുടെ 'പ്രതികാരം'; അമേരിക്കയിലെ വംശീയത

കഥയുടെ ബാഹ്യമായ അന്തരീക്ഷത്തിലേക്ക് നോക്കിയാൽ ശ്യാമപ്രസാദിന്റെ മുൻകാല ചിത്രങ്ങളായ 'ഋതു'വിനോടും, 'ഇംഗ്‌ളീഷി'നോടും സാമ്യമുണ്ട് 'ഇവിടെ'ക്ക്.പക്ഷേ ആന്തരിക ഘടനയിൽ 'ഇവിടെ' തീർത്തും വ്യത്യസ്തമാണ്.ഐ.ടി മേഖലയിലെ മാറിക്കൊണ്ടിരിന്ന സ്ത്രീപുരുഷ ബന്ധങ്ങളും, തൊഴിലിടിങ്ങളിലെ ചതിക്കുഴികളുമൊക്കെയായിരുന്ന 'ഋതു'വിന്റെ പ്രമേയം. ഈ ചിത്രത്തിൽ നിവിൻപോളി ചെയ്യുന്ന കഥാപാത്രവുമായി ബന്ധപ്പെട്ട് ഇത്തരം വിഷയങ്ങൾ കടന്നുവരുന്നുണ്ട്. 'ഇംഗ്‌ളീഷ'ാവട്ടെ ബ്രിട്ടനിൽ സെറ്റിൽ ചെയ്ത ഇന്ത്യൻ വംശജരുടെ പ്രശ്‌നങ്ങളാണ് പറയുന്നത്. എന്നാൽ 'ഇവിടെ'യിൽ എത്തുമ്പോൾ ശ്യാമപ്രസാദ്, അമേരിക്കൻ പൗരന്മാരെപ്പോലും പാപ്പരാക്കുന്ന, ആഗോളമായ നവ മുതലാളിത്ത രീതികളും, ഫണം വിടർത്തുന്ന വംശീയതയുമൊക്കെ കൃത്യമായി അഭിസംബാധനചെയ്യുന്നു.

ഇന്ത്യാക്കാർ ഏറെയുള്ള, ഐ.ടി കമ്പനികൾ നിറഞ്ഞുനിൽക്കുന്ന യു.എസിലെ അത്‌ലാന്റയിലാണ് കഥ നടക്കുന്നത്. അവിടെ ഇന്ത്യൻ വംശജരായ ചെറുപ്പക്കാർ തുടർച്ചയായി കൊല്ലപ്പെടുന്നു. ആ കേസ് അന്വേഷിക്കാനായി എത്തുന്നത് വരുൺ ബ്‌ളേക്ക് എന്ന ജന്മംകൊണ്ട് മാത്രം മലയാളിയായ ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് ( പ്രഥ്വീരാജ്). കേരളത്തിലെ ഒരു അനാഥാലയത്തിൽ വളർന്ന വരുണിനെ ആറാംവയസ്സിൽ ഒരു അമേരിക്കൻ ദമ്പതികൾ ദത്തെടുക്കയായിരുന്നു. വളർന്ന് മിടുക്കനായി അമേരിക്കൻ പൊലീസിൽ എത്തിയിട്ടും ഇന്ത്യൻ എന്ന തന്റെ ജന്മ ലേബൽ മാഞ്ഞുപോരുന്നില്ല എന്ന് അയാൾ പല ഘട്ടങ്ങളിലും തിരച്ചറിയുന്നു. അയാളുടെ ശരീരഭാഷയിൽ എപ്പോളും ആ ഒറ്റപ്പെടലിന്റെ ഭീതി പ്രകടമാണ്.ഈ അസ്തിത്വ പ്രശ്‌നവും, ഒറ്റപ്പെട്ടവനാണ് താനെന്ന ഉൾഭീതിയും അയാൾ വയലൻസുകൊണ്ടായിരക്കണം മറികടക്കുന്നത്. കേരളത്തിൽനിന്നത്തെിയ ഒരു ഐ.ടിപ്രൊഫഷണലുമായുള്ള ( ഭാവന) വരുണിൻെ വിവാഹ ബന്ധവും ഒരു കുട്ടിയുണ്ടായ ശേഷം തകരുന്നു. അതോടെ വീണ്ടും മദ്യത്തിലും ഒരളുവരെ മദിരാക്ഷിയിലും തന്റെ പ്രശ്‌നങ്ങൾ കഴുകിക്കളയാൻ ശ്രമിക്കയാണ് വരുൺ.ഇന്ത്യൻ ഭക്ഷണരീതികൾപോലും മറന്നുപോയിട്ടും അയാളോട് ' തന്തൂരിചിക്കന്റെ മണം വന്നാൽ ഒരു ഇന്ത്യക്കാരനും പിടിച്ചുനിൽക്കാൻ കഴിയിലെന്ന്' പറഞ്ഞും മറ്റും ഇടക്കിടെ സ്‌നേഹപൂർവം ചൊറിയുന്ന രണ്ടാനഛനോട് ഒരു ഘട്ടത്തിൽ വരുൺ പൊട്ടിത്തെറിക്കുന്നു. ദത്തെടുത്ത അമ്മയോടും വരുണ ഈ പ്രശ്‌നം ഉന്നയിക്കുന്നുണ്ട്. 'ഒരു ഇന്ത്യൻ കുട്ടിയെ രക്ഷിച്ചുവെന്ന പ്രശസ്തിയായിരുന്നില്ലേ നിങ്ങൾ ആഗ്രഹിച്ചത്. ഒടുവിൽ അത് അത്ര എളുപ്പമല്‌ളെന്ന് കണ്ടതോടെ നിങ്ങുടെ കൂടെയുണ്ടായിരുന്ന ഹിപ്പി ഇട്ടിട്ടുപോയി. പക്ഷേ, ഒരു പാവയല്ല, എല്ലാവരെയുംപോലെ വികാരങ്ങളും വിചാരങ്ങളുമുള്ള ഒരു മനുഷ്യനാണ് ഞാനെന്ന് നിങ്ങളൊക്കെ മറന്നപോയി'. ദയ, സ്‌നേഹം,കാരുണ്യം എന്നിവക്കൊക്കെ വരുൺ നൽകുന്ന അർഥതലങ്ങൾ വ്യത്യസ്തമാണ്.

