- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എവിടെയും കോവിഡുള്ളപ്പോൾ ഒരു സ്ഥലത്തുനിന്ന് വേറൊരു സ്ഥലത്തേക്ക് പോകുന്നവരെ നിയന്ത്രിച്ചിട്ടു എന്തു കാര്യം? രോഗവ്യാപനം കുറയ്ക്കണമെങ്കിൽ എല്ലാവരും മാസ്ക് ധരിച്ചു അകലം പാലിക്കണം: അന്തർ സംസ്ഥാന യാത്രകൾക്ക് ഒരു നിയന്ത്രണവും പാടില്ലെന്ന കേന്ദ്ര സർക്കാർ നിർദ്ദേശത്തെ സ്വാഗതം ചെയ്ത് മുൻ ഡിജിപി ജേക്കബ് പുന്നൂസ്
തിരുവനന്തപുരം: ലോക്ഡൗൺ ഇളവ് ചെയ്യുന്ന അൺലോക് മൂന്നാം ഘട്ടത്തിൽ അന്തർ സംസ്ഥാന യാത്രകൾക്ക് ഒരു നിയന്ത്രണവും ഇല്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരിക്കുകയാണ്. അന്തർ സംസ്ഥാന യാത്രയും ചരക്കുനീക്കവും ഒരു നിലയ്ക്കും തടസ്സപ്പെടുത്തരുതെന്ന് കാണിച്ച് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല സംസ്ഥാനങ്ങൾക്ക് കത്തയച്ചു. ചില സംസ്ഥാനങ്ങളിൽ ജില്ല ഭരണകൂടങ്ങൾ അന്തർ സംസ്ഥാന യാത്രകൾ വിലക്കുന്നതായി ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് നടപടി. കേന്ദ്രസർക്കാർ നിർദ്ദേശത്തെ സ്വാഗതം ചെയ്തുകൊണ്ട് മുൻഡിജിപി ജേക്കബ് പുന്നൂസ് ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമായി.
'എവിടെയും കോവിടുള്ളപ്പോൾ ഒരു സ്ഥലത്തുനിന്ന് വേറൊരു സ്ഥലത്തേക്ക് പോകുന്നവരെ നിയന്ത്രിച്ചിട്ടു എന്തു കാര്യം? രോഗവ്യാപനം കുറയ്ക്കണമെങ്കിൽ എല്ലാവരും മാസ്ക് ധരിച്ചു അകലം പാലിക്കണം. ഒരാൾ വേറൊരു സംസ്ഥാനത്തു നിന്ന് വരുന്നതുകൊണ്ട് മാത്രം അയാൾ എങ്ങനെ കൂടുതൽ അപകടകാരിയാകും?' രോഗവ്യാപനം തടയാൻ ലോക് ഡൗൺ പരിപൂർണമായ മാർഗ്ഗമല്ലെന്ന് ആദ്യം തന്നെ വാദിക്കുന്ന വ്യക്തിയാണ് ജേക്കബ് പുന്നൂസ്
ജേക്കബ് പുന്നൂസിന്റെ പോസ്റ്റ് ഇങ്ങനെ:
സഞ്ചാര നിരോധനം ഇല്ലാതാക്കി കേന്ദ്ര നിർദ്ദേശം താഴെ.. എല്ലായിടത്തും കോവിടുണ്ട്. അറിഞ്ഞതും അറിയാത്തതും അറിയാനുള്ളതുമായി ആയിരക്കണക്കിനാളുകൾക്കു കോവിടുണ്ട്. എവിടെയും കോവിടുള്ളപ്പോൾ ഒരു സ്ഥലത്തുനിന്ന് വേറൊരു സ്ഥലത്തേക്ക് പോകുന്നവരെ നിയന്ത്രിച്ചിട്ടു എന്തു കാര്യം?
രോഗവ്യാപനം കുറയ്ക്കണമെങ്കിൽ എല്ലാവരും മാസ്ക് ധരിച്ചു അകലം പാലിക്കണം. ഒരാൾ വേറൊരു സംസ്ഥാനത്തു നിന്ന് വരുന്നതുകൊണ്ട് മാത്രം അയാൾ എങ്ങനെ കൂടുതൽ അപകടകാരിയാകും? ഒരിടത്തു രോഗമില്ല: മറ്റേ സ്ഥലത്തു രോഗമുണ്ട് എന്ന അവസ്ഥയിൽ നിയന്ത്രണത്തിന് ലോജിക് ഉണ്ട്. എല്ലായിടത്തും രോഗമുണ്ടെങ്കിൽ അന്തർസംസ്ഥാന യാത്രാ നിയന്ത്രണത്തിനും സംസ്ഥാനത്തിനകത്തുള്ള യാത്രാ നിരോധനത്തിനും വലിയ യുക്തിയില്ല.
കേന്ദ്രസർക്കാർ തീരുമാനവും നിർദേശവും സ്വാഗതാർഹം. വ്യാപക വ്യാപനം നടന്നു കഴിഞ്ഞശേഷം അടച്ചുപൂട്ടലും ദാരിദ്യവത്കരണവും കൊണ്ടു പ്രത്യേക ഗുണമൊന്നുമില്ല. ഈ ഗുരുതര സാഹചര്യത്തിൽ ജാഗ്രത സദാ സമയം. ആരിൽനിന്നും,.. വിദേശിയിൽനിന്നും മറുനാട്ടുകാരനിൽനിന്നും സ്വദേശിയിൽനിന്നും.. രോഗം പകരാം. സഞ്ചാര സേവന സൗകര്യങ്ങൾ നിലനിർത്തിത്തന്നെ, എപ്പോഴും സൂക്ഷിക്കാം. സൂക്ഷി-ച്ചോണം !
മറുനാടന് മലയാളി ബ്യൂറോ