കൊച്ചി: ജോലിയിൽ നിന്നും പുറത്താക്കിയാലും കോടതിയിൽ പോയി സ്ഥാനം ഉറപ്പിക്കാൻ അഭിമാനം അനുവദിക്കുന്നില്ലെന്ന് കേരളത്തിലെ ഏറ്റവും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസ്. അഴിമതിക്കെതിരെ ശബ്ദം ഉയർത്തുന്നവരെ സംരക്ഷിക്കാൻ നിയമ നിർമ്മാണത്തിനായി താൻ പോരാട്ടം തുടരും രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് തീരുമാനം എടുത്തിട്ടില്ലെന്നും മറുനാടൻ മലയാളിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ ജേക്കബ് തോമസ് പറഞ്ഞു. സ്രാവുകൾക്കിടയിൽ നിന്തി മടുത്ത ജേക്കബ് തോമസ് കേരളം വിടാനുള്ള തയ്യാറെടുപ്പിലെന്ന സൂചനയാണ് നൽകുന്നത്. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ജേക്കബ് തോമസ് മത്സരിക്കുമെന്ന അഭ്യൂഹമുണ്ട്. എന്നാൽ രാഷ്ട്രീയ പ്രവേശനത്തിൽ താൻ തീരുമാനം എടുത്തിട്ടില്ലെന്നാണ് അദ്ദേഹം മറുനാടനോട് പറഞ്ഞത്.

ഒരു സ്ഥാനത്തിന് വേണ്ടിയും ആഗ്രഹിക്കുന്ന വ്യക്തിയല്ല താൻ. അതുകൊണ്ട് തന്നെ നിയമ പോരാട്ടം നടത്തി ഒന്നും നേടാൻ താൻ ആഗ്രഹിക്കുന്നില്ല. പത്ത് മാസമാണ് വിജിലൻസിൽ ഇരുന്നത്. അതിന് ശേഷം മറ്റൊരാൾ പതിനൊന്ന് മാസം ആ പദവിയിൽ ഇരുന്നു. മന്ത്രിയും ഒരാൾ. ഈ രണ്ട് കാലഘട്ടവും താരതമ്യം ചെയ്താൽ തന്നെ എന്തു കൊണ്ട് തനിക്ക് സസ്‌പെൻഷൻ കിട്ടിയെന്ന് ഏവർക്കും മനസ്സിലാകും. താൻ കേരളത്തിലെ ഉണ്ടാകരുതെന്നാണ് അവരുടെ ആഗ്രഹം. തന്നെ സർവ്വീസിൽ നിന്ന് പുറത്താക്കിയാൽ അത് ജനങ്ങളിൽ ഉണ്ടാക്കുന്ന ചിന്ത എന്താകും? എന്തായാലും നിയമപോരാട്ടത്തിലൂടെ സ്ഥാനം നേടാൻ താനില്ലെന്ന സൂചനയാണ് ജേക്കബ് തോമസ് നൽകുന്നത്. വിസിൽ ബ്ലോവർ നിയമത്തിന് വേണ്ടിയാകും നിലകൊള്ളുക. ഇതിനായുള്ള പോരാട്ടം തുടരും-ജേക്കബ് തോമസ് പറയുന്നു.

കേരളത്തിൽ രണ്ട് ഡിജിപി കേഡർ തസ്തികയാണുള്ളത്. വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റി ഐഎംജിയിൽ നിയോഗിച്ചതോടെ തന്നെ തനിക്ക് കേഡർ പദവി നഷ്ടമായി. സിനിയോറിട്ടിയും മെരിറ്റും അനുസരിച്ചാകണം പ്രമോഷനുകളെന്നാണ് ചട്ടം. ഈ നിയമ പ്രകാരം സെൻകുമാർ സ്ഥാനം ഒഴിഞ്ഞപ്പോൾ തന്നെ ഡിജിപിയാകേണ്ടത് താനായിരുന്നു. മറ്റൊരാളെ നിയമിക്കാൻ സർക്കാരിന് അവകാശമുണ്ട്. അപ്പോൾ സീനിയർ ആയ ആളെ എന്തിന് ഒഴിവാക്കിയെന്ന് സർക്കാർ വിശദീകരിക്കേണ്ടതുണ്ട്. പക്ഷേ തന്നെ മാറ്റി നിർത്തിയതിന് ഒരു കാരണവും സർക്കാനില്ല. അപ്പോഴും സ്ഥാനത്തിനായി താൻ നിയമപോരാട്ടത്തിന് മുതിർന്നില്ല. കസേരയ്ക്ക് വേണ്ടി കോടതിയെ സമീപിക്കുന്നത് തന്റെ അഭിമാനത്തിന് ചേർന്നതല്ലെന്ന് ജേക്കബ് തോമസ് പറയുന്നു.

