സ്വപ്ന വ്യാപാരത്തിലെ കമ്മി കഥകൾ

ഇപ്പോഴത്തെ സർക്കാരിനു വേണ്ടി ബഹുമാനപ്പെട്ട ധനമന്ത്രി അവതരിപ്പിച്ച അഞ്ചു ബജറ്റുകൾ പഠിച്ചാൽ മനസ്സിലാകുന്ന കാര്യമിതാണ്.

1). സ്വപ്നങ്ങൾ ഇഷ്ടം പോലെ വിൽക്കും. പക്ഷെ മിക്കവാറും സ്വപ്നങ്ങൾ നടക്കില്ല. വാചക കസർത്തും സാഹിത്യവും സർപ്ലസ്. ബജറ്റ് കമ്മി.പറയുന്നതിൽ പാതി പതിരായി. അറിഞ്ഞതിൽ പാതി നടക്കാതെ പോയി. ഉദാഹരണങ്ങൾ അനവധി.

2) നികുതിയും വരുമാനവും കൂട്ടി ചിലവു കുറച്ചു, കമ്മിയും കടവും കുറയ്ക്കും എന്നാണ് ധവളപത്രവും ബജറ്റ് പ്രസംഗങ്ങളും പറഞ്ഞത്. സംഭവിച്ചത് നേരെ തിരിച്ചു. അദ്ദേഹം അവകാശപ്പെട്ടത് അനുസരിച്ചുള്ള വരുമാനം വർധിച്ചില്ല. ചിലവും ധൂർത്തും കൂടി. ബഡ്ജറ്റ് കമ്മികൂടി. കടം അനുദിനം കൂടി.

2016 ഇൽ ധനമന്ത്രി പദം പറഞ്ഞു 'വായ്പ എടുക്കുന്ന 60-70% ദൈനം ദിന ചെലവിന് വിനയോഗിക്കുന്ന അവസ്ഥയാണ്. റവന്യു കമ്മി ഇല്ലാതാക്കാൻ നമ്മൾ ബാധ്യസ്ഥരാണ് ' ( പേജ് 3.-4 2016, ജൂലൈ 8,റിവൈസ്ഡ് ബഡ്ജറ്റ് ). അതു കഴിഞ്ഞു അദ്ദേഹം അതെ പേജിൽ മുൻ സർക്കാരിന്റെ പണം ചെലവാക്കുന്നതിലെ അരാജകത്വത്തെകുറിച്ചാണ്. മാണി സാറിന് എതിരെ സമർപ്പിച്ച കുറ്റപത്രത്തിലും. എന്നാൽ ഇന്നത്തെ അവസ്ഥ അതിലും പരിതാപകരം. ബജറ്റ് കമ്മി കൂടി കൊണ്ടേയിരുന്നു. കടമെടുത്താണ് സർക്കാർ കാര്യങ്ങൾ മുറപോലെ നടത്തിയത്. എല്ലാം എല്ലാം കടം വാങ്ങി നടത്തുന്ന അവസ്ഥയിലായി.

ധനമന്ത്രി ധവള പത്രത്തിൽ പറഞ്ഞതും അദ്ദേഹത്തിന്റെ ആദ്യ ബജറ്റ് പ്രസംഗവും വായിച്ചാൽ അദ്ദേഹത്തിന് തന്നെ ലജ്ജ തോന്നും. ഇതു അദ്ദേഹത്തിന്റെ കുറ്റം മാത്രം അല്ല. ചരിത്രത്തിൽ ഏറ്റവും കൂടുതൽ പരസ്യത്തിനും പി ആർ നും കടം വാങ്ങി ചെലവാക്കി ഭരണ പരാജയങ്ങൾ മറക്കാൻ ശ്രമിക്കുന്ന മോദി മോഡലാണ് നടപ്പാക്കിയത്. വി എസ് മന്ത്രി സഭയിൽ സാമാന്യം നല്ല പെർഫോമൻസുള്ള ധനമന്ത്രിയായിരുന്നു തോമസ് ഐസക്ക്. പക്ഷെ രണ്ടാം തവണ അദ്ദേഹം നിരാശനാക്കി. ഒരു പക്ഷെ അദ്ദേഹത്തിന്റെ കുറ്റമായിരിക്കില്ല. കാരണം ധനമന്ത്രി എന്തൊക്കെ സ്വപ്നങ്ങൾ പറഞ്ഞാലും അതു നടപ്പാക്കണ്ടത് മറ്റു മന്ത്രിമാരാണ്.അവർ അവരുടെ പണി ഉത്തരവാദിത്തോടെ ചെയ്തില്ലങ്കിൽ ധനമന്ത്രിയെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

