മനാമ: ഐ വൈ സി സി ബഹ്‌റൈൻ സ്പോർട്സ് വിങ് നടത്തിയ ഫുട്‌ബോൾ ടൂർണമെന്റിൽ യുവകേരള ചാമ്പ്യന്മാരായി. സൽമാബാദ് സ്റ്റേഡിയത്തിൽ നടന്ന മൽസരങ്ങളിൽ ബഹ്രൈനിലെ 8 പ്രമുഖ ടീമുകൾ പങ്കെടുത്ത വാശിയേറിയ മൽസരങൾക്കൊടുവിൽ ആയിരുന്നു യുവകേരള മനാമ എഫ് സിയെ പരാജയപ്പെടുത്തിയത്. യുവകേരളയുടെ അസ്ലം മികച്ച ഗോളിയായി തെരെഞ്ഞെടുക്കപ്പെട്ടു.

മനാമ എഫ് സിയുടെ ക്ലിന്റൻ കൂടുതൽ ഗോളടിച്ചതിനുള്ള സമ്മാനം നേടി. യുവകേരളയുടെ ഷംസീറിനെ മികച്ച പ്ലേയറായും തെരെഞ്ഞെടുത്തു. വിജയികൾക്കുള്ള ഐവൈസിസി ചാമ്പ്യൻസ് ട്രോഫി ബഹ്‌റൈൻ വോളിബോൾ താരം യൂസഫ് അൽ അലവി വിതരണം ചെയ്തു. നുനു എക്‌സ്‌ചേഞ്ച് സ്‌പോൺസർ ചെയ്ത കാഷ് അവാർഡ് നുനു സ്റ്റാഫുകളായ വൈശാഖ്, ജീവൻ എന്നിവർ ചേർന്ന് നൽകി.

റണ്ണറപ്പായ ടീമിനുള്ള ട്രോഫി ഐവൈസിസി പ്രസിഡന്റ് ഈപ്പൻ ജോർജ്ജും നൽകി. മികച്ച ഗോളിക്കുള്ള അവാർഡ് ഐവൈസിസി സെക്രട്ടറി അനസ് റഹീമും പ്ലേയർക്കുള്ള ട്രോഫി ട്രഷറർ ലിനു സാമും വിതരണം ചെയ്തു. സ്പോർട്സ് വിങ് കൺവീനർ ഷാബു ചാലക്കുടി, വിൻസു കൂത്തപ്പള്ളി, ഷബീർ മുക്കം, ജോജി തെക്കിനാട്ട്,ലാൽസൺ, അലൻ, രമേശ് രഘുനാഥൻ, ഷഫീക്ക് ചാലക്കുടി എന്നിവർ നേതൃത്വം നൽകി.