തിരുവനന്തപുരം: മലയാളം ചാനൽ ചർച്ചകളിൽ ബിജെപിയെ പ്രതിരോധിക്കുന്ന മുഖമാണ് ജെ ആർ പത്മകുമാറിന്റെത്. മിക്ക ചാനലുകളിലും ബിജെപിയുടെ അഭിപ്രായം പറയാൻ പത്മകുമാർ എത്താറുണ്ട്. എന്നാൽ പലപ്പോവും ചർച്ചയിൽ വിവരക്കേട് വിളിച്ചു പറയുന്നതിനാൽ അദ്ദേഹത്തോടെ ബിജെപി നേതാക്കളിൽ നിന്നു തന്നെ എതിർപ്പുയർന്നിരുന്നു. ഇപ്പോഴിതാ ഈ എതിർപ്പ് ചാനൽ ചർച്ചകളിൽ വിലക്കേർപ്പെടുത്തിയെന്ന വിധത്തിലേക്ക് കാര്യങ്ങൾ എത്തിച്ചിരിക്കുന്നത്.

മതിയായ പഠനമില്ലാത ചാനൽ ചർച്ചകളിൽ വിവരക്കേട് വിളിച്ച് പറഞ്ഞ് പാർട്ടിയെ നാണം കെടുത്തുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്നാണ് റിപ്പോർട്ട്. ചർച്ചകളിൽ വേണ്ടത്ര നിലവാരം പുലർത്താത്തതിനെ തുടർന്ന് പത്മകുമാറിനെ മാറ്റിനിർത്തണമെന്ന് ആർ.എസ്.എസ്. നേരത്തെ തന്നെ പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും പാർട്ടി നേരിട്ടാവശ്യപ്പെടാതെ പിന്മാറില്ലെന്ന് നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു പത്മകുമാർ.

ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ ചാനൽ ചർച്ചകളിൽ പങ്കെടുക്കരുതെന്നാണ് പത്മകുമാറിന് നൽകിയിരിക്കുന്ന നിർദ്ദേശം. സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖർ നേരിട്ട് പത്മകുമാറിനെ തീരുമാനം അറിയിക്കുകയായിരുന്നു. കഴിഞ്ഞ ഒരു വർഷമായി പത്മകുമാറിന്റെ ചർച്ചകളിലെ പ്രതികരണങ്ങൾക്കെതിരെ പാർട്ടിക്കുള്ളിൽ നിന്നു തന്നെ പ്രതിഷേധം ഉയർന്നിരുന്നു. അദ്ദേഹത്തിന്റെ പല വാദങ്ങളും പ്രതിരോധിക്കാൻ സാധിക്കാത്തതാണെന്നായിരുന്നു അണികളും നേതാക്കളും ആരോപിച്ചിരുന്നത്.

സ്‌കൂളുകളിൽ ദീൻദയാൽ ജന്മശതാബ്ദി ആഘോഷിക്കണമെന്ന കേന്ദ്ര നിർദ്ദേശവുമായി ബന്ധപ്പെട്ട് മനോരമ ചാനലിൽ നടന്ന ചർച്ചയാണ് പത്മകുമാറിനെതിരെയുള്ള ആർ.എസ.എസ് ആരോപണത്തിന് ശക്തി പകർന്നത്. ഇതേ ചർച്ചയിൽ ന്യൂസ് 18 ചാനലിലും ചർച്ചയിൽ അദ്ദേഹം പങ്കെടുത്തിരുന്നു. ഈ ചർച്ചയിയിൽ അദ്ദേഹം നടത്തിയ പരാമർശങ്ങളാണ് അദ്ദേഹത്തിന് തന്നെ വിനയായി മറിയത്.

ന്യൂസ് 18 ചർച്ചയിൽ വാദം മുറുകവേ സാവർക്കർ 6 തവണ ബ്രിട്ടീഷുകാർക്ക് മാപ്പെഴുതി കൊടുത്തിട്ടുണ്ടെന്നാണ് പത്മകുമാർ പറഞ്ഞത്. ഇങ്ങനെ മാപ്പെഴുതി കൊടുക്കുന്നതും ഒരു സമരത്തിന്റെ ഭാഗമാണെന്നാണ് അദ്ദേഹം വിശദീകരിച്ചത്. ഒരു തവണ മാപ്പെഴുതിക്കൊടുത്ത് ജയിലിൽ നിന്ന് ഇറങ്ങി ബ്രിട്ടീഷുകാർക്ക് എതിരെ പോരാടുകയായിരുന്നു. ഇതോടെ ബ്രിട്ടീഷുകാർ വീണ്ടും ജയിലിൽ ഇടുമെന്നുമായിരുന്നു പത്മകുമാറിന്റെ വാദങ്ങൾ. ഇങ്ങനെ ബ്രിട്ടീഷുകാരെ മണ്ടനാക്കിയെന്ന വാദം പത്മകുമാർ ചാനൽ ചർച്ചയിൽ ഉന്നയിച്ചതോടെ സംഘപരിവാറുകാർ പോലും നേതാവിനെതിരെ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തി.

അതേസമയം മനോരമ ന്യൂസ് ചാനലിന്റ ചർച്ചയിൽ പങ്കെടുത്ത പത്മകുമാറിന്റെ അഭിപ്രായങ്ങളും ഏരെ വിവാദങ്ങൾക്ക് വഴിവെച്ചു. രാഷ്ട്ര നിർമ്മാണത്തിൽ ദീനദയാൽ ഉപാധ്യായ വഹിച്ച പങ്ക് എന്താണെന്നാണ് കേരളത്തിലെ കുട്ടികൾ പഠിക്കേണ്ടത് എന്ന അവതാരിക ഷാനിയുടെ ചോദ്യത്തിനുള്ള മറുപടി പറഞ്ഞ പത്മകുമാർ വിചിത്രമായ വാദങ്ങളാണ് ഉന്നയിച്ചത്.

