- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടയലേഖനത്തിൽ പറഞ്ഞിട്ടുള്ള പല കാര്യങ്ങളും അടിസ്ഥാന രഹിതവും വസ്തുത വിരുദ്ധവും; കൊല്ലം രൂപതയുടെ ഇടയലേഖനത്തിനെതിരെ ജെ മെഴ്സിക്കുട്ടിയമ്മ; കോൺഗ്രസുകാർ പ്രചരിപ്പിക്കുന്ന തെറ്റായ കാര്യങ്ങൾ ഔദ്യോഗിക രേഖപോലെ വന്നിരിക്കുകയാണെന്നും ഫിഷറീസ് മന്ത്രി
കൊല്ലം: കൊല്ലം രൂപതയുടെ ഇടയലേഖനത്തിനെതിരെ ഫിഷറീസ് മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മ. മത്സ്യബന്ധന മേഖലയെ ഇല്ലായ്മചെയ്യാനും കുത്തകകൾക്ക് വിൽക്കാനുമുള്ള ശ്രമം നടക്കുന്നതായി ആരോപിക്കുന്ന ഇടയലേഖനം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതെന്ന് മന്ത്രി പറഞ്ഞു. അടിസ്ഥാന രഹിതമായ ഇടയലേഖനം എഴുതിയത് ആർക്കുവേണ്ടിയാണെന്ന് സഭ വ്യക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഇടയലേഖനം സഭ തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
എന്താണ് ഇത്കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് സഭയാണ് വ്യക്തമാക്കേണ്ടത്. ഇടയലേഖനത്തിൽ പറഞ്ഞിട്ടുള്ള പല കാര്യങ്ങളും അടിസ്ഥാന രഹിതവും വസ്തുത വിരുദ്ധവുമാണ്. കോൺഗ്രസുകാർ പ്രചരിപ്പിക്കുന്ന തെറ്റായ കാര്യങ്ങൾ ഔദ്യോഗിക രേഖപോലെ വന്നിരിക്കുകയാണ്. ഈ വിഷയത്തിലുള്ള ധാരണക്കുറവ് കാരണമോ രാഷ്ട്രീയമായ താൽപ്പര്യം കാരണമോ ആവാം ഇത്.
യുഡിഎഫിന് വേണ്ടി എന്തിന് സഭ സംസാരിക്കണം എന്നാണ് തന്റെ ചോദ്യം. കൊല്ലം ജില്ലയിലെ ചരിത്രത്തിൽ ഇന്നേവരെ ഒരു ബിഷപ്പുമാരും അന്ധമായ രാഷ്ട്രീയ ഇടപെടൽ നടത്തിയിട്ടില്ല. ഒരുപാട് വിശ്വാസികളും തന്നെ വിളിക്കുന്നുണ്ട്. ഫിഷറീസ് ആക്ടിനെ അടിസ്ഥാന രഹിതമായാണ് വ്യാഖ്യാനിക്കുന്നത്. സഭ ഈ നിലപാട് പുനഃപരിശോധിക്കും എന്നാണ് വിശ്വാസം. ഗവൺമെന്റ് ചെയ്യുന്ന തെറ്റായ കാര്യങ്ങളെ വിമർശിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. ഇല്ലാത്ത കാര്യങ്ങൾ ഉണ്ടെന്ന് നടിച്ച് അതിന്റെ പേരിൽ പ്രചാരവേല നടത്തുന്നത് ധാർമികമായി ശരിയാണോ എന്ന് അതിറക്കിവർ തന്നെ പരിശോധിക്കണമെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
ഞായറാഴ്ച പള്ളികളിൽ വായിച്ച ലേഖനത്തിൽ മത്സ്യബന്ധന മേഖലയെ ഇല്ലായ്മചെയ്യാനും കുത്തകകൾക്ക് വിൽക്കാനുമുള്ള ശ്രമം നടക്കുന്നതായി കുറ്റപ്പെടുത്തുന്നു. അഴക്കടൽ വിവാദത്തിലെ ചതിയാണ് ഇടയലേഖനത്തിൽ നിറയുന്നത്. കൊല്ലത്തെ രൂപതാ വോട്ടുകൾ കോൺഗ്രസിന് ലഭിക്കുമെന്ന സൂചനയാണ് ഇത്. അങ്ങനെ വന്നാൽ ചവറയിലും കുണ്ടറയിലും കരുനാഗപ്പള്ളിയിലും എല്ലാം ലത്തീൻ വോട്ടുകളുടെ മാറ്റം ഫലത്തെ സ്വാധീനിക്കും.
