ഭരണ അധികാര ആരോഹണ- അവരോഹണങ്ങൾ

താണ്ട് മുപ്പതു കൊല്ലമായി പഠിക്കുന്ന വിഷയമാണ് ഭരണ -അധികാര പ്രകിയയും അവയെ എങ്ങനെ ആരൊക്കെ പ്രഭാവം ചിലത്തുന്നു എന്നും. ഏതാണ്ട് ഇരുപതുകൊല്ലമായി ജോലിയുടെ ഭാഗമായും ഒരു പാർട്ടിസിപ്പെന്റ് ഒബ്‌സർവേർ ആയും സർക്കാരുകളെ അടുത്തു നിന്നുപഠിക്കുവാൻ അവസരം കിട്ടിയിട്ടുണ്ട്. പല രാജ്യങ്ങളിൽ. ഇന്ത്യയിലും കേരളത്തിലും

അതിൽ നിന്ന് മനസ്സിലായ കാര്യങ്ങൾ :

ആരോഹണം

1) ഹണി മൂൺ പീരീഡ് (ആദ്യ ആറു മാസം )

ഭരണത്തിൽ കയറിയതിന്റെ സന്തോഷം. പ്രത്യാശ വാഗ്ദാനങ്ങൾ. ഭരണത്തിലും അധികാരത്തിലും ചില മൂല്യങ്ങൾ കാത്തു സൂക്ഷിക്കും. നിയമനങ്ങൾ എല്ലാം സമവായത്തിൽ. പുതിയ കാര്യങ്ങൾ ചെയ്യാൻ ഊർജം.

വലിയ വണ്ടി, കൂടുതൽ പൊലീസ് സന്നാഹം ഒന്നും ഇല്ല. പത്രങ്ങൾക്കും മാധ്യമങ്ങൾക്കും പരസ്യം ഇഷ്്ടം പോലെ. മാധ്യമക്കാർ സർക്കാരിനെയും മന്ത്രിമാരെയും വാഴ്‌ത്തും. എല്ലാരും സന്തോഷത്തിൽ

2) അക്കോമഡെഷൻ പീരീഡ്

പഴയ സർക്കാരിന് ഉദ്ഘാടനം ചെയ്യാൻ പറ്റാത്തത് എല്ലാം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്തു സന്തോഷിക്കും. സർക്കാർ അധികാര സന്നാഹങ്ങൾ സജീവമാകും. വേണ്ടപെട്ടവരെ കോർപ്പറേഷൻ /കമ്മീഷൻ, പേർസണൽ സ്റ്റാഫ്, ഉപദേശിമാർ അങ്ങനെ അക്കോമ്മഡേറ്റ് ചെയ്യും.

പാർട്ടിക്കാരും പത്രക്കാരും ഹാപ്പി.

3). ഭരണ ഘട്ടം (രണ്ടാം കൊല്ലം )

രണ്ടാം കൊല്ലത്തെ ബജറ്റ് തൊട്ടാണ് യഥാർത്ഥത്തിൽ ഭരണം സജീവമാകുന്നത്. പുതിയ പോളിസികൾ, പുതിയ പ്രൊജക്റ്റ്, നാട്ടിൽ എല്ലാം ഓടി നടന്ന് ഉദ്ഘാടനം. പുതു പുത്തൻ കാറുകൾ. കൂടുതൽ പൊലീസ് അകമ്പടി. അധികാരം സന്നാഹങ്ങൾ. വിദേശ യാത്രകൾ.

4). അധികാര ശുക്ര ദിശ ( മൂന്നാം കൊല്ലം )

രണ്ടര കൊല്ലം കഴിയുമ്പോഴേക്കും സ്തുതി പാഠകരും മന്ത്രിമാർക്ക് ചുറ്റും കൂടി അവർക്ക് സ്തുതി ഗീതം പാടി തുടങും. മന്ത്രി അധികാരികളുടെ ഈഗോ ബലൂൺ വീർത്തു തുടങും. അരഗന്‌സ് അത് തുടർന്ന് ക്ഷമ കുറയും. അധികാര അഹങ്കാരം കൂടും.

ഈ ഘട്ടത്തിൽ പവർ പാരസൈറ്റുകൾ പയ്യാരം പറഞ്ഞു കൂടും. പി ആർ കൂടും. അധികാര ഇതിക്കണ്ണികൾ കൂടും. ഭരണ അധികാരം ആസ്വദിക്കും. വിദേശ യാത്രകൾ കൂടും. ആളുകൾ പിന്നെ അവരെ കാണുന്നത് ടി വി യിൽ ആയിരിക്കും

പണ്ട് കൂടെ ഉണ്ടുറങ്ങിവരും ഇലക്ഷൻ ഫണ്ട് കൊടുത്തവരും വിളിച്ചാൽ 'മിനിസ്റ്റർ ബിസി 'ആണെന്നു ഗൺമനോ, പി ഏ യൊ വിളിച്ചു പറയും. പുതിയ പണക്കാരും ഇഷ്ടക്കാരും കൂടും. ഡീലൂകൾ നടത്തും . പുതിയ ദല്ലാൾമാർ വിവിധ വേഷങ്ങളി ലും അവതരങ്ങളിലും ഭരണ അകത്തളങ്ങളിൽ കയറും.

മൊത്തത്തിൽ അധികാരം അർമാദ അഹങ്കാരങ്ങൾ കൂടുന്നത് 2.5 വർഷം മുതൽ 4 വർഷം വരെയാണ്..
ആ സമയത്ത് പി ആർ, സോഷ്യൽ മീഡിയ ടീം ക്യാപ്സൂൾ എല്ലാം സുലഭം.

അപ്പോഴേക്കും ഇനിയും ഭരിച്ചു സുഖിക്കണം എന്ന ആഗ്രഹം അദമ്യമാകും.

