തിരുവനന്തപുരം: കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയെപ്പോലെ സ്വേഛാധിപതിയായ ഒരു ഭരണാധികാരി ഇപ്പോൾ ലോകത്തിൽ ഇല്ലെന്ന് റിട്ട.ഡിജിപി ജേക്കബ് തോമസ്. മറുനാടൻ മലയാളിയുടെ ഷൂട്ട് അറ്റ് സൈറ്റ് അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജയന്റെ ഭരണ രീതികളും നടപടികളും നോക്കുമ്പോൾ അമിത് ഷായും നരേന്ദ്ര മോദിയുമൊന്നും ഒന്നുമല്ലെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയിൽ അംഗത്വമെടുത്തത് നല്ലതിനെ തെരഞ്ഞെടുക്കുക എന്ന ചിന്തയിൽ നിന്ന് മാത്രമാണ്. കുറച്ചുകൂടി വിശദമായി പറഞ്ഞാൽ കേരളത്തിലെ നിലവിലുള്ള മുന്നണികളുടെ അഴിമതി ഭരണത്തിൽ നിന്നൊരു മോചനം വേണം. അതിന് ബിജെപി മുന്നോട്ട് വരേണ്ടതുണ്ട്. ബിജെപിയുടെ ഈ പ്രയാണത്തിന് കരുത്ത് പകരുക എന്ന ലക്ഷ്യവും കൂടി തന്റെ തീരുമാനത്തിന് പിന്നിലുണ്ട്.തന്റെ അനുഭവങ്ങളാണ് കേരളത്തിലെ രണ്ട് മുന്നണികളെക്കാളും നല്ലത് ബിജെപിയാണെന്ന നിഗമനത്തിലേക്ക് തന്നെ എത്തിച്ചതെന്നും എന്തുകൊണ്ടാണ് ബിജെപി അംഗത്വമെടുത്തത്് എന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

ഉദാഹരണത്തിന് കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങളെ ജനങ്ങൾ അറിയുന്നത് സ്ഥാപനത്തിലെ അഴിമതിയുടെ പേരിലാണ്. അല്ലാതെ സ്ഥാപനത്തിന്റെ മേന്മകൊണ്ടൊ പ്രവർത്തന മികവുകൊണ്ടോ അല്ല. മാത്രമല്ല ഈ അഴിമതികൾ അത്രയും നടന്നത് എൽഡിഎഫിന്റെയും യുഡിഎഫിന്റെയും ഭരണകാലത്താണ്. അപ്പോൾ അതാണ് തന്റെ അനുഭവം. അങ്ങിനെ വരുമ്പോൾ തനിക്ക് മറ്റൊരു ഓപ്ഷനായി ബിജെപിയെയെ മാത്രമെ പരിഗണിക്കാനാവൂ.ബിജെപി അഴിമതി ചെയ്യില്ല എന്ന വിശ്വാസം തന്നിലുണ്ടാക്കിയത് അ പാർട്ടി ഉൾക്കൊള്ളുന്ന ആളുകളുടെ നിലവാരത്തെ അനുസരിച്ചാണെന്നും അദ്ദേഹം വ്യക്തമാക്കി

ബിജെപി ഒരു ഹിന്ദുത്വ പാർട്ടിയാണെന്ന് തന്റെ അനുഭവത്തിൽ ഇല്ല. ഗോവ പോലെ ബിജെപി ഭരിക്കുന്ന നിരവധി സംസ്ഥാനങ്ങൾ ഇതിന് ഉദാഹരമാണ്.ഹിന്ദുത്വമെന്ന ആശയത്തിന് മതത്തിന് അപ്പുറത്തേക്ക് ചരിത്രപരമായും സാമൂഹിക പരമായുമൊക്കെ വലിയ ആശയങ്ങളുണ്ട്. ബിജെപി മുന്നോട്ട് വെക്കുന്ന ഹിന്ദുത്വ ആശയം അത്തരത്തിലാണ്.തന്റെ സുഹൃത്തുക്കളായിട്ടുള്ള നിരവധി വ്യത്യസ്ത മതക്കാരും, സംസ്ഥാനകാരുമൊക്കെ ബിജെപി അനുഭാവകളാണ്. അങ്ങിനെ നോക്കുമ്പോൾ എങ്ങിനെയാണ് ബിജെപി മോശം പാർട്ടിയാണെന്ന് പറയുകയെന്നും അദ്ദേഹം ചോദിച്ചു.

