- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
താമര ചിഹ്നത്തിൽ ഇരിങ്ങാലക്കുടയിൽ സ്ഥാനാർത്ഥിയാകാൻ ജേക്കബ് തോമസ്; ബിജെപിക്ക് വേണ്ടി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് മുൻ ഡിജിപി; തീരുമാനം ദേശീയത ഉയർത്തി പിടിക്കാനെന്നും പ്രഖ്യാപനം; അഴിമതിക്കെതിരെയുള്ള പോരാട്ടം ജനാധിപത്യ വഴിയിലാക്കാൻ മുൻ വിജിലൻസ് ഡയറക്ടർ; സെൻകുമാറും മത്സരിക്കാൻ സാധ്യത
തിരുവനന്തപുരം: മറുനാടൻ വാർത്ത സ്ഥിരീകരിച്ച് മുൻ ഡിജിപി ജേക്കബ് തോമസ്. ഇരിങ്ങാലക്കുടയിൽ ബിജെപി സ്ഥാനാർത്ഥിയായി താൻ മത്സരിക്കുമെന്ന് ജേക്കബ് തോമസ് അറിയിച്ചു. ജേക്കബ് തോമസ് ബിജെപിയുടെ സ്ഥാനാർത്ഥി പട്ടികയിലുണ്ടാകുമെന്ന് മറുനാടൻ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെ ബിജെപിക്ക് വേണ്ടി മത്സരിക്കുമെന്ന് പ്രഖ്യാപിക്കുന്ന ആദ്യ വിഐപി സ്ഥാനാർത്ഥിയാവുകയാണ് ഇത്തവണ ജേക്കബ് തോമസ്. മുൻ ഡിജിപി സെൻകുമാറും മത്സരിക്കാൻ സാധ്യത ഏറെയാണ്. സെൻകുമാറും പരിവാർ പക്ഷത്താണ് ഇപ്പോൾ.
യുഡിഎഫും എൽഎഡിഎഫും അഴിമതിക്ക് കൂട്ടു നിൽക്കുന്നവരാണ്. കേരളത്തിൽ ബിജെപിയുടേത് ആ വഴി അല്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ ചാലക്കുടിയിൽ മത്സരിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ അത് നടന്നില്ല. ഈ സാഹചര്യത്തിൽ ഇരിങ്ങാലക്കുടയോടുള്ള പ്രത്യേക താൽപ്പര്യം കാരണം താൻ ഇരിങ്ങാലക്കുടയിൽ നിയമസഭയിലേക്ക് മത്സരിക്കും. മണ്ഡലം തെരഞ്ഞെടുത്തത് താനാണ്. എന്നാൽ എൻഡിഎ സ്വതന്ത്രനായിട്ടാണോ ബിജെപി സ്ഥാനാർത്ഥിയായാണോ മത്സരിക്കുകയെന്ന് ജേക്കബ് തോമസ് വ്യക്തമാക്കിയിട്ടില്ല. അതിശക്തമായ ത്രികോണ പോര് ഇരിങ്ങാലക്കുടയിൽ ഉണ്ടാകുമെന്നാണ് ജേക്കബ് തോമസിന്റെ വെളിപ്പെടുത്തൽ സൂചന നൽകുന്നത്.
തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുട നഗരസഭയും മുകുന്ദപുരം താലൂക്കിലെ ആളൂർ, കാറളം, കാട്ടൂർ മുരിയാട്, പടിയൂർ, പൂമംഗലം, വേളൂക്കര എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് ഇരിങ്ങാലക്കുട നിയമസഭാമണ്ഡലം. ക്രൈസ്തവ വിഭാഗത്തിന് നല്ല സ്വാധീനമുള്ള മണ്ഡലമാണ്. നിലവിൽ സിപിഎമ്മിന്റെ അരുണനാണ് എംഎൽഎ. യുഡിഎഫിന് വേണ്ടി കഴിഞ്ഞ തവണ മത്സരിച്ചത് കേരളാ കോൺഗ്രസിന്റെ തോമസ് ഉണ്ണിയാടനും. 2015ൽ ബിജെപിക്ക് 30000ത്തിൽ അധികം വോട്ട് ഇവിടെ കിട്ടി. ഇത്തവണ തോമസ് ഉണ്ണിയാടൻ ഇടതു പക്ഷത്തിനൊപ്പമാണ്. ഇതെല്ലാം പരിഗണിച്ചാണ് ജേക്കബ് തോമസ് മത്സരിക്കാൻ ഇരിങ്ങാലക്കുട തെരഞ്ഞെടുക്കുന്നത്. ബിജെപി വോട്ടുകൾക്കൊപ്പം ക്രൈസ്തവ വോട്ടുകളും തനിക്ക് കിട്ടുമെന്നാണ് വിലിയിരുത്തൽ.
