തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനം നടത്തുന്ന അമേരിക്കൻ കമ്പനിയായ ഇഎംസിസിയുടെ പ്രതിനിധികളുമായി ചർച്ച നടത്തിയെന്ന് സമ്മതിച്ച് മന്ത്രി മേഴ്സിക്കുട്ടിയമ്മ. കമ്പനി പ്രതിനിധികളുമായി ചർച്ച നടത്തുന്നതിന്റെ ദൃശ്യങ്ങൾ ചെന്നിത്തല പുറത്തുവിട്ട സാഹചര്യത്തിലാണ് മന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്. ഇഎംസിസി സംഘത്തെ തിരുവനന്തപുരത്ത് വെച്ച് കണ്ടിരുന്നു. എന്താണ് സംസാരിച്ചതെന്ന് ഓർക്കുന്നില്ല. ന്യൂയോർക്കിൽ വെച്ച് ആരെയും കണ്ടിട്ടുമില്ല, ചർച്ച നടത്തിയിട്ടുമില്ല എന്നാണ് ഇന്നലെ പറഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തിൽ ഒരുപാട് പേർ വന്നു കണ്ടിട്ടുണ്ട്. ചർച്ചയിലല്ല, നയത്തിൽ നിന്നും വ്യതിചലിക്കുകയില്ല എന്നതിലാണ് കാര്യമെന്നും മേഴ്സിക്കുട്ടിയമ്മ പ്രതികരിച്ചു. പ്രതിപക്ഷ നേതാവ് ഇങ്ങനെ തരംതാഴുന്ന കാര്യങ്ങൾ പറയുന്നത് അത്ഭുതകരമാണ്. താനാണ് ഫിഷറീസ് നയം ഉണ്ടാക്കിയത്. എല്ലാ ട്രേഡ് യൂണിയനുംകളുമായും ചർച്ച ചെയ്താണ് നയത്തിന് രൂപം കൊടുത്തത്.

ആ നയത്തിൽ നിന്നും അണുവിട വ്യതിചലിക്കില്ല. പ്രതിപക്ഷ നേതാവ് എത്ര തലകുത്തി നിന്നാലും ഇത് ഉണ്ടയില്ലാ വെടിയായി പോകുമെന്നും മന്ത്രി പറഞ്ഞു. സ്പ്നയ്ക്കൊപ്പം ചെന്നിത്തല നിൽക്കുന്ന ചിത്രം പുറത്തുവന്നില്ലേ. സ്വപ്നയുമൊത്ത് ചെന്നിത്തലയുടെ ചിത്രമുള്ളതിനാൽ ചെന്നിത്തല സ്വർണം കടത്തിയെന്ന് പറയാനാവുമോ ?. ഇത്ര ചീപ്പാകാമോ പ്രതിപക്ഷ നേതാവെന്നും മേഴ്സിക്കുട്ടിയമ്മ ചോദിച്ചു.

ഒന്നും അറിഞ്ഞിട്ടില്ലെന്ന് ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ പറയുന്നത് ആരെ കബളിപ്പിക്കാനാണെന്ന് ചെന്നിത്തല ചോദിച്ചിരുന്നു. എന്തിനാണ് ചേർത്തലയിൽ നാലേക്കർ ഭൂമി അനുവദിച്ചത്, മുഖ്യമന്ത്രി അറിയാതെ ഇത്ര വലിയ പദ്ധതി മുന്നോട്ടുപോകുമോയെന്നും രമേശ് ചെന്നിത്തല ചോദിക്കുകയുണ്ടായി. താൻ ആരെയും കണ്ടിട്ടില്ല, ചർച്ച നടത്തിയിട്ടില്ല എന്നാണ് മന്ത്രി മേഴ്സിക്കുട്ടിയമ്മ ഇന്നലെ പറഞ്ഞത്. അതേസമയം അമേരിക്കൻ കമ്പനിയായ ഇഎംസിസിയുടെ ഡയറക്ടർ ഷിജു വർഗീസുമായി മന്ത്രി ചർച്ച നടത്തുന്നതിന്റെ ചിത്രങ്ങൾ പ്രതിപക്ഷ നേതാവ് പുറത്തുവിട്ടു. ഫിഷറീസ് വകുപ്പ് ജോയിന്റ് സെക്രട്ടറിയടക്കം ചർച്ചയിൽ പങ്കെടുത്തു. മന്ത്രി ക്ഷണിച്ചത് അനുസരിച്ചാണ് കേരളത്തിലെ ചർച്ച എന്നതിനുമുള്ള രേഖയും ചെന്നിത്തല പുറത്തുവിട്ടു.

