തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും പൊലീസ് മേധാവിയും അടക്കം എതിരാളികളായി ഒരു വശത്തു നിൽക്കുമ്പോൾ എത്രവലിയ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞാലും ഒന്നു പതറിപ്പോകും. പ്രത്യേകിച്ച് രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ സത്യസന്ധമായി നിലപാട് സ്വീകരിക്കുമ്പോൾ. സംസ്ഥാനത്ത് അനുശാസിക്കുന്ന നിയമങ്ങൾക്ക് അനുസരിച്ചു പ്രവർത്തിച്ചു എന്ന കാരണത്താൽ അന്യായമായി സ്ഥാനമാറ്റം നൽകി സർക്കാർ പീഡിപ്പിച്ച ഉദ്യോഗസ്ഥൻ ജേക്കബ് തോമസ് ഐപിഎസിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്.

സർക്കാരിന്റെ അനിഷ്ടത്തിന് പാത്രമായ പൊലീസ് ഹൗസിങ് കൺസ്ട്രക്ഷൻ മേധാവി കൂടിയായ ഡിജിപി ജേക്കബ് തോമസ് തന്റെ മനസിന്റെ മടുപ്പ് തുറന്നു പറഞ്ഞ് ഒരു ഫേസ്‌ബുക്ക് പോസ്റ്റിട്ടിരിക്കയാണ്. സ്രാവുകളുടെ ഇടയിൽ നീന്തേണ്ടി വരുന്ന സാഹസം. സംരക്ഷണം ഉണ്ടാവുമോ? എന്നാണ് ജേക്കബ് തോമസ് പുതിയ പോസ്റ്റിൽ ചോദിക്കുന്നത്. ഇതിനോടകം തന്നെ പോസ്റ്റിന് നിരവധി ലൈക്കുകളും ലഭിച്ചു. നിരവധി പേർ അദ്ദേഹത്തിന്റെ സ്റ്റാറ്റസിന് താഴെ കമന്റുകളും പോസ്റ്റ് ചെയ്തു.

നിരവധി പേരാണ് ജേക്കബ് തോമസിനെ അനുകൂലിച്ച് രംഗത്തുവന്നത്. സത്യത്തിന് വേണ്ടിയുള്ള പോരാട്ടം തുടരണമെന്നും മനസു മടുക്കരുതെന്നും ഉദ്ദേശിച്ചുകൊണ്ടാണ് ജേക്കബ് തോമസിനെ പിന്തുണച്ചുള്ള കമന്റുകളുടെ പ്രവാഹം. ജോലിക്ക് വേണ്ടി ജീവിക്കണോ അതോ നീതിക്ക് വേണ്ടി ജീവിക്കണോ എന്നു ചോദിച്ചു കൊണ്ട് ഈ മാസം 12നാണ് ജേക്കബ് തോമസ് ഫേസ്‌ബുക്ക് പേജ് ആരംഭിച്ചത്. ബാർ കോഴക്കേസിൽ സർക്കാരിന് ദോഷമുണ്ടാക്കുന്ന പ്രസ്താവനകൾ നടത്തിയെന്നുകാട്ടി നടപടിക്ക് സർക്കാർ ഒരുങ്ങുമ്പോഴാണ് ഫേസ്‌ബുക്കിലൂടെ ജേക്കബ് തോമസ് വീണ്ടും രംഗത്ത് വന്നത്.

ബാർ കോഴക്കേസിൽ വിജിലൻസ് കോടതി വിധിയോടെ സത്യംജയിച്ചെന്ന് ജേക്കബ് തോമസ് പ്രതികരിച്ചത് വിവാദമായിരുന്നു. കൈയടി വാങ്ങാൻ അറിയാത്ത കാര്യത്തിൽ അഭിപ്രായം പറയരുതെന്നായിരുന്നു സെൻകുമാറിന്റെ മറുപടി. അച്ചടക്കത്തിന്റെ നിർവചനമെന്തെന്ന് അറിയില്ലെന്ന് ജേക്കബ് തോമസ് തിരിച്ചടിച്ചു. നടപടിയുണ്ടാവുമെന്ന് സെൻകുമാർ പരസ്യമായി പറഞ്ഞപ്പോൾ സെൻകുമാറും തന്നെപ്പോലൊരു ഐ.പി.എസ് ഉദ്യോഗസ്ഥനാണെന്നായിരുന്നു ജേക്കബ് തോമസ് ഓർമ്മിപ്പിച്ചത്. സർക്കാർ സർവീസിൽ ഇരിക്കുകയും, ധാർമികരോഷം മുഴുവൻ മാദ്ധ്യമങ്ങളിൽ പറയുകയുമല്ല വേണ്ടതെന്നായിരുന്നു സെൻകുമാറിന്റെ മറുപടി.

അതേസമയം ജേക്കബ് തോമസിനെതിരെ നടപടി ഉണ്ടാകില്ലെന്ന വാർത്തകളും വന്നിരുന്നു. എന്നാൽ, നടപടി വേണ്ടെന്ന നിലപാട് തനിക്കില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പിന്നീട് വ്യക്തമാക്കുകയുമുണ്ടായി. അതിനിടെ ജേക്കബ് തോമസ് സ്വയം വിരമിക്കാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. അമേരിക്കയിലുള്ള മകളുടെ അടുത്തേക്ക് പോകാനാണ് തയ്യാറെടുക്കുന്നു എന്ന വിധത്തിലായിരുന്നു മാദ്ധ്യമവാർത്തകൾ.

ഇങ്ങനെ വാർത്തകൾ വന്നപ്പോഴായിരുന്നു ഫേസ്‌ബുക്കിൽ 'ജോലിക്കു വേണ്ടി ജീവിക്കണോ അതോ നീതിക്കു വേണ്ടി ജിവിക്കണോ' എന്ന് ഫേസ്‌ബുക്കിൽ ചോദിച്ചിച്ച് രംഗത്തുവന്നത്.