ഉദാഹരണത്തിനു കേരളത്തിന്റെ സമീപ ചരിത്രത്തിൽ ഏറ്റവും മോശമായ പെർഫോമൻസ് ആഭ്യന്തരവകുപ്പിന്റെതായിരുന്നു. ഏറ്റവും കൂടുതൽ ലോക്കപ്പ് മർദ്ദന മരണങ്ങൾ, എൻകൗണ്ടർ മരണങ്ങൾ, ഏറ്റവും കൂടുതൽ വക്കീൽ ഫീസ്. ഇതൊന്നും ധനകാര്യ മന്ത്രിയുടെ കുറ്റമല്ല.
മീഡിയോക്കാർ പെർഫോമൻസ് സർക്കാരിന്റെ പൊതു സ്വാഭാവമാണ്. അതിന് ധനമന്ത്രി മാത്രം വിചാരിച്ചാൽ മാറ്റം വരില്ല. അദ്ദേഹം പറയുന്നത് മാക്‌സിമം ലീഡർ കേട്ടില്ലെങ്കിൽ അദ്ദേഹത്തെ മാത്രം പഴി ചാരിയിട്ട് കാര്യമില്ല.

ഇനി സ്വപ്ന വാഗ്ദാനങ്ങൾ നോക്കുക.

1) എല്ലാവർക്കും വീട് എന്ന വാഗ്ദാനവുമായാണ് 2016 ജൂലൈ 8 ലെ പ്രസംഗം തുടങ്ങിയത്. ശ്രീ നാരായണ ഗുരുവിന്റെ വചനങ്ങൾ വാരി വിതറിയായിരുന്നു പ്രസംഗം.പക്ഷെ കേരളത്തിൽ ഇന്നും ലക്ഷകണക്കിന് ആളുകൾക്കു വീടില്ല. മുഖ്യമന്ത്രി നിയമ സഭയിൽ പറഞ്ഞത് 5.13 ലക്ഷം പേർക്ക് വീടില്ല എന്നാണ്.75065 ദളിതർക്കും 14, 085 ആദിവാസികൾക്കും 6000 മത്സ്യ തൊഴിലാളികൾക്കും വീടില്ല.ഇതു രണ്ടു കൊല്ലം മുമ്പുള്ള കണക്കാണ്.

അടുത്ത അഞ്ചു കൊല്ലം കൊണ്ടു പാർപ്പിട പ്രശ്‌നം പൂർണമായും പരിഹരിക്കും എന്ന വീര വാദം. പ്രീ ഫാബ്രിക്കെറ്റഡ് വീടുകൾ ( 2016 റിവൈസ്ഡ് ബജറ്റ്. പേജ് 7.21)ഇന്നും ലക്ഷകണക്കിന് ആളുകൾക്കു വീടില്ലാത്തപ്പോൾ എല്ലാവർക്കും വീട് എന്ന സ്വപ്നം മാത്രം ബാക്കി.
ഓവർ പ്രോമിസിങ് ആൻഡ് അണ്ടർ ഡെലിവറിങ് ആയിരുന്നു ഈ സർക്കാരിന്റെ മൊത്തം സ്വഭാവം.

2). പിന്നെ പറഞ്ഞത് 'സമഗ്ര ' ആരോഗ്യ ഇൻഷുറൻസാണ്. സ്വപ്നങ്ങൾ ഇപ്പോഴും സ്വപ്നങ്ങളായി അവശേഷിക്കുന്നു. കാരുണ്യ പദ്ധതി ഉപേക്ഷിച്ചു. അതു എല്ലാം 'അവകാശമാക്കും ' എന്ന വാചക കസർത്തു ബാക്കി.