രാഷ്ട്രീയത്തിൽ സജീവമാകുമെന്നും ബിജെപിയുമായി സഹകരിക്കുമെന്നും ജേക്കബ് തോമസ് പറഞ്ഞു. ഇരിങ്ങാലക്കുട, കാഞ്ഞിരപ്പള്ളി, മൂവാറ്റുപുഴ സീറ്റുകളിൽ മത്സരിക്കാൻ ആലോചനയുണ്ട്. മത്സരിച്ചില്ലെങ്കിൽ പ്രചാരണ രംഗത്ത് സജീവമായുണ്ടാകുമെന്നും ജേക്കബ് തോമസ് അറിയിച്ചു. കൂടുതൽ താൽപ്പര്യം ഇരിങ്ങാലക്കുടയോടാണ്. തെരഞ്ഞെടുപ്പിൽ രണ്ടുവിധത്തിൽ പങ്കാളിയാകാം. സ്ഥാനാർത്ഥിയായും പങ്കാളിയാകാം മത്സരിക്കുന്ന സ്ഥാനാർത്ഥികളെ പിന്തുണച്ചും തെരഞ്ഞെടുപ്പിൽ പങ്കാളിയാകാം. മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്കായി പ്രവർത്തിക്കുന്നതിനാണ് താത്പര്യം. ദേശീയതയ്ക്ക് ഒപ്പം നിൽക്കുന്ന രാഷ്ട്രീയ പാർട്ടിക്കൊപ്പമായിരിക്കും പ്രവർത്തനമെന്നും ജേക്കബ് തോമസ് പറഞ്ഞു.
കഴിഞ്ഞ തവണ 20-20യുടെ സ്ഥാനാർത്ഥിയായി ആണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. എന്നാൽ ഇക്കുറി എൻഡിഎയുടെ ഭാഗമായി ആവും തിരഞ്ഞെടുപ്പിനെ നേരിടുക. കഴിഞ്ഞ തവണ സംസ്ഥാന സർക്കാർ വിആർഎസ് അംഗീകരിക്കാതിരുന്നതാണ് മത്സരിക്കാൻ സാധിക്കാതെ പോയത്. എന്നാൽ ഇരിങ്ങാലക്കുട എന്നത് എന്റെ മനസ്സിലുള്ള ആഗ്രഹം മാത്രമാണ്. പാർട്ടി നിശ്ചയിക്കുന്നിടത്ത് മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു ഞാൻ ആദ്യം രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ പാർട്ടി എന്ന നിലയിൽ ട്വന്റി ട്വന്റി എന്ന പ്രസ്ഥാനത്തോട് വളരെ യോജിപ്പാണ്. എന്നാൽ ആ പാർട്ടി കേരളത്തിൽ മാത്രം ഒതുങ്ങുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ ഇന്ത്യൻ ദേശീയതയിൽ ഊന്നിയ ഒരു പാർട്ടിയുടെ ഭാഗം ആകാനാണ് താൽപര്യം.
എൻഡിഎ പോലെ നിലവിൽ ദേശീയ ശ്രദ്ധകിട്ടുന്ന മറ്റ് പാർട്ടികൾ ഇല്ല. എല്ലാത്തരം വൈവിധ്യവും ഉൾക്കൊള്ളുന്ന 40ഓളം പാർട്ടികൾ എൻഡിഎയുടെ ഭാഗമാണ് എന്നതും വലിയൊരു പ്രത്യേകതയാണ്. ദേശീയത ഒരു രാജ്യത്തിന് അത്യാവശ്യമായ ഘടകം തന്നെയാണ്, എന്നാൽ അതിനൊരു അടിസ്ഥാനം വേണം. പാലക്കാട് നഗരസഭയിലുണ്ടായത് പോലുള്ള സംഭവങ്ങൾ ആവേശത്തിന്റെ പുറത്ത് ഉണ്ടായതാണ്. അങ്ങനെ രാജ്യത്തിന്റെ പലഭാഗത്ത് നടക്കുന്ന സംഭവങ്ങൾ ദേശീയതയുമായി കൂട്ടിക്കുഴയ്ക്കാൻ ആവില്ല.
ഭരണത്തിലുള്ള സർക്കാരിന് തീർച്ചയായും ഒരു മേൽകൈ തിരഞ്ഞെടുപ്പിൽ ഉണ്ട്. എന്നാൽ ഇക്കുറി ന്യൂനപക്ഷ-ഭൂരിപക്ഷ ഭേദമില്ലാതെ എല്ലാത്തരം ജനങ്ങളും ബിജെപിയോട് അടുക്കും. സ്ഥാനാർത്ഥി നിർണയം മികച്ചതാണെങ്കിൽ എൻഡിഎക്ക് വിജയം ഉണ്ടാകും-ജേക്കബ് തോമസ് പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