- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിൽ കർക്കിടകം പിറന്നപ്പോൾ യുകെയിൽ വിദേശത്തു നിന്നെത്തിയ ചക്കക്കാലം; നല്ല മലേഷ്യൻ തേൻ വരിക്ക വാങ്ങാൻ ആളേറെ; ബ്രസീൽ, ബംഗാൾ ഇനങ്ങൾക്ക് മധുരം കുറവെങ്കിലും വില കുറവ്; ചക്ക പിസ്സ ടെസ്കോയിൽ അടക്കം സൂപ്പർ സ്റ്റോറുകളിൽ വമ്പൻ ഹിറ്റ്, പല കടകളിലും വിലക്കുറവിന്റെ കച്ചവടക്കാലം
ലണ്ടൻ: കേരളത്തിൽ ഇന്നലെ കർക്കിടകം പിറന്നതിന്റെ മുന്നോടിയായി ആഴ്ചകളായി തോരാമഴയാണ്. ഇക്കാരണത്താൽ ഏറ്റവും ക്ഷീണം സംഭവിച്ചത് ചക്ക വിപണിക്കും. വിദേശത്തേക്ക് അടക്കം വിരുന്നു വരേണ്ട ചക്കയാണ് വെള്ളം കയറി നശിച്ചു പോയിരിക്കുന്നത്. വെള്ളം കുടിച്ചു വീർത്ത ചക്ക പെട്ടെന്ന് കേടാകുക മാത്രമല്ല രുചിയിലും പിന്നോക്കം പോകും. വറുത്താലും പഴുത്താലും പുഴുങ്ങിയാലും ഒക്കെ ഇതെന്തു ചക്ക എന്ന് ചോദിച്ചു പോകുന്ന പരുവമാകും. മാത്രമല്ല യുകെയിൽ എത്തുമ്പോഴേക്കും കിലോയ്ക്ക് ചുരുങ്ങിയത് ആറ് പൗണ്ട് ചില്ലറ വില വരുന്നതോടെ നാട്ടുകാരുടെ ചീത്തവിളിയും കടക്കാർ കേൾക്കേണ്ടി വരും.
എന്നാൽ യുകെയിലെ ചക്ക വിപണിയുടെ സാധ്യതതകൾ മനസിലാക്കി ചുകചുകന്ന മലേഷ്യൻ മധുര ചക്കകൾ മലയാളികളുടെ മനസ് കീഴടക്കുകയാണ് . ചക്കക്കു മാത്രമല്ല ചകിണി പോലും രുചിയോടെ കഴിക്കാൻ പറ്റുന്ന ടെസ്റ്റ് ആണെന്ന് ഇത്തരം ചക്കകൾ ഏറെകാലമായി വിൽക്കുന്ന വൂസ്റ്ററിലെ ഫ്രണ്ട്‌സ് ഏഷ്യൻ സ്റ്റോർ ഉടമ ഡെന്നിസ് പറയുന്നു . ഒരു ചെറിയ കഷ്ണം ചക്ക വാങ്ങിയാൽ പോലും വയർ നിറയെ കഴിച്ച ഫീൽ കിട്ടും.
പക്ഷെ വില അല്പം കൂടുതൽ നൽകേണ്ടി വരും , ഈ ചക്ക ഉപയോക്താവിന്റെ കൈകളിൽ എത്തുമ്പോൾ കിലോക്ക് ഒൻപതു പൗണ്ടിന് മുകളിൽ വിലവരും . അതേസമയം ധാരാളം ചക്ക ഉണ്ടെങ്കിലും ഉപയോക്താക്കൾ കുറഞ്ഞ ബ്രസീലിൽ നിന്നോ ബംഗാളിൽ നിന്നോ എത്തുന്ന ചക്ക നാലര പൗണ്ട് വിലയിൽ പലപ്പോഴും കടക്കാർക്കു കിട്ടുന്നതിനാൽ അഞ്ചു പൗണ്ട് വിലയിട്ടു വിൽക്കാനാകും . എന്നാൽ എല്ലാ ചക്കയും ഒരേ വിലയാണെന്ന് തെറ്റിദ്ധരിച്ചാണ് ആവശ്യക്കാർ വിലക്കൂടുതലിനെ പറ്റി പരാതി പറയുക .
