തിരുവനന്തപുരം: ഒരു വർഷമായി സസ്‌പെൻഷനിലുള്ള ഏറ്റവും മുതിർന്ന ഡി.ജി.പി ഡോ.ജേക്കബ് തോമസ്, വെറുതെ വീട്ടിലിരിക്കുകയല്ല. സംസ്ഥാന ഭരണത്തിലെയും ഉദ്യോഗസ്ഥ തലത്തിലെയും അഴിമതികളും പുഴുക്കുത്തുകളും കെടുകാര്യസ്ഥയും തെളിവു സഹിതം തുറന്നുകാട്ടുന്ന പുസ്തകത്തിന്റെ രചനയിലാണ് അദ്ദേഹം. ഇംഗ്ലീഷിലുള്ള പുസ്തക രചന ഏതാണ്ട് പൂർത്തിയായിട്ടുണ്ട്. ഇംഗ്ലീഷിലെ പ്രമുഖ പ്രസാധകരാണ് ജേക്കബ് തോമസിന്റെ പുസ്തകം പ്രസിദ്ധീകരിക്കുക. സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന വിമർശനങ്ങളും തെളിവുകളുമാവും ഈ പുസ്തകത്തിലുണ്ടാവുക. അദ്ദേഹത്തിന് പൊലീസ് മേധാവി പദവി നൽകാതിരിക്കാൻ നടന്ന ഗൂഢാലോചനകളും നാടകങ്ങളും പുസ്തകത്തിൽ തുറന്നുകാട്ടും. മാസം ഒന്നരലക്ഷം രൂപയോളം ഉപജീവനബത്ത നൽകിയാണ് ഒരു വർഷമായി ജേക്കബ് തോമസിനെ സസ്‌പെൻഡ് ചെയ്ത് വീട്ടിലിരുത്തിയിരിക്കുന്നത്.

സസ്‌പെൻഷൻ നടപടിക്ക് കാരണമായ 'സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ' എന്ന പുസ്തകത്തിനു ശേഷം ജുഡീഷ്യറി,സർക്കാർ, ഉദ്യോഗസ്ഥ തലത്തിലെ അഴിമതിയുടെ തെളിവുകൾ സഹിതം പുറത്താക്കുന്ന പുതിയ പുസ്തകത്തിന്റെ പണിപ്പുരയിലാണ് ജേക്കബ്‌തോമസെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. സംസ്ഥാനത്ത് വലിയ പൊട്ടിത്തെറിയുണ്ടാക്കുന്നതായിരിക്കും ഈ പുസ്തകം. ഉന്നത ഉദ്യോഗസ്ഥർക്കും മന്ത്രിമാർക്കും മുന്മന്ത്രിമാർക്കും എതിരായ അഴിമതിക്കേസുകൾ എങ്ങനെ ഒതുക്കിയെന്നും ജുഡീഷ്യറിയുമായി ഭരണനേതൃത്വം എങ്ങനെയുള്ള ബന്ധമാണ് പുലർത്തുന്നതെന്നുമടക്കമുള്ള സത്യസന്ധമായ വെളിപ്പെടുത്തലുകൾ പുസ്തകത്തിലുണ്ടാവും.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഏറ്റവും അടുപ്പക്കാരനായിരുന്ന ജേക്കബ്‌തോമസ് എങ്ങനെ സർക്കാരിന് അനഭിമതനായി എന്ന് വ്യക്തമാക്കുന്നതാവും പുസ്തകം. ഇ.പി.ജയരാജന്റെ ബന്ധുനിയമനക്കേസ് അടക്കമുള്ള കേസുകൾ എങ്ങനെ അട്ടിമറിച്ചു എന്നതിന്റെ തെളിവുകളുമുണ്ടാവും. വിജിലൻസ് ഡയറക്ടർ പദവി ഒഴിയും മുൻപ് ഡയറക്ടറേറ്റിലെ രേഖകൾ ജേക്കബ് തോമസ് ഫോട്ടോസ്റ്റാറ്റ് എടുക്കുന്നതായി ആരോപണമുണ്ടായിരുന്നു. ഇങ്ങനെ ശേഖരിച്ച രേഖകൾ പുസ്തകരചനയ്ക്ക് ഉപയോഗിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്. ബാർകോഴ, പാറ്റൂർ, ടൈറ്റാനിയം അഴിമതിക്കേസുകൾ എങ്ങനെ ഒതുക്കപ്പെട്ടു എന്ന് വിശദീകരിക്കുന്ന ലേഖനങ്ങൾ പുസ്തകത്തിലുണ്ടാവും.