അവരോഹണം

5) ശനി പ്രതിരോധം ദിശ

അധികാര അർമാദ അഹങ്കാര ഘട്ടത്തിൽ അധികാര മാളിക മുകളിൽ കയറി വിരാജിച്ചു ' ഞാൻ ആരാ മോൻ ' എന്ന് സ്വയവും പത്ര മാധ്യമങ്ങൾ ചാണക്യൻ എന്നും മഹാൻ എന്നും വിളിച്ചു തുടങ്ങിയാൽ പിന്നെ ശനിയുടെ ആരംഭമാണ്.

അപ്പോഴേക്കും മാളിക മുകളിൽ ഏറിയ മന്നന്റെ തോളിൽ മാറാപ്പ് കേറിയിരിക്കും. ഭരണ അധികാര അകത്തളങ്ങളിൽ ഉണ്ടായ രഹസ്യ ഡീലുകൾ അങ്ങാടിയിൽ പട്ടാകും. കാൽ വിദ്യയും മുക്കാൽ തട്ടിപ്പും മാധ്യമങ്ങൾ വിളിച്ചു കൂവും

കാര്യങ്ങൾ കൈവിട്ടു പോകുമ്പോൾ ക്ഷമ പോകും കോപം കൂടും മാധ്യമങ്ങളെ തെറി വിളിച്ചു സൾക്കു ചെയ്യും. വീണത് വിദ്യയാക്കും. രാപ്പകൽ ക്യാപ്സൂൾ ഫാക്റ്ററികൾ സജീവമാകും.

ബലിയാടുകളെ ചൂണ്ടിക്കാണിച്ചു തടി തപ്പാൻ നോക്കും.മറ്റുള്ളവരുടെ കുറ്റങ്ങൾ കണ്ടു പിടിക്കും. തമ്മിൽ ഭേദം തൊമ്മൻ കഥ പറയും.

പിന്നെ തിരഞ്ഞെടുപ്പിൽ വെള്ളം കുടിച്ചു വിശ്രമിച്ചു ആശ്വസിക്കാം.

അധികാരമെന്ന അഗ്‌നി

അധികാരം ഏറ്റവും കുറച്ചു മോഡേറേറ്റായി ഉപയോഗിക്കുന്നവരാണ് അതിനെ മെരുക്കുന്നത്. തീയെ മെരുക്കുന്നത് പോലെ.

ഏത് അധികാരവും തീ പോലെയാണ് ദൂരെ നിന്ന് നോക്കുമ്പോൾ മനോഹരം. അത് ആഹാരം പാചകം ചെയ്യാനും, അത് പോലെ ശൈത്യത്തിൽ ചൂട് ഏകാനും നല്ലതാണ്. തീയില്ലാതെ മനുഷ്യന് ജീവിക്കാൻ സാധ്യമല്ല.

അതിൽ കൂടുതൽ ആകർഷിച്ചു അതിനെ വച്ചു അമിട്ട് പൊട്ടിച്ചാലും പൂത്തിരി കത്തിച്ചാലും എല്ലാവരും കൈ കോട്ടും. കരിമരുന്ന് പ്രയോഗം കലയാണ്.

പക്ഷെ തീയെ സൂക്ഷില്ലെങ്കിൽ കൈ പൊള്ളും. ചിലപ്പോൾ കത്തിപോകും. ചിലപ്പോൾ എല്ലാം നശിപ്പിക്കും. ചുട്ട് ചാമ്പലാക്കും. പൊടി പോലും കാണില്ല.

അധികമായാൽ അമൃതും വിഷം

ഏതൊരു ഭരണ അധികാരിയുടെയും ഏറ്റവും നല്ല നേതൃത്വ ഗുണം ഒരു ഒപ്റ്റിമം കഴിഞ്ഞാൽ തിരിഞ്ഞു കൊത്തും. ഒരാളുടെ ഏറ്റവും നല്ല ഗുണങ്ങൾ അളവിൽ കൂടി യാൽ ആപത്താകും. മരുന്ന്കൾ ഓവർ ഡോസ് ആയാൽ ടോക്‌സിക്ക് ആകും.

ഏറ്റവും നല്ല കമാൻഡ് കൺട്രോൾ എഫിഷൻസി മിടുക്ക് കൂടി കൺവെയർ ബെൽറ്റിൽ ഒന്ന് പൊട്ടിയാൽ എഫിഷ്യൻസി വിനയാകും.

എത്ര നല്ല അമൃതു പോലുള്ള ആളാണെങ്കിലും വിശ്വസിച്ചു മോഡറേഷൻ വിട്ടാൽ കാര്യങ്ങൾ കൈവിട്ടു പോകും.

അധികാരം വിനിയോഗം ആരംഭ ശൂരത്വമോ അവസാന ലാപ്പിലെ സ്പ്രിംറ്റോ അല്ല. അത് മാരത്തോണാണ്.

മാരത്തോണിന്റ അവസാന ലാപ്പിൽ അതിവേഗം ഓടാൻ ശ്രമിച്ചാൽ പഴതൊലിയിൽ ചവിട്ടിയാലും ഫിനിഷിങ് പോയിന്റിന് മുമ്പ് മൂക്കിടിച്ചു വീഴാം

അടി തെറ്റി വീണ ആനകളുടെ കഥയാണ് അധികാരം ആരോഹ- അവരോഹണങ്ങളുടെ കഥ.

ഇന്ത്യയിലും. ലോകത്തിലെ പല രാജ്യ ങ്ങളിലും. കേരളത്തിലും.

കണ്ണുള്ളവർ കാണട്ടെ. ചെവിയുള്ളവർ കേൾക്കട്ടെ.

ജെ എസ് അടൂർ