തിരുവനന്തപുരം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട് വിവാദം കത്തി നിൽക്കേ പ്രതികരണവുമായി വിജിലൻസ് മുൻ ഡയറക്ടർ ജേക്കബ് തോമസ്. കന്യാസ്ത്രീയെ മഠത്തിൽ പോയി പീഡിപ്പിച്ചത് ലോക്കപ്പ് മർദ്ദനം പോലെ ഏറ്റവും ഹീനമായ പ്രവർത്തിയാണെന്ന് വിജിലൻസ് മുൻ ഡയറക്ടർ ജേക്കബ് തോമസ്. മഠത്തിൽ കന്യാസ്ത്രീകൾ മേലധികാരികളെ അനുസരിച്ച് വ്രത നിഷ്ഠയോടെ കഴിയുന്നവരാണ്. ലോക്കപ്പിൽ വച്ച് ഒരാളെ മർദ്ദിക്കുന്നത് ഹീനമായ പ്രവർത്തിയാണ്. അയാൾ നിസ്സഹായനാണ് എന്നതാണ് കാരണം. ഇതു പോലെ തന്നെ ഏറെ ക്രൂരമായ ഒന്നാണ് കന്യാസ്ത്രീയെ മഠത്തിൽ കൊണ്ടുപോയി പീഡിപ്പിക്കുന്നത്.

ജലന്ധർ ബിഷപ്പിനെ എന്തു കൊണ്ട് അറസ്റ്റു ചെയ്യുന്നില്ല എന്നു സർക്കാർ പൊതു സമൂഹത്തെ ബോധ്യപ്പെടുത്തേണ്ട സമയമാണിത്. ഒരാളെ അറസ്റ്റ് ചെയ്യാത്തതെന്തുകൊണ്ട്, അല്ലെങ്കിൽ എന്തുകൊണ്ടു അറസ്റ്റ് ചെയ്തു എന്നതൊക്കെ അന്വേഷണ സംഘത്തിനു സാങ്കേതികമായി പൊതു സമൂഹത്തെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. എന്നാൽ ഇപ്പോൾ സാഹചര്യം അതല്ല. ഒരു കൂട്ടം കന്യാസ്ത്രീകൾ തന്നെ പ്ലക്കാർഡുമായി തങ്ങൾക്കു നീതികിട്ടിയില്ലെന്നു പറയുന്നു. ആ ചോദ്യം പൊതു സമൂഹത്തോടു ചോദിക്കുന്നതാണ്. എന്നോടു ചോദിക്കുന്നതാണ്. ഈ പശ്ചാത്തലത്തിൽ കുറ്റാരോപിത ബിഷപ്പിനെ എന്തുകൊണ്ട് അറസ്റ്റു ചെയ്തില്ല എന്നു പൊതു സമൂഹത്തെ ബോധ്യപ്പെടുത്തണം.

ഈ സർക്കാർ തന്നെ തഴയുകയാണു ചെയ്തത്. സീനിയറായ തന്നെ മാറ്റിനിർത്തിയാണു ലോക്‌നാഥ് ബെഹ്‌റയെ സംസ്ഥാന പൊലീസ് മേധാവിയാക്കിയത്. ഈ സർക്കാരിന്റെ ആദ്യ തീരുമാനങ്ങളിലൊന്നു ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടറായി നിയമച്ചതല്ലേയെന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഈ സർക്കാരിന്റെ ആദ്യ തീരുമാനം ബി.സന്ധ്യയെ എഡിജിപിയാക്കിയതായിരുന്നു. രണ്ടാമത്തെ തീരുമാനം സെൻകുമാറിനെ മാറ്റി ലോക്‌നാഥ് ബഹ്‌റയെ സംസ്ഥാന പൊലീസ് മേധാവിയാക്കിയായിരുന്നു. സർവീസിൽ സീനിയറായ തനിക്കു കിട്ടേണ്ട പദവിയായിരുന്നു അത്. തന്നെ തഴഞ്ഞതാണു മൂന്നാമത്തെ തീരുമാനമെന്നു ജേക്കബ് തോമസ് പറഞ്ഞു.

ജലന്ധർ കത്തോലിക്ക സഭയിലെ കന്യാസ്ത്രീയുടെ ബലാത്സംഗപരാതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് ജോയിന്റ് ക്രിസ്റ്റ്യൻ കൗൺസിലിന്റെ അനിശ്ചിതകാലനിരാഹാര സമരം കൊച്ചിയിൽ തുടരുകയാണ്. സംഘടനയെ പ്രതിനിധീകരിച്ച് ജോസ് ജോസഫ്, സ്റ്റീഫൻ എന്നിവരാണ് നിരാഹാരമിരിക്കുന്നത്. പരാതി നൽകിയ കന്യാസ്ത്രീക്ക് വേണ്ടി കുറവിലങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീകളും പങ്കെടുത്ത് ആരംഭിച്ച പ്രതിഷേധപരിപാടി ശക്തമായി മുന്നോട്ട് കൊണ്ട് പോകാനാണ് ജെസിസിയുടെ തീരുമാനം.

ഹൈക്കോടതി ജംക്ഷനിലെ സമരപന്തലിലേക്ക് ് കന്യാസ്ത്രീയെ പിന്തുണക്കുന്ന കൂടുതൽ വിശ്വാസികളും പുരോഹിതരും കന്യാസ്ത്രീമാരും എത്തിക്കൊണ്ടിരിക്കുകയാണ്. ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിൽ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കന്യാസ്ത്രീയുടെ കുടുംബം.ബിഷപ്പിന്റെ അറസ്റ്റുണ്ടാകുന്നത് വരെ സമരരംഗത്തുണ്ടാകുമെന്ന് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീമാരും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കന്യാസ്ത്രീക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ പിസി ജോർജ്ജിനെതിരെ നിയമസഭ സ്പീക്കർക്ക് പരാതി നൽകുമെന്ന് കന്യാസ്ത്രീയുടെ കുടുംബം പറഞ്ഞു.