 

കേരളത്തിൽ അക്രമ രാഷ്ട്രീയം നടത്തുന്നത് കോൺഗ്രസ്സും സിപിഎമ്മുമാണ്. കഴിഞ്ഞ അഞ്ച് വർഷത്തെ കണക്ക് നോക്കിയാൽ തന്നെ എന്ത് അക്രമം ബിജെപി കാണിച്ചു എന്നാണ് നമുക്ക് പറയുവാൻ കഴിയുക. ഇതൊക്കെ ബിജെപിക്ക് നേരെയുള്ള ആരോപണം മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.എന്തുകൊണ്ടാണ് ആർ എസ് എസിനെ ഇഷ്ടപ്പെടുന്നത് എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ; ഒരു നാഷണൽ വോളന്ററി ഓർഗനൈസേഷൻ എന്ന നിലക്കാണ് ആർഎസ്എസ്സിനെ ഇഷ്ടപ്പെടുന്നത്.ഇത് രാജ്യം നന്നാകണമെന്ന ചിന്തയിൽ നിന്നാണ് ആർഎസ്എസ്സിനോടുള്ള പ്രണയം തുടങ്ങുന്നത്. ഇന്ത്യ ഫസ്റ്റ് എന്ന അവരുടെ ആശയമാണ് തനിക്ക് ഇഷ്ടമായത്.

പിണറായി വിജയനോട് തനിക്ക് പകയൊന്നുമില്ല. അതിന് തന്നെ പരുവപ്പെടുത്തി എടുത്തത് ആർ എസ് എസിന്റെ ജീവിതചര്യയാണ്. യോഗയും ഭക്ഷണക്രമവുമുൾപ്പടെ പ്രത്യേക ജീവതചര്യയാണ് ആർഎസ്എസ്സിന്റെത്.യഥാർത്ഥ ആർ എസ് എസുകാർ ആരോടും പകയോ വിദ്വേഷമോ വച്ചുപുലർത്തുന്നവരല്ല. അവർ വളരെ ലളിതമായ ജീവിതം ഉൾപ്പടെ നയിക്കുന്നവരാണ്. പിണറായി വിജയനോടുള്ള പക മൂലമാണോ ബിജെപി തെരഞ്ഞെടുത്തത് എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇത്തരത്തിലായിരുന്നു.

ബിജെപിയിൽ സ്ഥാനം ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് പീപ്പിൾ ഫസ്റ്റ്, പ്ലാനറ്റ് സെക്കന്റ് എന്നതാണ് തന്റെ ചിന്താഗതി. അതുകൊണ്ടാണ് തന്നെ സസ്‌പെന്റ് ചെയ്യാൻ കാരണമായ ഓഖി ദുരന്തവുമായി ബന്ധപ്പെട്ട തന്റെ വിവാദ പ്രസംഗവും ഉണ്ടാകുന്നത്.അതിൽ നിന്നാണ് പാവപ്പെട്ട ജനങ്ങൾ ആയതുകൊണ്ടല്ലെ ഇവരെ ഇത്തരത്തിൽ പരിഗണിക്കുന്നതെന്നും പണക്കാരായിരുന്നെങ്കിൽ ഇങ്ങനെ പരിഗണിക്കുമോ എന്ന ചോദ്യം ഉണ്ടായതും ഈ ചിന്തയിൽ നിന്നാണ്.എന്നാൽ സർവ്വീസിൽ നിന്ന് വിരമിച്ച ശേഷം ഈ ചിന്തയിൽ താൻ ചെറിയൊരുമാറ്റം വരുത്തി. അത് ഇങ്ങ്‌നെയാണ് നേഷൻ ഫസ്റ്റ് പീപ്പിൾ സെക്കന്റ് പ്ലാനറ്റ് ത്രീ എന്നതാണ്. ഈ ആശയത്തിലൂന്നി ബിജെപിയിൽ പ്രവർത്തിക്കുക എന്നത് മാത്രമെ ഇപ്പൊ ചിന്തയുള്ളു. അല്ലാതെ സ്ഥാനമോഹമില്ല.ഭാരവാഹിത്വങ്ങൾ തന്നാൽ അത് ഒരു ഉത്തരവാദിത്വമായി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