പക്ഷെ ചക്കകൾ തമ്മിൽ രാപ്പകൽ വത്യാസം ഉണ്ടെന്നു കഴിച്ചു നോക്കിയാല് മാത്രമേ പറയാനാകൂ എന്നും ഡെന്നിസ് വക്തമാക്കുന്നു . മലേഷ്യൻ ചക്കയോളം മധുരമുള്ള മറ്റൊന്ന് ഇതുവരെ മാർക്കറ്റിൽ എത്തിയിട്ടില്ല എന്നതാണ് ഇദ്ദേഹത്തിന്റെ അനുഭവം . യുകെയിൽ എവിടെയും ഓൺലൈൻ ഓർഡർ ശേഖരിച്ചു സാധനം എത്തിക്കുന്ന വിപുലമായ പദ്ധതിയാണ് ഇപ്പോൾ ഈ കട വഴി ഇദ്ദേഹം ലക്ഷ്യമിടുന്നത് . മിഡ്ലാൻഡ്‌സിൽ എവിടെയും വാൻ വഴി ഡോർ ഡെലിവറിയും നടത്തുന്നുണ്ട് .
മൊത്തക്കച്ചവടക്കാരിൽ നിന്നും ചില്ലറക്കടക്കാർ എടുക്കുന്നത് 8.90 പൗണ്ട് വില നൽകിയാണ് എന്നും ഹണ്ടിങ്ങ്ടണിലെ മലയാളി കട നടത്തുന്ന റെജിയും സൂചിപ്പിക്കുന്നു . ഇക്കാരണത്തിൽ വില കൂട്ടി വിൽക്കാതെ നിവൃത്തിയില്ല . പക്ഷെ എത്ര വില നൽകിയാലും ചക്ക മാത്രം കേടായി പോകുന്ന കഥയും കുറവാണു . കാരണം മലയാളികൾ ചക്കയെ അത്രത്തോളം ഇഷ്ട്ടപ്പെടുന്നു എന്നത് തന്നെ . എന്നാൽ മധുരം കാര്യമായി കുറവില്ലാത്ത ചക്ക ലെസ്റ്ററിലെ ബംഗാൾ കടയിൽ നിന്നും 4.95 പൗണ്ട് നൽകി ഇന്നലെ വാങ്ങിയ ജോർജ് എടത്വായും അനുഭവം പങ്കിടുന്നു.
ഒരു ചക്ക വാങ്ങുമ്പോൾ കയ്യിൽ ഒതുങ്ങുന്ന വിലയ്ക്ക് കിട്ടുന്നതും കൂട്ടുകാർക്കു പങ്കുവച്ചു നല്കാൻ കഴിയുന്നതും ഒക്കെ ബംഗാൾ ചക്കയെ പ്രിയപ്പെട്ടതാക്കുന്നു . ഉപയോക്താവിന് എപ്പോഴും വിലകുറച്ചു കിട്ടുന്നതിനോട് പ്രിയം കൂടാം എന്നതും ഈ കടയിലേക്ക് ആൾ ഇരച്ചെത്താൻ കാരണമാകുന്നത്രേ . ഒരു ലോഡിൽ എത്തുന്ന 30 ഓളം ചക്ക ഒരു ദിവസം കൊണ്ട് തന്നെ പലപ്പോഴും വിറ്റുപോകുന്നു എന്നതും ചക്ക പ്രിയം തന്നെയാണ് വക്തമാക്കുന്നത് .
കവൻട്രിയിലെ ബെറി സ്ട്രീറ്റിലെ ശ്രീലങ്കൻ കടയായ ബാനു സൂപ്പർ സ്റ്റോറിലും ബംഗാൾ ചക്ക 4.99 വില നിരക്കിലാണ് കഴിഞ്ഞ ദിവസങ്ങളിൽ വിറ്റുപോയത് . ശരാശരി മൂന്നു കിലോയ്ക്ക് മുകളിലാണ് യുകെയിൽ എത്തുന്ന ചക്കയുടെ തൂക്കം . വിലകുറച്ചു വിൽക്കുമ്പോൾ മുറിച്ചു വിൽക്കാൻ കടക്കാർ തയാറാകാറില്ല . മൂന്നു കിലോ പച്ചമുളക് 5.99 എന്ന ഞെട്ടിക്കുന്ന വില നൽകിയും ഉപയോക്താക്കളെ ആകർഷിക്കുകയാണ് ബാനു സൂപ്പർ സ്റ്റോർ . മൂന്നു മാങ്ങക്കു ഒരു കിലോ , പാവക്ക കിലോ അഞ്ചു പൗണ്ട് എന്ന നിലയിൽ കോവിഡ് പ്രതിസന്ധി ഒന്നും ഇല്ലാതെയാണ് ഈ കടയിലെ ചില്ലറ വില്പന വില . ഓരോ ആഴ്ചയും ഫേസ്‌ബുക് പേജിലൂടെ വില വിവരം പ്രസിദ്ധപ്പെടുത്തിയാണ് വിൽപ്പന എന്നതും നഗരമധ്യത്തോട് ചേർന്ന കടയിലേക്ക് ആൾ എത്താൻ കാരണമാകുന്നു . പല ദിവസവും പത്തു ചക്ക വരെ വില്കാറുണ്ടെന്ന് കടയുടമ വീര പറയുന്നു .