3) ഭൂമി ഇല്ലാത്തവർക്ക് എല്ലാം ഭൂമി എന്നായിരുന്നു വാഗ്ദാനം. ഇന്നും ഭൂമി ഇല്ലാത്തവർ ലക്ഷകണക്കിന്. അരിപ്പയിലും മറ്റുള്ളങ്ങടങ്ങളിലും നടക്കുന്ന ഭൂ സമരങ്ങൾ പരിഹരിക്കാൻ ചെറു വിരൽ അനക്കിയില്ല.

4) എല്ലാ ജില്ലയിലും കേരള നവോത്ഥാന സാംസ്‌കാരിക സാമൂശ്ചയങ്ങൾ സ്ഥാപിക്കും എന്ന് വീരവാദം പറഞ്ഞു. നാടക ശാല, സിനിമ തീയേറ്റർ, സംഗീത ശാല, ഗ്യാലറി, അങ്ങനെ നീണ്ട സ്വപ്നങ്ങൾ. ഏതാണ്ട് 700 കോടി എന്നു വീണ്ടും റി സൈക്കിൾ ചെയ്തു പിറ്റേ വർഷം ബജറ്റിലും പറഞ്ഞു. ജനിക്കാത്ത കുഞ്ഞുങ്ങൾക്ക് പേരുമിട്ടു. എല്ലാ ജാതി മതത്തിലുമുള്ള നവോത്ഥാന നായകർക്ക് ഓരോ ജില്ലയിലും സാംസ്‌കാരിക സ്വപ്നമന്ദിരങ്ങൾ.( 2016 റിവൈസ്ഡ് ബജറ്റ് പേജ് 40.116) ഇതുവരെ ഒന്നുപോലും വെളിച്ചം കണ്ടില്ല. ചിലതിനു അവസാനം കല്ലിട്ടു എന്ന് കേൾക്കുന്നു.

5) 2016 ബജറ്റിൽ 44-ബജറ്റിൽ എല്ലാ ജില്ലയിലും പഞ്ചായത്തിലും സ്റ്റേഡിയങ്ങൾ എന്ന സ്വപനങ്ങൾ വച്ചിട്ടുണ്ട്. ജില്ലാ തലത്തിൽ പിറക്കാത്ത കുട്ടികൾക്ക് പേരും ഇട്ടിട്ടുണ്ട്. ഇതിൽ ഏത്ര നടന്നു എന്ന് ഓഡിറ്റ് നോക്കിയാൽ രസമായിരിക്കും.

6).എന്തായാലും അന്നത്തെ ബജറ്റ് പ്രസംഗത്തിൽ അദ്ദേഹത്തിനു ഇഷ്ട്ടപെട്ട സംഘടനകൾക്കെല്ലാം വാരിക്കോരി പേ ട്രേനേജ് കൊടുത്തത് വീണ്ടും വർദ്ധിപ്പിച്ചു കൊണ്ടേ ഇരുന്നു. 25 ലക്ഷം. അമ്പത് ലക്ഷം. ഇഷ്ട്ടമുള്ള സിൽബന്ധികൾക്ക് ഇഷ്ട്ടം പോലെ. സ്മാരകങ്ങളും മ്യൂസിയങ്ങളും ഐസക്കു മന്ത്രിക്ക് പെരുത്ത ഇഷ്ടമാണ്. കടം വാങ്ങി ഇതൊക്കെ തുടങ്ങിയിട്ട് എന്ത് സംഭവിച്ചു എന്ന് മാത്രം ചോദിക്കരുത്. ഇഷ്ട്ടക്കാർക്കും ലോയലിസ്റ്റകൾക്കുമുള്ള ഗുണഭോക്ത നെറ്റ്‌വർക്ക് കൊണ്ടു സിൽബന്ധികൾക്ക് സർക്കാർ ഖജനാവിൽ നിന്ന് പൈസ കൊടുത്തിട്ട് എന്താണ് ഔട്ട് പുട്ട് എന്ന് നോക്കിയാൽ ഞെട്ടും.അങ്ങനെയുള്ള 'സാംസ്‌കാരിക ' നായകരുടെ പ്രധാന ദൗത്യം സർക്കാരിനും ധനമന്ത്രിക്കും സ്തുതി പാടുകയാണ്. കൃപാസനത്തിന് അമ്പത് ലക്ഷം കൊടുത്തത് അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കാനായിരിക്കും.
എന്തായാലും ഐസക്കിന് ഇഷ്ടമുള്ള എൻ ജി ഓ കൾക്ക് കടം വാങ്ങിയായാലും ഫണ്ട് കൊടുക്കുന്നത് അദ്ദേഹത്തിന്റെ വിശാല കാഴ്ചപ്പാടുകൾ കൊണ്ടാണ്! പക്ഷെ ഇതുകൊണ്ടു കേരളത്തിന് എന്ത് പ്രയോജനം എന്നത് പോലെ അലോസരപെടുത്തുന്ന ചോദ്യങ്ങൾ ചോദിക്കരുത്.
ഇങ്ങനെ ഓരോന്നും അക്കമിട്ടു എഴുതാൻ ഒരു പുസ്തകം തന്നെ എഴുതണം.