താൻ മത്സരിക്കുമൊ എവിടെ മത്സരിക്കും എന്നതൊക്കെ തീരുമാനിക്കേണ്ടത് പാർട്ടിയാണ്. പക്ഷെ അങ്ങിനെ ഒരവസരം വന്നാൽ താൻ തെരഞ്ഞെടുക്കുക തൃശ്ശൂർ ആയിരിക്കും. കാരണം വ്യക്തിപരമായി ഈ സ്ഥലത്തോട് ഒരു അടുപ്പമുണ്ട്. തന്റെ തനിച്ചുള്ള ജീവിതം ആരംഭിക്കുന്നത് അവിടെയാണ്. അതാണ് ഈ പ്രദേശത്തോടുള്ള ആത്മബന്ധം.

മത്സരിക്കാൻ വേണ്ടി രണ്ടുതരത്തിലുള്ള തയ്യാറാടെപ്പുകളാണ് പ്രധാമായും വേണ്ടത്.ഒന്ന് ഫിസിക്കലി ഫിറ്റാവുക, രണ്ട് ചിരിക്കാൻ പഠിക്കുക എന്നതാണ്.പ്രൊഫഷൻ പ്രകാരം ചിരിക്കാൻ പാടില്ല എന്നൊരു ശീലം ഉണ്ടായിരുന്നു.പക്ഷെ രാഷ്ട്രീയത്തിൽ പ്രധാനം ചിരിയാണ്. അതുകൊണ്ട് തന്നെ ചിരിക്കാനുള്ള പരിശീലനമാണ് ഇപ്പോൾ നടക്കുന്നതെന്നും സരസമായി ജേക്കബ് തോമസ് പറഞ്ഞു.ചെലവ് ചുരുക്കിയുള്ള തെരഞ്ഞെടുപ്പ് പ്രചരണ മാതൃകയാണ് താൻ ലക്ഷ്യം വെക്കുന്നത്. കാരണം പാർ്ട്ടി തരുന്ന ഫണ്ട് കൊണ്ട് മാത്രം പ്രചരണം പൂർത്തിയാവില്ല. അപ്പോൾ ചെലവ് ചുരുക്കിയുള്ള പ്രചരണമാണ് തന്റെ ലക്ഷ്യം.തന്റെ വോട്ടർമാരുടെ മനസ്സിലേക്ക് എത്തലാണ് തെരഞ്ഞെടുപ്പിൽ പ്രധാനം. അതിന് പണം വേണമെന്ന് കരുതുന്നില്ല.

ഒരു ചെറിയ സ്ഥലം തെരഞ്ഞെടുത്ത് അവിടെ തന്റെ ആശയങ്ങൾ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന വിധത്തിൽ ഉപയോഗപ്പെടുത്തുന്നതാണ് തന്റെ ആഗ്രഹം. ആ പ്രദേശത്ത് എല്ലാവർക്കും തൊഴിസും സ്വൈര്യജീവിതവും ഉറപ്പുവരുത്തുക കൂടി പദ്ധതിയുടെ ലക്ഷ്യമാണ്്.ഇതിനൊക്കെ കുറിച്ച് വ്യക്തമായ ധാരണ തന്റെ മനസ്സിൽ ഉണ്ട്. തനിക്ക് വിജയിക്കാനായാൽ അതൊക്കെയാവും തന്റെ മണ്ഡലത്തിൽ താൻ നടപ്പാക്കുക.

ട്വന്റി ട്വന്റിയുമായുള്ള ഒരുമിച്ച് പ്രവർത്തിക്കാനുള്ള ചില ആലോചനകൾ ഉണ്ടായിരുന്നു. സസ്‌പെൻഷനിലായിരുന്ന സമയത്തായിരുന്നു ഈ ചിന്ത. പക്ഷെ ശേഷം സർവ്വീസിൽ തിരികെയെത്തിയപ്പോൾ അശ്രമം ഉപേക്ഷിക്കേണ്ടിവന്നുവെന്നും അദ്ദേഹം പറഞ്ഞു.