ജേക്കബ് തോമസിനെതിരായ അച്ചടക്ക നടപടിയുമായി സർക്കാർ മുന്നോട്ടു പോകുന്നുവെന്നാണ് സൂചന. ഓഖി ദുരന്തത്തിൽ സർക്കാറിശന വിമർശിച്ചതിന് ജേക്കബ് തോമസ് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നു ചൂണ്ടിക്കാട്ടി സർക്കാർ തള്ളിയിരുന്നു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ചീഫ് സെക്രട്ടറി പോൾ ആന്റണി റിപ്പോർട്ട് നൽകി. വിഷയത്തിൽ നടപടികൾ വ്യക്തമാക്കി കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിനും റിപ്പോർട്ട് നൽകിയിട്ടുണ്ട്. റിപ്പോർട്ട് മുഖ്യമന്ത്രിയുടെ തീരുമാനത്തിന് വിട്ടിരിക്കുകയാണ്. സർക്കാരിനെ വിമർശിച്ചതിനു നേരത്തെ ജേക്കബ് തോമസിനെ സസ്പെൻഡ് ചെയ്തിരുന്നു. വിമർശനങ്ങളിൽ ഉറച്ചു നിന്നുകൊണ്ടുള്ള മറുപടിയാണ് ജേക്കബ് തോമസ് നൽകിയിരുന്നത്. ഓഖിയിൽ എന്തെല്ലാം നടപടികൾ സ്വീകരിച്ചെന്ന കാര്യം സർക്കാർ വ്യക്തമായി പരസ്യപ്പെടുത്തിയിരുന്നില്ലെന്നും മാധ്യമങ്ങളിൽ വന്ന വാർത്ത അടിസ്ഥാനപ്പെടുത്തിയാണ് താൻ നിലപാട് വ്യക്തമാക്കിയതെന്നുമായിരുന്നു ജേക്കബ് തോമസിന്റെ വിശദീകരണം. എന്നാൽ സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നെന്ന തരത്തിൽ നടത്തിയ പ്രസ്താവന അദ്ദേഹം നിഷേധിച്ചു. ഈ സാഹചര്യത്തിൽ ജേക്കബ് തോമസിനെ ഡിസ്മിസ് ചെയ്യാനാണ് നീക്കം.

ഇതിലൂടെ സർക്കാരിനും നേട്ടമുണ്ടാകും. കേരളത്തിൽ കേന്ദ്രസർക്കാർ അംഗീകരിച്ച നാല് ഡിജിപി തസ്തികയാണുള്ളത്. ഇതിൽ ഏറ്റവും സീനിയറാണ് ജേക്കബ് തോമസ്. ജേക്കബ് തോമസിനെ ഒഴിവാക്കിയാൽ മറ്റൊരാളെ ഈ പദവിയിലേക്ക് കൊണ്ടു വരാം. വേണമെങ്കിൽ അസ്താനയെ മാറ്റി അയാളെ വിജിലൻസ് തലപ്പത്ത് നിയമിക്കുകയും ചെയ്യാം. ഇതിനുള്ള കളികളുടെ ഭാഗമായാണ് ജേക്കബ് തോമസിനെ പുറത്താക്കാനുള്ള കള്ളക്കളികൾ. അങ്ങനെ ജേക്കബ് തോമസിനെ പുറത്താക്കിയാൽ അദ്ദേഹം നിയമ പോരാട്ടത്തിന് പോകുമെന്ന ആശങ്ക സർക്കാരിനുണ്ട്. നേരത്തെ സമാന സാഹചര്യത്തിൽ സർക്കാരിനെതിരെ നിയമപോരാട്ടം നയിച്ച് ഡിജിപിയായിരുന്ന സെൻകുമാർ വിജയിക്കുകയും പൊലീസ് മേധാവിയായി മാറുകയും ചെയ്തു. എന്നാൽ ഒരു കസേരയ്ക്കും വേണ്ടി നിയമപോരാട്ടം നടത്തില്ലെന്നാണ് ജേക്കബ് തോമസ് വിശദീകരിക്കുന്നത്.