പ്രതിപക്ഷ നേതാവിന്റെ മാനസിക നില തകരാറിലായെന്നാണ് മേഴ്സിക്കുട്ടിയമ്മ പറഞ്ഞത്. നേരത്തെ സ്പ്രിൻക്ലർ കരാർ, ഇ മൊബിലിറ്റി തട്ടിപ്പ് അടക്കം പുറത്തു കൊണ്ടുവന്നപ്പോഴും മുഖ്യമന്ത്രിയും ഇങ്ങനെ തന്നെയാണ് അഭിപ്രായപ്പെട്ടത്. എന്നാൽ താൻ ഉന്നയിച്ച കാര്യങ്ങളെല്ലാം ശരിയാണെന്ന് സംസ്ഥാനത്തെ ജനങ്ങൾക്ക് ബോധ്യപ്പെട്ടു. പിണറായി വിജയനോടൊപ്പം അഞ്ചുവർഷക്കാലം സഹകരിച്ചു പ്രവർത്തിച്ചതിനാലാകും വി എസ് ഗ്രൂപ്പുകാരി ആയിട്ടും മേഴ്സിക്കുട്ടിയമ്മയ്ക്ക് പിണറായിയുടെ ഭാഷ പകർന്നു കിട്ടിയതെന്നും ചെന്നിത്തല പറഞ്ഞു.

വ്യവസായ മന്ത്രി ഇ പി ജയരാജനും ഈ കരാറിനെക്കുറിച്ച് അറിയാമെന്ന് ചെന്നിത്തല പറഞ്ഞു. മന്ത്രി ക്ഷണിച്ചിട്ടാണ് വന്നതെന്ന് യുഎസ് കമ്പനി പ്രതിനിധികൾ വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രി മേഴ്സിക്കുട്ടിയമ്മയെ ന്യൂയോർക്കിൽ കണ്ടിരുന്നുവെന്ന് ഇഎംസിസി വൈസ് പ്രസിഡന്റ് ജോസ് ഏബ്രഹാം അറിയിച്ചിരുന്നു. പദ്ധതിക്കായി ശരവേഗത്തിലാണ് നടപടികൾ പുരോഗമിച്ചത്. 2021 ഫെബ്രുവരി മൂന്നിന് പള്ളിപ്പുറത്ത് നാലേക്കർ സ്ഥലം അനുവദിച്ചുകൊണ്ട് കെഎസ്ഐഡിസി ഉത്തരവിട്ടു. ഇത് ഫിഷറീസ് മന്ത്രിയും വ്യവസായ മന്ത്രിയും അറിയാതെയാണോ എന്ന് ചെന്നിത്തല ചോദിച്ചു.

ചട്ടങ്ങൾ അട്ടിമറിച്ച് കേരളതീരത്ത് മത്സ്യബന്ധനത്തിനുള്ള 5324.49 കോടി രൂപയുടെ പദ്ധതിക്ക് അമേരിക്കൻ കമ്പനിയുമായി സംസ്ഥാന സർക്കാർ ധാരണാപത്രം ഒപ്പിട്ടവെന്നാണ് കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല ആരോപിച്ചത്. ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ന്യൂയോർക്കിൽ പോയി ചർച്ച നടത്തിയെന്നും ഇഎംസിസി ഗ്ലോബൽ കൺസോർഷ്യം എന്ന കമ്പനിയെ കേരളത്തിലേക്കു ക്ഷണിച്ചെന്നുമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണം ഉന്നയിച്ചത്.