കോഴിക്കോട്; ലൈംഗികാരോപണം നേരിടുന്ന പി എ ജബ്ബാർ ഹാജിയെ സമസ്ത ലീഗൽ സെൽ ചെയർമാൻ സ്ഥാനത്ത് നിന്നും പുറത്താക്കി. സമസ്തയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും രാജി എഴുതിവാങ്ങാൻ ഇന്ന് കോഴിക്കോട് ചേർന്ന സമസ്ത യോഗം തീരുമാനിച്ചു. സമസ്തയുടെ ഉന്നതാധികാര സമിതിയായ മുഷാവറയിൽ ആദ്യമായാണ് ഒരു ലൈംഗികാരോപണ പരാതി എത്തുന്നതെന്നും ഇത് സമസ്ത പോലുള്ളൊരു പണ്ഡിതസഭക്ക് കളങ്കമുണ്ടാക്കുന്നതാണെന്ന് ഇന്ന് ചേർന്ന യോഗം അഭിപ്രായപ്പെട്ടു.

നേരത്തെ ഈ വിഷയം ചർച്ചചെയ്യാൻ കൂടിയ സമസ്ത മുഷാവറ യോഗം എംടി അബ്ദുള്ള മുസ്ല്യാരുടെ എതിർപ്പിനെ തുടർന്ന് തീരുമാനമാകാതെ പിരിഞ്ഞിരുന്നു. അതിന് ശേഷം ഇന്നാണ് ഇക്കാര്യം ചർച്ച ചെയ്യാൻ വേണ്ടി മാത്രം ഇന്ന് കോഴിക്കോട് യോഗം ചേർന്നത്. നേരത്തെ സമസ്തയുടെ പോഷക സംഘടനകളായ എസ്‌കെഎസ്എസ്എഫ്, എസ് വൈ എസ് തുടങ്ങിയ സംഘടനകൾ സമസ്ത പ്രസിഡണ്ട് ഹൈദരലി ശിഹാബ് തങ്ങളെയും, ജിഫ്രി തങ്ങളെയും വിളിച്ച് എത്രയും പെട്ടെന്ന് ജബ്ബാർ ഹാജിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ബഹാവുദ്ദീൻ നദുവി അടക്കമുള്ള സമസ്ത നേതാക്കളും ജബ്ബാർ ഹാജിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

അതേ സമയം ഇന്ന് നടന്ന യോഗത്തിൽ മുതിർന്ന നേതാക്കളായ ഹൈദരലി ശിഹാബ് തങ്ങളും, ജിഫ്രി തങ്ങളും അടക്കമുള്ളവർ പങ്കെടുത്തില്ല. യോഗത്തിൽ പങ്കെടുത്തില്ലെങ്കിലും ഇരുവരുടെയും സമ്മതത്തോടെയും അറിവോടെയുമാണ് ജബ്ബാർ ഹാജിയെ പുറത്താക്കാനുള്ള തീരുമാനമെടുത്തത്. വർഷങ്ങൾക്ക് മുമ്പ് നടന്ന പീഡനക്കേസിലാണ് ഇപ്പോൾ നടപടിയുണ്ടായിരിക്കുന്നത്. വാഴക്കാട് സ്വദേശിയായ യുവതിയാണ് തന്നെ വീട്ടിൽ കയറി ജബ്ബാർ ഹാജി പീഡിപ്പിച്ചെന്ന് കാണിച്ച് ആദ്യം സമസ്തയിലും നടപടിയുണ്ടാകാത്തതിനെ തുടർന്ന് ഇപ്പോൾ വനിതാ കമ്മീഷനിലും പരാതി നൽകിയിരിക്കുന്നത്. ഈ പരാതി വാർത്തയായതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ തിടുക്കപ്പെട്ട് ജബ്ബാർ ഹാജിക്കെതിരെ സമസ്തയുടെ നടപടിയുണ്ടായിരിക്കുന്നത്.

ഇതിനിടെ ഇടി മുഹമ്മദ് ബഷീർ എംപി ഇടപെട്ട് മധ്യസ്ഥതക്ക് ശ്രമിച്ചിരുന്നെങ്കിലും ഒത്തുതീർപ്പ് വ്യവസ്ഥകൾ പാലിക്കാത്തതിനെ തുടർന്നാണ് പീഡനത്തിന് ഇരയായ സ്ത്രീയും കുടുംബവും വനിതാ കമ്മീഷനിൽ വീണ്ടും പരാതി നൽകിയിരിക്കുന്നത്. ഇതിനെ തുടർന്നാണ് നിരവധി കോണുകളിൽ നിന്നുള്ള സമ്മർദ്ദത്തെ തുടർന്ന് സമസ്ത യോഗം ചേർന്ന് തിടുക്കത്തിൽ പുറത്താക്കിയത്. അതേ സമയം മുസ്ലിം ലീഗിന്റെ കൊണ്ടോട്ടി മണ്ഡലം പ്രസിഡണ്ടായ ജബ്ബാർ ഹാജിക്കെതിരെ നടപടിയെടുക്കുന്നതിനെ കുറിച്ച് ആലോചിക്കാൻ മുസ്ലിം ലീഗ് ഉടൻ തന്നെ യോഗം ചേരുമെന്നാണ് അറിയുന്നത്. മുസ്ലിം ലീഗും സമസ്തയും തമ്മിലുള്ള പ്രശ്നങ്ങളിൽ എപ്പോഴും മധ്യസ്ഥനായിരുന്ന ആളാണ് ജബ്ബാർ ഹാജി. അദ്ദേഹത്തെയാണ് ഇപ്പോൾ സമസ്തയുടെ മുഴുവൻ സ്ഥാനങ്ങളിൽ നിന്നും പുറത്താക്കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം ജബ്ബാർ ഹാജിക്കെതിരെ തിടുക്കപ്പെട്ട് നടപടിയെടുക്കരുതെന്ന് ലീഗ് നേതൃത്വം സമസ്തയോട് ആവശ്യപ്പെട്ടിരുന്നു. ഇത് ധിക്കരിച്ചാണ് സമസ്തയിപ്പോൾ ജബ്ബാർ ഹാജിക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. ഇത് വരുംകാലങ്ങളിൽ സമസ്തും ലീഗും തമ്മിലുള്ള ബന്ധം വഷളാക്കും. ഒരുവേള ലീഗിനെ സമസ്തയുടെ കീഴിൽ അടിയറവ് വെപ്പിക്കാൻ നേതൃ്ത്വം നൽകിയിരുന്നവരിൽ പ്രധാനിയാണ് ഇപ്പോൾ പുറത്താക്കപ്പെട്ട ജബ്ബാർ ഹാജി. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ മുൻ പ്രസിഡണ്ടും ശിഹാബ് തങ്ങൾ മെമോറിയൽ ഡയാലിസിസ് സെന്റർ ചെയർമാനുമാണ് ജബ്ബാർ ഹാജി. സൗജന്യ ഡയാലിസിസ് സെന്ററിന്റെ പേരിൽ ജബ്ബാർ ഹാജിയെ പിന്തുണക്കാനുള്ള ലീഗിന്റെ ശ്രമങ്ങൾ നടക്കുന്നതിനിടയിലാണ് ഇപ്പോൾ സമസ്തയുടെ മുഴുവൻ സ്ഥാനങ്ങളിൽ നിന്നും ജബ്ബാർഹാജിയെ പുറത്താക്കിയിരിക്കുന്നത്.