ഒരു ഭാഗത്ത് ഒരു വ്യക്തിയെന നിലയിൽ അയാൾ അനുഭവിക്കുന്ന അസ്തിത്വപരമായ അന്താളിപ്പിന്റെ മറ്റൊരു രൂപമാണ് അത്‌ലാന്റയിൽ നടക്കുന്ന പരമ്പര കൊലപാതകങ്ങൾ. ഇന്ത്യാക്കാർ മാത്രം എന്തുകൊണ്ട് ടാർഗറ്റഡ് ആവുന്നു എന്ന വരുണിന്റെ അന്വേഷണം എത്തിനിൽക്കുന്നത് വംശീയതയിൽ തന്നെതാണ്. ഔട്ടസോഴ്‌സിങ്ങ് എന്ന നവ മുതലാളിത്തരീതി വന്നതോടെ അമേരിക്കൻ യുവാക്കൾക്ക് തൊഴില ഇല്ലാതാവുകയാണ്. താരതമ്യേന കുറഞ്ഞ തുകക്ക് ഇന്ത്യാക്കാർക്ക് ഔട്ടസോഴ്‌സിങ്ങ് ഏറ്റെടുത്തതോടെ വൻകിട കമ്പനികളിൽപോലുമുണ്ടായത് കൂട്ടപിരിച്ചുവിടലാണ്്.ഇതോടെ തൊഴിൽ രഹിതരായ യു.എസ് പൗർമ്മാർ തെരുവിൽ ഇറങ്ങി. ഒരുകാലത്ത് നമ്മെയൊക്കെ ചൂഷണംചെയ്ത രാജ്യങ്ങൾക്കെതിരെ ഇന്ത്യയുടെ മനോഹരമായ പ്രതികാരം എന്നാണ് ഇതേക്കുറിച്ച് ഒരു ഇന്ത്യൻ ഐ.ടി പ്രൊഫഷണൽ പ്രതികരിക്കുന്നത്. ഈ ഇന്ത്യാവിരുദ്ധ വികാരവും കൊലാപതകവും കൂട്ടിവായിപ്പിച്ച് വരുൺ നടത്തുന്ന നിഗമനങ്ങൾ അയാളുടെ മേലധികാരിപോലും അംഗീകരിക്കുന്നില്ല. ഇന്ത്യാക്കാർ കൊല്ലപ്പെടുന്നതുകൊണ്ട് വരുൺ ഉണ്ടാക്കിയ കഥയാണ് പരമ്പരകൊലയെന്നുപോലും അദ്ദേഹം അക്ഷേപിക്കുന്നു. ഇന്ത്യാക്കാർ കൊല്ലപ്പെടുന്നതിലല്ല, മനുഷ്യർ കൊല്ലപ്പെടുന്നതാണ് തന്റെ പ്രശ്‌നമെന്ന് വരുണും തിരച്ചടിക്കുന്നു.നമുക്ക് ഇതുവരെ പരിചിതമല്ലാത്ത ചില കഥാസന്ദർഭങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയതിന് തിരക്കഥാകൃത്ത് അജയൻ വേണുഗോപാലും അഭിനന്ദനം അർഹിക്കുന്നു.

