മനാമ: വൃക്കതകരാറിലായി ചികിത്സയിൽ കഴിയുന്ന മാവേലിക്കര മുനിസിപ്പൽ കൗൺസിലർ കൃഷ്ണകുമാരിയുടെ മകൻ ശരത്ത് നായർക്ക് ഐ വൈ സി സി സ്വാന്ത്വന സ്പർശം 2014 ൽ ഉൾപ്പെടുത്തി ചികിത്സാസഹായം കൈമാറി. ഐ വൈ സി സി മുഹരക് ഏരിയ ജനറൽ സെക്രട്ടറി ധനേഷ് എം പിള്ളയുടെ സഹപാഠിയും മാവേലിക്കര സ്വദേശിയുമാണ് ശരത്ത്. പഠനത്തിന് ശേഷം  ഷാർജയിൽ  ജോലിക്ക് പോയ ശരത്ത് പനിക്ക് ചികിത്സിക്കാനായി ആശുപത്രിയിൽ എത്തിയപ്പോഴാണ് രോഗ വിവരം അറിയുന്നത്.കഴിഞ്ഞ ഒരു വർഷമായി ഡയാലിസിസ് നടത്തി വരുകയാണ്. വൃക്ക മാറ്റിവെക്കുകയല്ലാതെ വേറെ പ്രതിവിധി   ഇല്ല  എന്നാണ് ശരത്തിനെ ചികിത്സിക്കുന്ന ഡോക്ടർന്മാർ അഭിപ്രായപ്പെടുന്നത്.

വൃക്ക  നല്കുവാൻ   അമ്മ തയാറാണെങ്കിലു ശസ്ത്രക്രിയക്കുള്ള  തുക കണ്ടെത്തുവാൻ കുടുംബം ബുദ്ധിമുട്ടുകയാണ്. ധനേഷ് എം പിള്ളയാണ് ഈ വിഷയം ഐ വൈ  സി  സി    ഭാരവാഹികളുടെ  ശ്രദ്ധയിൽ       പെടുത്തിയത്. അതിന്റെ അടിസ്ഥാനത്തിൽ ബഹ്‌റിനിലെ സന്മനസുകളുടെ സഹായത്തോടെയാണ് ഐ വൈ സി സി ചാരിറ്റി വിങ് ചികിത്സാസഹായം സമാഹരിച്ചത്.

യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് സി ആർ മഹേഷ് ശരത്തിന്റെ വീട്ടിലെത്തി ചികിത്സാസഹായം കൃഷ്ണകുമാരിക്ക് കൈമാറി. മാവേലിക്കര മുനിസിപ്പൽ ചെയർമാൻ കെ ആർ മുരളീധരൻ, ഐ വൈ സി സി ടുബ്ലി സല്മബാദ് ഏരിയ പ്രസിഡന്റ് ദിലീപ് ബാലകൃഷ്ണൻ, മുനിസിപ്പൽ കൗൺസിലർ കണ്ടിയൂർ അജിത്, കോൺഗ്രസ്സ് മണ്ഡലം ഭാരവാഹികളായ മടത്തിൽ ഷുക്കൂർ, ടിനിൻ വർഗീസ്, ജി മുരളീധരൻ എന്നിവർ സന്നിഹിതരായിരുന്നു. ശരത്തിന് സഹായ ഹസ്തവുമായി പല സംഘടനകളും ഇപ്പോൾ മുമ്പോട്ടു വരുന്നുണ്ട്.