മനാമ :കെ എസ് ആർ ടി സി ജീവനക്കാർ പെൻഷൻ കിട്ടാതെ ഓരോ ദിവസവും മരിക്കുന്നു.പട്ടിണി കിടന്നു മരിക്കുവാൻ ഭയമുള്ളതുകൊണ്ടാവും അവർ ആത്മഹത്യാ ചെയ്യുന്നത്.സാധാരണക്കാരുടെ പ്രശ്‌നങ്ങൾ മനസിലാക്കുവാനും പരിഹരിക്കുവാനും സാധിക്കാത്ത സർക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നത് എന്ന് ഐ വൈ സി സി ഭാരവാഹികൾ ആരോപിച്ചു.

ആഭ്യന്തര വകുപ്പ് അമ്പേ പരാജയമാണ് ,കേരളത്തിൽ ഭിക്ഷാടന മാഫിയ വളർന്ന് പന്തലിച്ച് സമൂഹത്തിനു തന്നെ ഭീഷണിയായി വരുന്നു.കുട്ടികളെ തട്ടി കൊണ്ട് പോകുന്നത് തുടർക്കഥയാകുന്നു.തുടർച്ചയായി ഒരേ സ്ഥലങ്ങളിൽ നിന്നും കുട്ടികളെ തട്ടി കൊണ്ട് പോകുവാനുള്ള ശ്രമം ഉണ്ടായിട്ടും പൊലീസ് നിഷ്‌ക്രിയമായി നോക്കി നിൽക്കുന്നു.ബഡ്ജറ്റിൽ തുക വകയിരുത്തുകയും ആ തുകകൊണ്ട് മന്ത്രിമാർ ആർഭാട ജീവിതം നയിക്കുകയും ചെയ്യുന്നു.മന്ത്രി മാർ പങ്കെടുക്കാത്തതുകൊണ്ട് മന്ത്രിസഭാ യോഗങ്ങൾ മാറ്റി വെക്കേണ്ടി വരുന്നു .ജനങ്ങളുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുവാൻ കൂടുന്ന മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുവാൻ സാധിക്കാത്തവർ മന്ത്രിമാരുടെ കസേരയിൽ ഇരിക്കുന്നതിന്റെ ഉദ്ദേശം മനസിലാകുന്നില്ല.

മുഖ്യമന്ത്രി ഇപ്പോഴും പാർട്ടി സെക്രട്ടറി എന്ന രീതിയിൽ പെരുമാറുന്നു .ഭരിക്കുവാൻ അറിയില്ലെങ്കിൽ രാജി വെച്ച് മറ്റെന്തെങ്കിലും തൊഴിൽ എടുത്ത് ജീവിക്കുന്നതാവും മന്ത്രിസഭയിലെ പല അംഗങ്ങൾക്കും നല്ലത് എന്ന് ഐ വൈ സി സി ഭാരവാഹികൾ അഭിപ്രായപ്പെട്ടു.നുണ പ്രചാരണങ്ങൾ നടത്തി ,ഇല്ലാത്ത അഴിമതിയുടെ കൂട്ട് പിടിച്ച് ജനങ്ങളെ പറ്റിച്ച് അധികാരത്തിൽ കയറിയ എൽ ഡി എഫ് സർക്കാർ എല്ലാ മേഖലയിലും പൂർണ്ണ പരാജയമാണ് .എല്ലാം ശരിയാക്കാം എന്ന് പറഞ് അധികാരത്തിൽ കയറിയിട്ട് എല്ലാ മേഖലയെയും താഴോട്ട് പിടിച്ച് വലിക്കുന്ന രീതിയിലാണ് സർക്കാരിന്റെ പ്രവർത്തനങ്ങളെന്നും അവർ ആരോപിക്കുന്നു.