കൈ്‌ളമാക്‌സ് അടുപ്പിച്ചുള്ള ഏതാനും ചില ഭാഗങ്ങളിൽമാത്രമാണ് സാമ്പ്രദായിക സിനിമുടെ ചില നടപ്പുരീതികൾ കണ്ടുവരുന്നത്. ആ ഭാഗങ്ങൾ ഒന്നു പുതുക്കുകയായിരുന്നെങ്കിൽ ലക്ഷണമൊത്ത ഒരുന്യൂജനറേഷൻ കുറ്റാന്വേഷണ കഥയാവുമായിരുന്നു ഇത്. 'ഒരാളുടെ ജീവിത വിജയമെന്നത് എത്രമാത്രം നിങ്ങൾ സ്‌നേഹിക്കപ്പെട്ടുവെന്നതാണെന്നതാണെന്ന' ബുദ്ധന്റെ വിഖ്യാതമായ വാക്യം അന്വർഥമാക്കുന്നുണ്ട് കഥാന്ത്യത്തിൽ. ഭോഗത്തിൽനിന്ന് ത്യാഗത്തിലേക്ക് നീങ്ങുന്ന ഒരു ആന്തരിക സംശുദ്ധിയുടെ ഘടന സൂക്ഷ്മവായനയിൽ ഈ ചിത്രത്തിനുണ്ട്.

ശ്യാമപ്രസാദിന്റെ ആദ്യ വാണിജ്യ സിനിമ?

കൊമേഴ്‌സ്യൽ എന്ന വാക്കിനോട് എന്തോ വല്ലാത്ത അലർജിയുണ്ടെന്ന് തോനുന്നു നമ്മുടെ ശ്യാമപ്രസാദ് അടക്കമുള്ള സമാന്തര സിനിമയിൽ അഭിരമിക്കുന്ന സംവിധായകർക്ക്. പക്ഷേ ഒരു കാര്യം പറയാം. ശ്യാമപ്രസാദ് സംവിധാനംചെയ്ത ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണ് 'ഇവിടെ'. തോക്ക് സംസ്‌ക്കാരം കൂടപ്പിറപ്പായ ഒരു രാജ്യത്തിന്റെ കഥപറയുമ്പോൾ, അതും ഇന്ത്യൻ വംശജനായ ഒരു പൊലീസ് ഓഫീസറുടെ ജീവിത്തിലൂടെ കടന്നുപോകുമ്പോൾ വെടിയൊച്ച മുഴങ്ങുന്നത് സ്വാഭാവികം. അത് സുരേഷ്‌ഗോപിയുടെ പഴയ ചിത്രങ്ങളിലെപ്പോലെ ബാത്ത്‌റൂമിൽപോവാൻപോലും തോക്കെടുക്കുന്ന രീതിയിൽ അല്ലല്ലോ. വാണിജ്യ സിനിമക്ക് വേണമെന്ന് പറയുന്ന എരുവും പുളിയുമെന്നും ഇതിൽ ചേർത്തിട്ടില്ല. കൈ്‌ളമാക്‌സിലെ അതിഭാവുകത്വം ഒഴിച്ചാൽ എവിടെയും ഫോർമുലാ സിനിമയുടെ ചിട്ടവട്ടങ്ങൾ കാണാനാവില്ല. ഫ്രെയിമുകളുടെ കോമ്പോസിനഷൻ പലപ്പോഴും മികച്ച ഹോളിവുഡ്ഡ് ചിത്രങ്ങളോട് കിടപിടക്കുന്ന തരത്തിൽ സാങ്കേതിക തികവുണ്ട്. എറിക് ഡിക്‌സന്റെ ക്യാമറയും,ഗോപീ സുന്ദറിന്റെ പശ്ത്താല സംഗീയവും ശരിക്കും അഭിനന്ദനം അർഹിക്കുന്നു.