ഇംഗ്ലീഷിലെ പുസ്തകത്തിന് പുറമേ മലയാളത്തിൽ രണ്ട് പുസ്തകങ്ങളും വരുന്നുണ്ട്. കണ്ണൂരിലെ രാഷ്ട്രീയ പകപോക്കലിന്റെ രീതികളും, അവ ഏതൊക്കെ രീതിയിലാണ് തന്റെ കാര്യത്തിൽ പ്രാവർത്തികമാക്കിയതെന്നും വിശദീകരിക്കുന്നതാവും പുസ്തകങ്ങൾ. കണ്ണൂരിലെ രാഷ്ട്രീയ വൈരാഗ്യബുദ്ധിയാണ് തന്റെ കാര്യത്തിൽ നടപ്പായതെന്നാണ് ജേക്കബ്‌തോമസിന്റെ വിലയിരുത്തൽ. നിരവധി ഉന്നത ഉദ്യോഗസ്ഥർക്കെതിരേ വിജിലൻസ് അന്വേഷണം നടക്കുന്നുണ്ടെങ്കിലും തന്നെ മാത്രം സസ്‌പെൻഡ് ചെയ്തത് ഈ വൈരാഗ്യത്തിന്റെ ഫലമാണെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. തുറമുഖ വകുപ്പിലെ ഉദ്യോഗസ്ഥരെയാകെ ഒഴിവാക്കി ഡ്രജ്ജർ വാങ്ങിയതിൽ ആരോപിക്കപ്പെടുന്ന അഴിമതിയിൽ തന്നെ മാത്രം പ്രതിക്കൂട്ടിലാക്കുന്നത് ഏതെങ്കിലും ഉദ്യോഗസ്ഥൻ വിചാരിച്ചാൽ നടക്കുന്നതല്ലെന്നും, ഭരണനേതൃത്വത്തിന്റെ ഒത്താശ അതിനു പിന്നിലുണ്ടെന്നുമാണ് ജേക്കബ്‌തോമസ് വിലയിരുത്തുന്നത്.

പൊലീസ് തലപ്പത്ത് ഇപ്പോൾ നടമാടുന്ന അഴിമതിയെക്കുറിച്ചും പുസ്തകങ്ങളിൽ വെളിപ്പെടുത്തലുകളുണ്ടാവും. സൈബർ സുരക്ഷാസമ്മേളനമായ കൊക്കൂൺ-2016 ൽ വമ്പൻ ധൂർത്തും കൊടിയ അഴിമതിയും നടന്നതായി അദ്ദേഹം കണ്ടെത്തിയിരുന്നെങ്കിലും വിജിലൻസ് കേസുമായി മുന്നോട്ട് പോയിരുന്നില്ല. പൊലീസുദ്യോഗസ്ഥർക്ക് പരിശീലനത്തിനുള്ള കേന്ദ്രസർക്കാരിന്റെ കോടികളുടെ ഫണ്ട് അന്താരാഷ്ട്ര സമ്മേളനത്തിനായി ധൂർത്തടിച്ചു. ഏതാനും ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നതൊഴിച്ച് ഒരു സൈബർ സുരക്ഷാ പരിശീലനവും അന്താരാഷ്ട്ര സമ്മേളനത്തിലുണ്ടായില്ല. വിജിലൻസ് മേധാവിയായിരിക്കെ അന്താരാഷ്ട്ര സമ്മേളനത്തിന്റെ കണക്കുകൾ ഉടനടി നൽകണമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്റയോട്, ജേക്കബ് തോമസ് ആവശ്യപ്പെട്ടെങ്കിലും കണക്കുകൾ പൂർണമായി തയ്യാറാക്കിയിട്ടില്ലെന്ന് പൊലീസ് ആസ്ഥാനം മറുപടി നൽകുകയായിരുന്നു.

കായൽ കൈയേറി നിർമ്മിച്ച കൊല്ലത്തെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ നിയമവിരുദ്ധ ഇടപാടുകൾ വെള്ളപൂശാൻ രണ്ട് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നതായാണ് വിജിലൻസ് സംശയിക്കുന്നത്. ഗവർണറും പ്രധാനമന്ത്രിയുടെ ഓഫീസിലെ സൈബർ സുരക്ഷാ മേധാവിയും പൊലീസിലെ ഉന്നതരും പങ്കെടുക്കുന്ന ചടങ്ങ് നടത്തുന്നതിലൂടെ പഞ്ചനക്ഷത്രഹോട്ടലിന്റെ നിയമലംഘനങ്ങൾ ഇല്ലാതാക്കാനായിരുന്നു നീക്കം. കായൽ കൈയേറിയതിന് ഹോട്ടലിനെതിരേ ഹൈക്കോടതിയിൽ കേസുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് ഹോട്ടലിന് അനുകൂലമായി തീരുമാനങ്ങളെടുക്കാൻ പൊലീസിലെ ഉന്നതർ ഇടപെട്ടതായും വിവരമുണ്ട്.