അഴിമതിക്കെതിരെയാണ് താൻ നിലകൊള്ളുന്നത്. അത് ഇനിയും തുടരും. അഴിമതിയെ കുറിച്ച് വ്യക്തമായി അറിയാവുന്നത് സർക്കാർ ഉദ്യോഗസ്ഥരാണ്. അവർ അത് വിളിച്ചു പറയണമോ വേണ്ടയോ എന്നതാണ് പ്രശ്‌നം. വിളിച്ചു പറയുന്നതാണ് സമൂഹത്തിന് നല്ലത്. അങ്ങനെ പറയുന്നതവർക്ക് നിയമപരിരക്ഷയ്ക്ക് സാധ്യതകളുണ്ട്. ഇതിനായുള്ള നിയമം ഉണ്ടാകണം. അല്ലാത്ത പക്ഷം കേരളവും നാളെ അഴിമതിയിൽ മുങ്ങി നശിച്ച സോമാലിയ പോലെയാകും. ഇതൊഴിവാക്കാനാകും തന്റെ പോരാട്ടം. അല്ലാതെ സ്ഥാനമാനങ്ങൾക്കായി നിയമയുദ്ധം നടത്തില്ലെന്ന് ജേക്കബ് തോമസ് വിശദീകരിക്കുന്നു.

അഴിമതിക്കെതിരായ മുഖമായിരുന്നു ജേക്കബ് തോമസ് ഐപിഎസ്. സ്ഥാനമാനങ്ങൾക്ക് പിറകേ പോവാത്ത കിട്ടുന്ന കസേരയിൽ ജോലി ചെയ്യുന്ന വ്യക്തികളിൽ ഒരാൾ. കൊച്ചി കമ്മീഷണറായിരിക്കെ ഭരണകൂടങ്ങൾ ജേക്കബ് തോമസിന്റെ കാർക്കശ്യം തിരിച്ചറിഞ്ഞു. പിന്നീടൊരിക്കലും കാക്കി കുപ്പായത്തിൽ ജേക്കബ് തോമസിന് പണിയെടുക്കേണ്ടി വന്നില്ല. ആഭ്യന്തരമന്ത്രിയായി ഉമ്മൻ ചാണ്ടി സർക്കാരിൽ രമേശ് ചെന്നിത്തല എത്തിയപ്പോൾ ജേക്കബ് തോമസിനെ വിജിലൻസിൽ എഡിജിപിയാക്കി. യൂണിഫോമില്ലെങ്കിലും പൊലീസിന്റെ ഭാഗമാകാൻ ജേക്കബ് തോമസിന് വീണ്ടു അവസരം ലഭിച്ചു. പാറ്റൂർ, ബാർ കോഴ എന്നിവയിൽ രാഷ്ട്രീയ നേതൃത്വം കുടുങ്ങി. അങ്ങനെ പൊലീസ് കൺസ്ട്രക്ഷൻ കോർപ്പറേഷന്റെ മൂലയിലെത്തി. പിന്നെ ഇമേജുണ്ടാക്കാൻ പിണറായിയുടെ പുതിയ ശ്രമം. വിജിലൻസിന്റെ നാഥനാക്കി ജേക്കബ് തോമസിനെ ഉയർത്തി.

