തൃശ്ശൂർ: വരുന്ന നാലുമാസം മികച്ച പ്രകടനം കാഴ്ചവച്ചാൽ പിണറായി സർക്കാരിന് ഭരണത്തുടർച്ചയ്ക്ക് സാദ്ധ്യതയുണ്ടെന്ന് മുൻ ഡിജിപി ജേക്കബ് തോമസ്. തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയമായിരുന്നു എൽഡിഎഫിന്റെ വിജയ ഫോർമുലയെന്നും ജേക്കബ് തോമസ് പറഞ്ഞു.

അത്തരത്തിലുള്ള നീക്കം നിയമസഭ തിരഞ്ഞെടുപ്പിലും ഉണ്ടാകുകയാണെങ്കിൽ ഭരണത്തുടർച്ചയ്ക്ക് സാദ്ധ്യതയുണ്ടെന്ന് ജേക്കബ് തോമസ് നിരീക്ഷിക്കുന്നു.കിറ്റും, ക്ഷേമ പെൻഷനും ജനങ്ങളുടെ പണമാണെങ്കിലും സർക്കാരിന്റെ മുഖചിത്രം മാറ്റി. 21 വയസുകാരിയെ പോലും മേയർ ആക്കാൻ കാണിച്ച ധൈര്യം സർക്കാരിന് വലിയ മൈലേജ് ഉണ്ടാക്കി കൊടുത്തിട്ടുണ്ട്. മറ്റ് മുന്നണികളും സ്ഥാനാർത്ഥി നിർണയത്തിൽ ശ്രദ്ധചെലുത്തിയാൽ തിരഞ്ഞെടുപ്പ് ചിത്രം തന്നെ മാറുമെന്ന് ജേക്കബ് തോമസ് പറഞ്ഞു.

ന്യൂനപക്ഷ ഭൂരിപക്ഷ ഭേദമില്ലാതെ എല്ലാത്തരം ജനങ്ങളും ഇത്തവണ ബിജെപിയോട് അടുക്കും. സ്ഥാനാർത്ഥി നിർണയം മികച്ചതാണെങ്കിൽ എൻഡിഎക്ക് വിജയം ഉണ്ടാകും. ഒരു 20 ട്വന്റിക്കാകുമെങ്കിൽ എൻഡിഎക്ക് എന്തുകൊണ്ട് ഭരണം പിടിക്കാൻ ആകില്ല..? കേരളത്തിലെ ജനങ്ങൾക്ക് സ്ഥായിയായ എൽഡിഎഫ്-യുഡിഎഫ് സ്‌നേഹമില്ല. എന്നാൽ യുഡിഎഫിന് കേന്ദ്രത്തിലും കേരളത്തിലും ഭരണമില്ലാത്തതിനാൽ കാര്യങ്ങൾ അവർക്ക് പ്രതികൂലമാണ്. മികച്ച സ്ഥാനാർത്ഥി നിർണയത്തിലൂടെ മാത്രമെ ഇരുകൂട്ടർക്കും വിജയം ഉണ്ടാക്കാൻ കഴിയൂ എന്നാണ് മുൻ ഡിജിപിയുടെ നിരീക്ഷണം.