മനാമ :കേരളത്തിലെ നിർധന കുടുംബത്തിലെ അമ്മമാരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ യൂത്ത് കൾച്ചരൽ കോൺഗ്രസ്സ് ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന 'അമ്മക്കൊരു കൈനീട്ടം പദ്ധതിക്ക് തുടക്കമായി. കഴിഞ്ഞ ദിവസം ബഹറിനിൽ വച്ച് ഐ വൈ സി സി സംഘടിപ്പിച്ച 'യൂത്ത് ഫെസ്റ്റ് 2014 'ന്റെ വേദിയിൽ വച്ച് യൂത്തുകൊൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി അനീഷ് വരിക്കണ്ണമലക്ക് ഐ വൈ സി സി വൈസ് പ്രസിഡന്റ് ഈപ്പൻ ജോർജ് കൈമാറി. യൂത്തുകൊൺഗ്രസ്സ് ദേശീയ ജനറൽ സെക്രട്ടറി അർദ്ധനാരി,ഐ വൈ സി സി പ്രസിഡന്റ് സി അജ്മൽ,ജനറൽ സെക്രട്ടറി ബിജു മലയിൽ, ചാരിറ്റി കൺവീനർ  ജിജോമോൻ മാത്യു എന്നിവർ സന്നിഹിതരായിരുന്നു.
             
 ഇന്ത്യൻ യൂത്തുകൊൺഗ്രസ്സ് കേരള ഘടകയുമായി സഹകരിച്ചാണ് പരിപാടി നടത്തുന്നത്. കേരളത്തിലെ 14 ജില്ലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന നിർധനരായ കുടുംബത്തിലെ അമ്മമാർക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക.ആദ്യ ഘട്ടമായി ഓരോ ജില്ലയിൽ നിന്നും ഒരാളെ വീതം തിരഞ്ഞെടുത്ത് ഓരോ മാസവും ഒരു നിശ്ചിത തുക നല്കും. വരും വർഷങ്ങളിൽ കൂടുതൽ ആളുകളിലെക്കും ഈ പദ്ധതി വ്യാപിപ്പിക്കുവാൻ ഉദ്ദേശിക്കുന്നതായി  ഭാരവാഹികൾ അറിയിച്ചു.

ഇന്ത്യൻ യൂത്ത് കോൺഗ്രസ്സും,ഐ വൈ സി സി ബഹ്‌റൈൻ ദേശീയ കമ്മറ്റിയും കൂടിയാണ് അർഹരായവരെ തിരഞ്ഞെടുക്കുക. വരുന്ന 5 വർഷത്തേക്ക് 'അമ്മക്ക് ഒരു കൈനീട്ടം 'പദ്ധതിയിലേക്ക് ആവശ്യമായ തുക സംഭാവനയായി നല്കിയിരിക്കുന്നത് ഐ വൈ സി സി ദേശീയ കമ്മറ്റി അംഗം ഷെഫീക് കൊല്ലമാണ് .