ഇതിന് മറുപടിയായി ദീനദയാൽ ഉപാധ്യായയുടെ ആശയങ്ങളിൽ നിങ്ങൾക്കുള്ള എതിർപ്പ് എന്താണ് എന്ന ചോദ്യത്തോടെയാണ് ജെആർ പത്മകുമാർ പ്രതികരിച്ചത്. തുടർന്ന് ഇന്ത്യയുടെ രാഷ്ട്രനിർമ്മാണത്തിൽ കാറൽ മാർക്‌സ് ചെയ്ത കാര്യങ്ങൾ എന്തായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു. മാർക്‌സിയൻ ഫിലോസഫി ഇവിടെ പഠിക്കുന്നില്ലെന്നില്ലേയെന്നും പത്മകുമാർ ചോദിച്ചതോടെ ചർച്ചയ്ക്ക് പങ്കെടുക്കാനെത്തിയവരിൽ ചിരി വിടരാൻ തുടങ്ങി.

അപ്പോൾ, മറ്റു ആരെയും അധിക്ഷേപിക്കാതെ താങ്കൾക്ക് നേരീട്ട് താങ്കളുടെ രാഷ്ട്രീയ നേതാവിന്റെ പങ്കാളിത്തം എന്താണെന്ന് വിശദീകരിക്കാനുള്ള അവസരമാണ് താങ്കൾ മുസ്ലിം ലീഗിനെയും കാറൽ മാർക്‌സിനെയും പഴി ചാരി നഷ്ടപ്പെടുത്തി കൊണ്ടിരിക്കുന്നതെന്ന് ഷാനി പത്മകുമാറിനെ ഓർമ്മിപ്പിച്ചു. ഭാരതത്തിന്റേതായ ഒരു തത്വസംഹിത ക്രോഡീകരിച്ചയാളാണ് ദീനദയാൽ ഉപാധ്യായയെന്നായിരുന്നു അതിനുള്ള പത്മകുമാറിന്റെ മറുപടി.

പിന്നേയും മുന്നോട്ട് കത്തിക്കയറിയ പത്മകുമാർ, ഒരു രാജ്യം സ്വതന്ത്രമാകുന്നത് എങ്ങനെയാണ്, ബ്രിട്ടിഷുകാർ ഇവിടെ ഭരിച്ചു. ഇതിനെക്കാൾ നന്നായിട്ട് സോവിയറ്റ് യൂണിയനോ ചൈനയോ ഇവിടെ വന്ന് ഭരിച്ചാൽ എല്ലാവർക്കും സുഖജീവിതം നൽകിയാൽ എല്ലാം സുഗമമാകുമോയെന്നും ചോദിച്ചു. സ്വാതന്ത്ര്യസമരത്തെ ചർച്ചയിലേക്ക് പത്മകുമാർ തന്നെ കൊണ്ടു വന്നതോടെ അവതാരികയും മറ്റ് പാനൽ അംഗങ്ങളും ആവേശഭരിതരായി.

സ്വാതന്ത്ര സമരം ചെയ്ത് ഈ രാജ്യത്തിൽ നിന്ന് അവരെ തുരുത്തിയോടിച്ചത് ആരാണ് എന്നായി അവതാരകയുടെ ചോദ്യം. ഇന്ത്യയിലെ ജനങ്ങൾ എന്നായിരുന്നു അതിനുള്ള പത്മകുമാറിന്റെ മറുപടി. തൊട്ടു പിന്നാലെ അതിനെ ഒറ്റിയത് ആരായെന്നായിരുന്നു എന്നും പത്മകുമാർ ചോദിച്ചു. തീർന്നില്ല, കമ്യൂണിസ്റ്റുകാർക്ക് സ്വാതന്ത്ര്യ സമരത്തിൽ എന്ത് പങ്കാണ് ഉള്ളതെന്നും ബ്രിട്ടീഷുകാരുടെ കാശ് വാങ്ങി ഒറ്റിയത് കമ്യൂണിസ്റ്റുകാരണെന്നുമൊക്കെ പത്മകുമാർ തട്ടി വിടാൻ തുടങ്ങി. 1963 ലെ റിപ്പബ്ലിക് പരേഡിൽ പങ്കെടുത്ത ഏക രാഷ്ട്രീയ പ്രസ്ഥാനം രാഷ്ട്രീയ സ്വയം സേവക സംഘമാണ് നെഹ്‌റുവാണ് പങ്കെടുപ്പിച്ചതെന്നും പത്മകുമാർ പറഞ്ഞു. സ്വാതന്ത്യസമരത്തിൽ പങ്കെടുത്തുവെന്ന കാരണത്താൽ ബ്രിട്ടിഷുകാരോട് മാപ്പ് അപേക്ഷിച്ച നേതാവ് ഏത് സംഘടനയിലാണ് എന്ന് അവതാരികയുടെ മറുചോദ്യം വന്നതോടെ അതുവരെ ചിരിയടക്കി നിന്ന പാനൽ അംഗങ്ങൾ പോലും പിടി വിട്ട് ചിരിക്കാൻ തുടങ്ങിയ അവസ്ഥയുണ്ടായി.