പത്ത് മാസം കൊണ്ട് പല അഴിമതിയും ചർച്ചയായി. വിജിലൻസിന് പുത്തൻ ഉണർവ്വ് ലഭിച്ചു. പൊലീസ് സ്‌റ്റേഷനിലേക്ക് പോകേണ്ട പരാതി പോലും വിജിലൻസിന് മുന്നിലെത്തി. ഇതിനിടെയിൽ ചില രാഷ്ട്രീയക്കാരും കുടുങ്ങി. ഇതോടെ പിണറായിക്കും കണ്ണിലെ കരടായി ജേക്കബ് തോമസ്. അങ്ങനെ ഐഎംജിയെന്ന ഐഎഎസുകാർക്കായുള്ള കേഡർ പദവിയിൽ ജേക്കബ് തോമസ് എത്തി. അതുകൊണ്ടും പ്രതികാരം തീർന്നില്ല. പുസ്തകം എഴുതിയതിന്റെ പേരിൽ വിവാദം. പിന്നെ ഓഖിയിലെ തുറന്നു പറച്ചിലിൽ സസ്‌പെൻഷൻ. ഇനി സർവ്വീസിൽ നിന്ന് പുറത്താക്കാനാണ് നീക്കം. ഈ തീരുമാനമെത്തിയാൽ ജേക്കബ് തോമസ് കേരളം വിടും. സർക്കാരുമായി നിയമപോരാട്ടത്തിലൂടെ സ്ഥാനമാനങ്ങൾ പിടിച്ചു വാങ്ങാൻ താൻ ആഗ്രഹിക്കുന്നില്ലെന്നാണ് ജേക്കബ് തോമസ് വിശദീകരിക്കുന്നത്.

ഓഖി ദുരന്തം കൈകാര്യം ചെയ്തതിൽ സർക്കാരിന്റെ വീഴ്ചകളെ വിമർശിച്ചതിനെ തുടർന്നു ജേക്കബ് തോമസിനെ സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്. അഴിമതിവിരുദ്ധ ദിനത്തിൽ പ്രസ് ക്ലബ്ബിലായിരുന്നു പ്രസംഗം. തുടർന്നു കുറ്റാരോപണ മെമോയ്ക്കു ജേക്കബ് തോമസ് നൽകിയ വിശദീകരണമാണു ചീഫ് സെക്രട്ടറി തള്ളിയത്. പഠന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ എഴുതിത്ത്ത്ത്ത്തയാറാക്കിയ പ്രസംഗമാണു നടത്തിയത്. അഴിമതിക്കെതിരെ പ്രവർത്തിക്കേണ്ടതു തന്റെ കടമയാണ്. പൊലീസിന്റെ അന്തസ്സ് അങ്ങോട്ടുമിങ്ങോട്ടും വളയുന്ന നട്ടെല്ലല്ലെന്നും മറുപടിയിൽ പറഞ്ഞിരുന്നു. ഈ മറുപടി തൃപ്തികരമല്ലെന്നാണു ചീഫ് സെക്രട്ടറിയുടെ കണ്ടെത്തൽ. കേന്ദ്രസർവീസിലെ ഉദ്യോഗസ്ഥനായതിനാൽ ജേക്കബ് തോമസിനെ നാലു മാസത്തിൽ കൂടുതൽ സസ്‌പെൻഷനിൽ നിർത്തണമെങ്കിൽ കേന്ദ്ര പഴ്‌സനേൽ മന്ത്രാലയത്തെ കൃത്യമായി കാരണം അറിയിക്കണം.

മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ അധ്യക്ഷനായുള്ള സമിതി രൂപീകരിച്ചു വിശദമായ അന്വേഷണവും നടത്തണം. ജേക്കബ് തോമസിന്റെ വാദവും കമ്മിഷൻ കേൾക്കും. അതിനാൽ, സസ്‌പെൻഷൻ നീട്ടണമെന്ന ആവശ്യമാകും സർക്കാർ ഉന്നയിക്കുക. ഇക്കാര്യത്തിൽ അന്തിമതീരുമാനം മുഖ്യമന്ത്രിയുടേതാണ്. ജേക്കബ് തോമസിനെതിരെ കടുത്ത നടപടിയെടുക്കണമെന്നാണ് ഉന്നത ഐഎഎസ് ഉദ്യോഗസ്ഥരിൽ ഒരു വിഭാഗത്തിന്റെ വാദം. ഐഎഎസുകാരുടെ അഴിമതിക്കെതിരേയും ജേക്കബ് തോമസ് ശബ്ദിച്ചിരുന്നു. ഇതിന്റെ പ്രതികാരമാണ് ഇതിന് കാരണം.