എല്ലാ ബജറ്റിലും ഐസക്ക് പഴയ വീഞ്ഞ് പുതിയ ബോട്ടിലിലാക്കി നമ്മുടെ മുന്നിൽ അവതരിപ്പിച്ചു. ബജറ്റ് വന്നു രണ്ടു ദിവസം കഴിഞ്ഞു പത്രക്കാരും പാർട്ടിക്കാരും മറക്കും. പിറ്റേ കൊല്ലവും സാഹിത്യവും കവിതയുമായി വീണ്ടും സ്വപ്നങ്ങൾ കാഴ്‌ച്ച വക്കും.
അതു തന്നെയാണ് ഈ കഴിഞ്ഞ ബജറ്റിലും. നടക്കാത്ത വൻ സ്വപ്നങ്ങൾ. അഞ്ചു വർഷങ്ങളിൽ 25 ലക്ഷം തൊഴിൽ എന്ന ആശകൊടുത്തു. അഞ്ചു വർഷങ്ങളിൽ ആയിരമോ രണ്ടായിരമോ പതിനായിരമൊ ജോലി സാധ്യതയുള്ള ഏത്ര സംരംഭങ്ങൾ വന്നു?

അഞ്ചു കൊല്ലം ഇവിടെ നടക്കാത്തത് അടുത്ത കൊല്ലം നടക്കും എന്ന് വീമ്പ് പറഞ്ഞാൽ സ്തുതിഗീതക്കാരും പാർട്ടി സിൽബന്ധികളും മാത്രം വിശ്വസിക്കും. ഇരുപതു ലക്ഷം തൊഴിൽ എവിടെ എങ്ങനെ എപ്പോൾ ഉണ്ടാക്കും എന്നു മാത്രം ചോദിക്കരുത്. ബജറ്റിലെ സ്വപ്നങ്ങൾക്ക് പൈസ എവിടെ എന്ന് ചോദിക്കരുത്. കാരണം എല്ലാ ബജറ്റിലും സൗജന്യമായി സ്വപ്ന കഥകൾ പറഞ്ഞാണ് പിടിച്ചു നിന്നത് ബജറ്റ് കമ്മിയും. സ്വപ്ന വ്യാപാരം കൂടുതലും.

അവസാന ബാലൻസ് ഷീറ്റിൽ സ്വപ്നങ്ങളും സ്വപ്നയും മാത്രം ബാക്കി. ബാക്കിയുള്ളത് കമ്മി കഥകൾ. പക്ഷെ കേരളത്തിന്റെ ആകെ വരുമാനത്തിന്റെ മൂന്നിൽ ഒന്നിൽ കൂടന്ന പൊങ്ങാത്ത കട ഭാരമാണ് യഥാർത്ഥ ബജറ്റ് ബാലൻസ് ഷീറ്റ്. എന്നിട്ടും കടം വാങ്ങിയ കാശ് കൊണ്ടു പരസ്യം നടത്തിയും പാർട്ടി സിൽബന്ധി നെറ്റ്‌വർക്ക് ഉണ്ടാക്കിയും ന്യായീകരണ സ്തുതി ഗീതക്കാർ വിചാരിച്ചാൽ മാത്രം ആട് ആനയാകില്ല. പൂച്ച പുലിയാകില്ല. എലി മലയെ പ്രസവിക്കില്ല