ശ്യാമപ്രസാദിനെപ്പോലെ പ്രതിഭാശാലികളായ സംവിധായകർ ഫിലിംഫെസ്റ്റിവൽ സിനിമകളുമായി മാറിനിൽക്കുന്നത് മലയാള സിനിമാ വ്യവസായത്തിനാണ് ദോഷം ചെയ്യുന്നത്.നല്ല സിനിമയും ചീത്തയും എന്നല്ലാതെ, ലോകത്തെവിടെയും ഇന്ന് സമാന്തരസിനിമ, വാണിജ്യ സിനിമ എന്ന വേർതിരിവില്ല. ആത്യന്തികമായി മനുഷ്യർ കാണാനും ആസ്വദിക്കാനും ആണല്ലോ ചലച്ചിത്രങ്ങളെടുക്കുന്നനത്. ബുദ്ധിജീവി ജാടകൾക്ക് വിടകൊടുത്തുകൊണ്ട് ശ്യാമപ്രസാദക്കെ കലയും കച്ചവടവും സമന്വയിപ്പിക്കുന്ന ഇത്തരം സിനിമകൾക്കാണ് ശ്രമിക്കേണ്ടത്. പത്മരാജനും, ലോഹിതദാസുമൊക്കെ കാല യവനികകൾക്കുള്ളിലേക്ക് മറിഞ്ഞതോടെ നാമവശേഷമായ നല്ല സിനിമയുടെ ധാര വളർത്തിക്കൊണ്ടുവരാൻ ഇങ്ങനെയേ കഴിയൂ. ഒട്ടകപ്പക്ഷിയെപ്പോ െതലപൂഴ്‌ത്തിയിരിക്കാതെ വിശാലമായ ആകാശത്തേക്കുള്ള ശ്യാമപ്രസാദിന്റെ വളർച്ചയുടെ തുടക്കമാവട്ടെ ഇത്.

വിസ്മയിപ്പിച്ച് വീണ്ടും പ്രഥ്വീരാജ്

നായക കേന്ദ്രീകൃതമായ കഥാഘടനയല്‌ളെങ്കിലും അടിസ്ഥാനപരമായി ഇതൊരു പ്രഥ്വീരാജ് സിനിമയാണ്. അത്രക്ക് മികച്ചതാണ് വരുണിലേക്കുള്ള രാജുവിന്റെ രാസമാറ്റം. ആകാരത്തിലും സംഭാഷണത്തിലും ശരീരഭാഷയിലുമെല്ലാം തനി ഇന്ത്യൻഅമേരിക്കൻ പൊലീസുകാരനായുള്ള ആ വേഷപ്പകർച്ച കാണേണ്ടതാണ്. ചില രംഗങ്ങളിലെ വൈകാരിക ഭാവമാറ്റങ്ങൾ കണ്ടാൽ നടുങ്ങിപ്പോവും. നാം സാധാരണ കാണുന്ന കത്തി പൊലീസ് വേഷമല്ല ഇത്. പുറമെ ക്രൂരനെന്ന് തോനുമെങ്കിലും കണ്ണിൽ സദാ വിഷാദമെരിയുന്ന ഒരു പൊലീസുകാരനെ പ്രഥ്വീരാജിന്റെ സഹോദരൻ ഇന്ദ്രജിത്ത് 'ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിൽ' ഭംഗിയായി അവതരിപ്പിച്ചതാണ് ഇപ്പോൾ ഓർമ്മവരുന്നത്. അനുഗ്രഹം കിട്ടിയ ഇത്തരം കലാകാരന്മാർ ഉണ്ടല്ലോ എന്നതുതന്നെ മലയാളത്തിന് അഭിമാനം.

