നിവിൻ പോളിയെന്ന നടനെ ആദ്യമായി മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയത് വിനീത് ശ്രീനിവാസനായിരുന്നു. മലർവാടി ആർട് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് നിവിൻ പോളി മലയാള സിനിമയിലേക്ക് എത്തുന്നത്. പിന്നീട് ഇറങ്ങിയ വിനീതിന്റെ തന്നെ തട്ടത്തിൻ മറയത്തും, ജേക്കബിന്റെ സ്വർഗരാജ്യവും, ഒരു വടക്കൻ സെൽഫിയുമെല്ലാം നിവിന് കരിയറിൽ മുതൽക്കൂട്ടായ ചിത്രങ്ങളായിരുന്നു. ഇപ്പോളിതാ കൊച്ചുണ്ണിയിലെ അഭിനയത്തിന് പിന്നാലെപുതിയ ചിത്രമായ ലൗ ആക്ഷൻ ഡ്രാമയിലൂടെ വിനീതിന്റെ അനുജനായ ധ്യാൻ ശ്രീനിവാസനൊപ്പവും ഒന്നിക്കുകയാണ് നിവിൻ.

പുതുതായി നിവിനെ നായകനാക്കി ധ്യാൻ ശ്രീനിവാസൻ വിനീത് കൂട്ടു കെട്ടിൽ സംവിധാനം ചെയ്യുന്ന ആദ്യ സിനിമായാണ് 'ലവ് ആക്ഷൻ ഡ്രാമ'. ചിത്രത്തിൽ നിവിൻ പോളിയാണ് നായകൻ. ഈ ചിത്രത്തിലേക്ക് തന്നെ കാസ്റ്റ് ചെയ്തപ്പോൾ വളരെയധികം സന്തോഷമായെന്നും തന്റെ ഗുരുവിനടുത്തേക്ക് തിരിച്ചു പോകുന്നത് പോലെയാണ് തനിക്ക് അനുഭവപ്പെട്ടതെന്നും നിവിൻ പറഞ്ഞു.

വിനീതാണ് എന്നെ സിനിമാ മേഖലയിലേക്ക് കൂട്ടി കൊണ്ടു വരുന്നത്. അതു കൊണ്ടു തന്നെ ആ അടുപ്പം ഞങ്ങൾ രണ്ടു പേർക്കുമുണ്ട്. വിനീതും ഞാനും സമപ്രായക്കാരായതു കൊണ്ട് ഒരുമിച്ച് വർക്ക് ചെയ്യുന്നതിന് ഒരു കംഫർട്ട് സോണും ഞങ്ങൾക്കിടയിൽ ഉണ്ടെന്ന് നിവിൻ പോളി പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നിവിന്റെ പ്രതികരണം.

ശ്രീനിവാസനെയും പാർവ്വതിയെയും നായിക നായകന്മ്മാരാക്കി 1989 ൽ പുറത്തിറങ്ങിയ 'വടക്കുനോക്കിയന്ത്രം' എന്ന ചിത്രത്തിൽ നിന്നും പ്രചോദനം ഉൾകൊണ്ട് നിർമ്മിക്കുന്ന ചിത്രമാണ് 'ലവ് ആക്ഷൻ ഡ്രാമ. ചിത്രത്തിലെ ദിനേശൻ- ശോഭ എന്ന പേരുകൾ 'ലവ് ആക്ഷൻ ഡ്രാമ'യ്ക്ക് വേണ്ടി ഉപയോഗിക്കുന്നു എന്നതിനപ്പുറത്തേക്ക് വടക്കുനോക്കിയന്ത്രവുമായി യാതൊരു ബന്ധവുമില്ലെന്നും ധ്യാനിന് ഏറെ ഇഷ്ടപ്പെട്ട സിനിമകളിൽ ഒന്നാണ് വടക്കുനോക്കിയന്ത്രമെന്നും അതുകൊണ്ടാണ് ആ ചിത്രത്തിലെ നായകന്റെയും നായികയുടെയും പേര് ധ്യാൻ സ്വീകരിച്ചതെന്നും നിവിൻ പറഞ്ഞു. അജുവർഗീസിന്റെ നിർമ്മാണത്തിൽ പുറത്തിറങ്ങുന്ന സിനിമയിൽ നായികയായി എത്തുന്നത് നയൻ താരയാണ്. സംഗീതം നിർവ്വഹിക്കുന്നത് ഷാൻ റഹ്മാനാണ്.