അബുദാബി / കാസറഗോഡ്: ഇറ്റലി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സാഹിത്യകാരന്മാരുടെ ഇന്റർനാഷണൽ റൈറ്റേഴ്‌സ് ക്യാപിറ്റൽ ഫൗണ്ടേഷൻ എന്ന അന്താരാഷ്ട്ര സംഘടനയുടെ യു.എ.ഇ ഡയറക്ടറായി മലയാളിയും കാസറഗോഡ് സ്വദേശിയുമായ സ്‌കാനിയ ബെദിരയെ തിരഞ്ഞെടുത്തു. ലോകമെമ്പാടുനിന്നുമുള്ള പ്രതിനിധികൾ ഉൾപ്പെടുന്ന ബോർഡിൽ ഒരു വിദേശരാജ്യത്തെ പ്രതിനിധാനം ചെയ്യുകയെന്ന അപൂർവനേട്ടമാണ് ഇതോടെ ഒരു മലയാളിക്ക് സ്വന്തമായിരിക്കുന്നത്.

സാഹിത്യത്തിലൂടെ വിവിധ രാജ്യങ്ങൾ തമ്മിലുള്ള സാംസ്‌കാരിക ബന്ധം വിപുലപ്പെടുത്തുകയും ഇതിലൂടെ ആഗോള സമാധാനത്തിനായി പ്രവർത്തിക്കുകയുമാണ് സംഘടനയുടെ മുഖ്യ ഉദ്ദേശം. മാനുഷിക മൂല്യങ്ങളെ സാഹിത്യസൃഷ്ടികളിലൂടെ ജനങ്ങളിലേക്കെത്തിക്കുകയെന്നതും സംഘടന വിഭാവനം ചെയ്യുന്നു. ഇത് കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണെന്ന് റൈറ്റേഴ്‌സ് ക്യാപിറ്റൽ ഫൗണ്ടേഷൻ സെക്രട്ടറി ജനറലും പ്രമുഖ ഇറ്റാലിയൻ സാഹിത്യകാരിയുമായ ഡോ. മരിയ മിറാഗ്ലിയ അഭിപ്രായപ്പെട്ടു.

സാഹിത്യരംഗത്തും ജീവകാരുണ്യപ്രവർത്തനങ്ങളിലും സ്വദേശികളിലും പ്രവാസികളിലും ഒരുപോലെ ശ്രദ്ധേയമായ വ്യക്തിത്വമാണ് ബെദിര എന്ന കൊച്ചു ഗ്രാമത്തിൽ തുരുത്തി അബ്ദുൾ റഹ്മാൻ ഹാജിയുടെയും ഹവ്വാ പൊട്ടക്കുളത്തിന്റെയും മകനായി ജനിച്ച സ്‌കാനിയ ബദിര. വായനയിലൂടെയും എഴുത്തിലൂടെയും ഏറെ ചെറുപ്പത്തിൽ തന്നെ സാഹിത്യ-ജീവകാരുണ്യ മേഖലയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സ്‌കാനിയ ഇരുപതു വർഷങ്ങൾക്ക് മുൻപാണ് ഒപ്റ്റോമെട്രിസ്റ്റായി യു.എ.ഇയിലെത്തിയത്.

ഭാര്യ :ഫോർട്ട് റോഡ് കുന്നിൽ ജാസ്മിൻ അഹ്മദ് ഹുസൈൻ, വിദ്യാർത്ഥികളായ ജറി ഷെഹ്‌സാദ്, മഹ്‌സൂം ലൈസ് മക്കളാണ്.

ഇരുപത്തേഴോളം രാജ്യങ്ങളിൽ നിന്നുള്ള അംഗങ്ങളുൾപ്പെട്ട സമിതിയാണ് സ്‌കാനിയയുടെ നാമനിർദ്ദേശം അംഗീകരിച്ചത്. സാഹിത്യത്തിലും ജീവകാരുണ്യപ്രവർത്തനങ്ങളിലുമുള്ള അദ്ദേഹത്തിന്റെ നേട്ടങ്ങൾ പരിഗണിച്ചാണ് ഈ അപൂർവ അംഗീകാരമെന്ന് പ്രശസ്തി പത്രത്തിൽ പറയുന്നു. ലോകരാജ്യങ്ങളിൽ അറബ് സാഹിത്യമേഖലയെ പ്രതിനിധാനം ചെയ്യുകയെന്നത് സുപ്രധാന ദൗത്യമാണെങ്കിലും അത് സന്തോഷത്തോടെ ഏറ്റെടുക്കുന്നുവെന്ന് പദവി ഏറ്റുവാങ്ങിക്കൊണ്ട് സ്‌കാനിയ ബെദിര പറഞ്ഞു.