ഇ.എം.സി.സി. കരാർ പിൻവലിച്ചത് ശക്തമായ എതിർപ്പിനെ തുടർന്നാണ്. കോർപ്പറേറ്റുകൾക്കും സ്വകാര്യ കുത്തകകൾക്കും മേൽക്കൈ നൽകി മത്സ്യമേഖലയെ തകർക്കാനുള്ള നിയമനിർമ്മാണം നടന്നുകഴിഞ്ഞു. ടൂറിസത്തിന്റെയും വികസനത്തിന്റെയും പേരുപറഞ്ഞ് പരമ്പരാഗത മത്സ്യത്തൊഴിലാളി മേഖലകളെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അത്തരം നയങ്ങളും തീരുമാനങ്ങളും ഏതുസർക്കാർ കൈക്കൊണ്ടാലും എതിർക്കപ്പെടേണ്ടതാണെന്ന് ഇടയലേഖനത്തിൽ പറയുന്നു.
മത്സ്യത്തൊഴിലാളികൾക്ക് മാത്രമായി ഉണ്ടായിരുന്ന ഭവനനിർമ്മാണ പദ്ധതി ലൈഫ് മിഷനിൽ കൂട്ടിച്ചേർത്ത് ആനുകൂല്യങ്ങൾ ഇല്ലാതാക്കിയതായും വിമർശനമുണ്ട്. കേരളത്തിന്റെ സൈന്യത്തെ മുക്കിക്കൊല്ലുന്ന നയങ്ങൾക്കും നിയമങ്ങൾക്കും ഭരണവർഗം കൂട്ടുനിൽക്കുകയാണെന്ന അതിരൂക്ഷമായ വിമർശനമാണ് കോൺഗ്രസിന് എതിരെ ഉയർത്തുന്നത്. സംസ്ഥാനത്തെ തീരങ്ങളിൽ ഉടനീളം ഈ പ്രചരണം സ്വാധീനം ചെലുത്തിയാൽ സിപിഎമ്മിന്റെ ഭരണ തുടർച്ചെന്ന ലക്ഷ്യത്തിനും തിരിച്ചടിയാകും. ലത്തീൻ സഭയെ കൂടെ നിർത്താൻ എറണാകുളത്ത് സഭയുടെ പ്രതിസന്ധിയെ സിപിഎം സ്ഥാനാർത്ഥിയുമാക്കിയിരുന്നു. എന്നാൽ മറ്റ് രൂപതകളിൽ ഇത് സ്വാധീനമുണ്ടാക്കിയില്ലെന്നാണ് ഇപ്പോഴത്തെ ഇടയലേഖനം വ്യക്തമാക്കുന്നത്.
ബ്ലൂ ഇക്കോണമി എന്ന പേരിൽ കടലിൽ ധാതുവിഭവങ്ങൾ കണ്ടെത്തുന്നതിന് ഖനനാനുമതി നൽകി കേന്ദ്രസർക്കാരും മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുകയാണ്. മത്സ്യത്തൊഴിലാളികളെ തകർക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയുകയും പ്രതിരോധിക്കുകയും ചെയ്യുന്നത് നിലനിൽപ്പിന്റെ പ്രശ്നമാണെന്നും ഇടയലേഖനം ചൂണ്ടിക്കാണിക്കുന്നു. വനവാസികൾക്ക് വന അവകാശമുള്ളതുപോലെ കടലിന്റെ മക്കൾക്ക് കടൽ അവകാശം വേണമെന്നും ലേഖനത്തിൽ ആവശ്യപ്പെടുന്നുണ്ട്. ഫലത്തിൽ സിപിഎം-ബിജെപി മുന്നണികൾക്ക് വേണ്ടി ചെയ്യേണ്ടെന്ന സന്ദേശമാണ് ഇടയലേഖനത്തിൽ നിറയുന്നത്.
ടൂറിസത്തിന്റെയും വികസനത്തിന്റെയും പേര് പറഞ്ഞ് പരമ്പരാഗത മത്സ്യത്തൊഴിലാളി മേഖലകളെ തകർത്തെറിയാനാണ് ശ്രമം. അത്തരം നയങ്ങളും തീരുമാനങ്ങളും ഏതു സർക്കാർ കൈക്കൊണ്ടാലും എതിർക്കപ്പെടേണ്ടതാണ്. മത്സ്യത്തൊഴിലാളികളെ തകർക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയുകയും പ്രതിരോധിക്കുകയും ചെയ്യുന്നത് നിലനിൽപ്പിന്റെ പ്രശ്നമാണെന്ന് പറയുന്ന ഇടയ ലേഖനം സിപിഎമ്മന് അക്ഷരാർത്ഥത്തിൽ തിരിച്ചടിയാണ്. കൊല്ലത്തെ തീരമേഖലകളിൽ ഇത് ചലനമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.
മറുനാടന് മലയാളി ബ്യൂറോ