അതിനിടെ ചക്ക മാനിയ മലയാളികൾക്കിടയിൽ മാത്രമല്ല ബ്രിട്ടീഷ്‌കാരിലും പടരുകയാണ് എന്ന് തെളിയിച്ചു നാല് പ്രധാന സൂപ്പർ സ്റ്റോറിലും ചക്ക ചേർത്ത ബാര്ബിക്യു് പിസകൾ ചൂടപ്പം പോലെയാണ് വിറ്റുതീരുന്നത് . അമേരിക്കയിൽ തുടങ്ങിയ ഈ പിസ കച്ചവടം ലോകമെങ്ങും ആരാധകരെ കണ്ടെത്തിയതോടെ എത്ര ലഭിച്ചാലും കടകളിൽ തികയില്ലെന്ന അവസ്ഥയിലാണ് . ചൂട് കാലത്തു വെജിറ്റേറിയൻ ഭക്ഷണമാണ് നല്ലതെന്ന ചിന്തയിൽ ടെസ്‌കോയിലും മറ്റും ഈ ചക്ക പിസ ആദായ വില്പനയും തുടങ്ങിയിട്ടുണ്ട് . ക്ലബ് കാർഡ് വിലയായ രണ്ടര പൗണ്ടിന് ആണ് പിസ കച്ചവടം . ഇതിന്റെ യഥാർത്ഥ വില 3.75 പൗണ്ട് ആണ് . ചക്ക ചേർത്ത ബർഗറും മറ്റും തിരഞ്ഞെടുത്ത കടകളിൽ യുകെയിൽ ലഭ്യമാണ് . അതിനിടെ ചക്കയുടെ രൂക്ഷഗന്ധം കാരണം ബ്രസീലിൽ ചക്ക ധാരാളം ഉണ്ടെങ്കിലും വിദേശ വിപണി കണ്ടെത്താനുള്ള ശ്രമാണ് ഈ രാജ്യം നടത്തുന്നത് .
ഏറെക്കാലമായി കേരളത്തിലെ സർക്കാരുകൾക്ക് മുന്നിൽ ഇത്തരം നിർദേശങ്ങൾ ഉണ്ടെങ്കിലും മലേഷ്യയും തായ്വാനും ഒക്കെ ചക്കയുടെ പേരിൽ കോടികൾ വിദേശത്തു നിന്നും കൊയ്‌തെടുക്കുമ്പോൾ അതിലൊരു വിഹിതം പങ്കു പറ്റാൻ കഴിയുന്ന കേരളം അതിനു ശ്രമിക്കുന്നില്ല എന്നതാണ് വസ്തുത . ഗുണമേന്മ കൂടിയ മേനോൻ വരിക്ക , സിന്ദൂര വരിക്ക തുടങ്ങി ഒട്ടേറെ ചക്ക ഇനങ്ങൾ കേരളത്തിൽ പ്രശസ്തി നേടിയെങ്കിലും അതിന്റെ വാണിജ്യ സാധ്യത ഇനിയും കേരളം ഉപയോഗപ്പെടുത്തിയിട്ടില്ല . ചക്ക കയറ്റുമതിയിൽ ഇപ്പോൾ തന്നെ കോടികൾ കൊയ്യുന്ന കേരളത്തിന് അതിലേറെ അവസരം ഉണ്ടെന്നു കണ്ടെത്തി ഈ പഴത്തിനു എന്താണ് ഇത്ര ഗുണമേന്മ എന്ന് കഴിഞ്ഞ വര്ഷം മുൻപ് ബ്രിട്ടനിലെ ഗാർഡിയൻ പത്രം കുശുമ്പ് നിറഞ്ഞ വാർത്ത എഴുതിയതും ഒരർത്ഥത്തിൽ ചക്കയുടെ പ്രശസ്തി കൂട്ടാനാണ് സഹായമായld.