'മുംബൈ പൊലീസിലും', 'മെമ്മറീസിലു'മൊക്കെ രാജു ചെയ്ത പൊലീസ് വേഷങ്ങളോട് ബാഹ്യമായ സമാനതകൾ ഏറെയുള്ള വേഷമാണിത്. പക്ഷേ അഭിയത്തിന്റെ വ്യത്യസ്തതകൊണ്ട് അതെല്ലാം വേറെവേറെയായി തോനുന്നു. ഒരു കലാകാരനുവേണ്ട എറ്റവും വലിയ പ്രൊഫഷണൽ മിടുക്കാണിത്. അതുപോലെ വെസ്റ്റേൺ ഇംഗ്‌ളീഷ് ഉച്ചാരണംപോലും പ്രഥ്വി വളരെ കൃത്യമായാണ് ചെയ്തിരിക്കുന്നത്. ( ഇതായിരുന്നു ഒരു അഭിമുഖത്തിൽ അദ്ദേഹത്തിന്റെ ഭാര്യ സുപ്രിയ സത്യത്തിൽ ഉദ്ദേശിച്ചത്.പക്ഷേ പറഞ്ഞുവന്നപ്പോൾ അത് സൗത്ത് ഇന്ത്യയിൽ ഇംഗ്‌ളീഷ് അറിയാവുന്ന എക നടൻ രാജുവാണെന്ന കോലത്തിലായിപ്പോയി. അതിന്റെ പേരിൽ വർഷങ്ങളോളം ഈ നടൻ പരിഹസിക്കപ്പെടുകയും ചെയ്തു!)

യാതൊരു വ്യക്തിത്വവുമില്ലാത്ത സ്ത്രീ കഥാപാത്രങ്ങളുടെ ഘോഷയാത്ര കണ്ടുമടുത്ത ഇക്കാലത്ത് ഈ സിനിമയിലെ ഭാവനയുടെ കഥാപാത്രം വേറിട്ടുനിൽക്കുന്നു. അടുത്തകാലത്ത് ഭാവനക്ക്കിട്ടിയ മികച്ച കഥാപാത്രവുമാണിത്.അടിക്കടി വിജയങ്ങുമായി സൂപ്പർതാര പദവിയിലക്ക് ഉയരുന്ന നിവിൻപോളി ഇതിലും മോശമാക്കിയില്ല. ശാമപ്രസാദിന്റെ തന്നെ 'ഇംഗ്‌ളീഷിൽ' നിവിൻ ചെയ്ത കഥാപാത്രത്തിന്റെ അൽപ്പംകൂടി വിശദീകരിച്ച രൂപമാണിത്.മറ്റൊരുതാരം നായകനായ സിനിമയിൽ യാതൊരു ഈഗോയുമില്ലാതെ അഭിനിക്കാൻനിന്ന നിവിന്റെ ആത്മാർഥതയും ഈഗോയിസ്റ്റുകളുടെ ഇക്കാലത്ത് ശ്രദ്ധേയമാണ്.

വാൽക്കഷ്ണം: സിനിമയുടെ മൊത്തത്തിലുള്ള ധാരക്ക് വിരുദ്ധമായതും തികച്ചു അപലപനീയവുമായ ഒരു പ്രസ്താവന ഈ ചിത്രത്തിലുണ്ട്.നിവിൻപോളിയുടെ കഥാപാത്രം പറയുകയാണ് ' ശരീരത്തിൽ ക്രോസ് ബെൽറ്റുള്ളവർക്ക് അതായത് പൂണൂലുള്ളവർക്ക് രക്ഷപ്പെടാൻ ഇന്ത്യയിലുള്ള എക മാർഗം വിദ്യാഭ്യാസമാണെന്ന്'! ഉദ്ദേശം വളരെ വ്യക്തം. സംഘികളുംമറ്റും ഉയർത്തുന്ന സംവരണവിരുദ്ധതക്കും ന്യൂനപക്ഷവെറിക്കും കുടപിടിക്കുന്ന രാഷ്ട്രീയ പ്രസ്താവനയായിപ്പോയി അത്.വംശവെറിക്കും വർണവിവേചനത്തിനുമെതിരായ സിനിമയിലും വർഗീയത !