തിരുവനന്തപുരം: ലാലിസം വിവാദത്തെ തുടർന്ന് നടൻ മോഹൻലാൽ അയച്ച ചെക്ക് സർക്കാരിന് ലഭിച്ചു. ലാൽ സ്പീഡ് പോസ്റ്റ് വഴി അയച്ച ചെക്ക് ദേശീയ ഗെയിംസ് സിഇഒ ജേക്കബ് പുന്നൂസാണ് കൈപ്പറ്റിയത്. ചെക്ക് ലഭിച്ച കാര്യം ജേക്കബ് പുന്നൂസും കായികവകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും സ്ഥിരീകരിച്ചു. ലാലിന് ചെക്ക് തിരിച്ച് അയക്കുമെന്ന് തിരുവഞ്ചൂർ പറഞ്ഞു.

ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ മോഹൻലാൽ അവതരിപ്പിച്ച ലാലിസം എന്ന പരിപാടിയുടെ പേരിൽ വിവാദം ഉണ്ടായതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം ലാൽ പരിപാടിക്കായി വാങ്ങിയ 1,63,77,600 രൂപയുടെ ചെക്ക് തിരിച്ച് അയച്ചത്. ലാലിന്റെ കൈയിൽ നിന്നും പണം തിരിച്ചുവാങ്ങില്ലെന്നു ബുധനാഴ്ച മന്ത്രിസഭാ യോഗത്തിൽ സർക്കാർ തീരുമാനമെടുത്തിരുന്നു. ഏത് സാഹചര്യത്തിലും ചെക്ക് വാങ്ങില്ലെന്നാണ് സർക്കാർ നിലപാട്. ചെക്ക് തിരിച്ചയച്ചാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലോ കാര്യുണ്യ പദ്ധതയിലോ തുക കൈമാറാനാണ് ലാലിന്റെ തീരുമാനം എന്നാണ് സൂചന.

ലാലിന്റെ ചെക്കു ലഭിച്ചാൽ തിരിച്ചയയ്ക്കണമെന്ന് മുഖ്യമന്ത്രി ദേശീയ ഗെയിംസ് സെക്രട്ടറിയേറ്റിന് നിർദ്ദേശം നൽകിയിരുന്നു. കലാപരിപാടി നടത്താൻ അനുവദിച്ചതാണ് തുക. കരാറിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഈ സാഹചര്യത്തിൽ പണം തിരികെ വാങ്ങുന്നത് സർക്കാരിന്റെ ധാർമികതയ്ക്ക് ചേർന്നതല്ലെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തിയിരുന്നു. എന്നാൽ മന്ത്രിസഭാ തീരുമാനം വരുന്നതിന് മുമ്പ് തന്നെ ലാൽ ചെക്ക് അയയ്ക്കുകയും ചെയ്തു. ലാലിസത്തിന്റെ പേരിൽ വിവാദമുണ്ടായതിൽ ലാലിനോട് സർക്കാർ ഖേദ പ്രകടനവും നടത്തി.

എന്നാൽ ലാലിസം മാത്രമാണ് ഉദ്ഘാടന ചടങ്ങിനെ മോശമാക്കിയതെന്ന തിരുവഞ്ചൂരിന്റെ പ്രസ്താവനയിൽ ലാലിന് അമർഷം ഉണ്ട്. ഈ സാഹചര്യത്തിൽ ആരെന്തു പറഞ്ഞാലും പണം സർക്കാരിന് നൽകുമെന്ന നിലപാടിലാണ് മോഹൻലാൽ.