എക്‌സൈസ് കമ്മിഷണർ ഋഷിരാജ് സിങ് ഈ ഹോട്ടലിലെ ബാർ പൂട്ടിച്ചിരുന്നു. കൊക്കൂൺ സമ്മേളനത്തിൽ ഹോട്ടലിൽ മദ്യം വിളമ്പിയെന്നും അന്വേഷണത്തിൽ കണ്ടെത്തി. നക്ഷത്രഹോട്ടലിൽ താമസിച്ച് മദ്യപിച്ച് എന്തു പരിശീലനമാണ് പൊലീസുകാർക്ക് നൽകിയതെന്നാണ് ജേക്കബ്‌തോമസിന്റെ ചോദ്യം. മുൻവർഷങ്ങളിൽ തിരുവനന്തപുരത്ത് നടത്തിയിരുന്ന അന്താരാഷ്ട്ര സമ്മേളനം ഒരു ഐ.ജിയുടെ താത്പര്യപ്രകാരം കൊല്ലത്തേക്ക് മാറ്റുകയായിരുന്നു. തിരുവനന്തപുരത്ത് സർക്കാരിന്റെ ഉടമസ്ഥതയിൽ മസ്‌കറ്റ് ഹോട്ടലും കോവളത്ത് സമുദ്രയും ഉള്ളപ്പോഴാണ് കൊല്ലത്തെ സ്വകാര്യ നക്ഷത്രഹോട്ടലിൽ അന്താരാഷ്ട്രസമ്മേളനം നടത്തിയത്.

തിരുവനന്തപുരം വിമാനത്താവളത്തിലാണ് അതിഥികളും വിശിഷ്ടവ്യക്തികളും എത്തുന്നതെന്നിരിക്കേ, ഇവരുടെ യാത്രാചെലവിനു മാത്രം ലക്ഷങ്ങൾ വേണ്ടിവന്നു. കേന്ദ്രഫണ്ട് ധൂർത്തടിച്ച് നടത്തിയ അന്താരാഷ്ട്ര സമ്മേളനത്തിൽ ഒരു പൊലീസുകാരനു പോലും സൈബർ സുരക്ഷാ പരിശീലനം നൽകാനായില്ലെന്നും പ്രാഥമികഅന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ജനങ്ങൾക്ക് ഉപകാരമായതൊന്നും സമ്മേളനത്തിലുണ്ടായില്ല. ഹോട്ടലിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് മറപിടിക്കാൻ പൊലീസിലെ ഒരു ഉന്നതൻ അധികാര ദുർവിനിയോഗം നടത്തിയതായാണ് ജേക്കബ്‌തോമസ് കണ്ടെത്തിയിരുന്നത്.

യു.എ.ഇ ഉപപ്രധാനമന്ത്രി ഷേഖ് സയിഫ് ബിൻ സയിദ് ഇൽ നഹ്യാൻ ചടങ്ങിൽ നിന്ന് പിന്മാറുകയും ചെയ്തിരുന്നു. പിന്നീട് കുഴിച്ചുമൂടപ്പെട്ട ഈ അഴിമതിയുടെ വിശദവിവരങ്ങൾ പുതിയ പുസ്തകങ്ങളിലുണ്ടാവും. പ്രകൃതി ദുരന്തങ്ങളിലെ അഴിമതിയും വിശദീകരിക്കും. ഓഖിയുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗത്തിലാണ് ജേക്കബ് തോമസിനെ സർക്കാർ സസ്‌പെന്റ് ചെയ്യുന്നത്.

ജേക്കബിനെ കുരുക്കാൻ സർക്കാരൊക്കിയ കുതന്ത്രങ്ങൾ നിരവധി...

തുറമുഖവകുപ്പ് ഡയറക്ടറായിരിക്കേ ജേക്കബ്‌തോമസ് 2009ൽ സ്ട്രാറ്റജിക്മാനേജ്‌മെന്റിൽ ഗവേഷണത്തിനായി അവധിയെടുത്തിരുന്നു. മൂന്നുമാസത്തേക്ക് ഗവേഷണകാലാവധി നീട്ടിച്ചോദിച്ചെങ്കിലും സർക്കാർ അനുവദിച്ചില്ല. ഈ കാലയളവിൽ സ്ട്രാറ്റജിക് മാനേജ്‌മെന്റ് ഫോറത്തിൽ നിന്നുള്ള ഗ്രാന്റും മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഓണറേറിയവും സർക്കാരിൽ നിന്ന് ശമ്പളവും കൈപ്പറ്റിയെന്നായെന്ന പരാതിയിലായിരുന്നു വിജിലൻസ് അന്വേഷണം. സർക്കാർ അനുമതിയില്ലാത്തതിനാൽ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് കൈപ്പറ്റിയ ഗ്രാന്റും ഓണണേറിയവും ജേക്കബ്‌തോമസ് തിരിച്ചടച്ചതായി കണ്ടെത്തിയതോടെ ഈ ആരോപണത്തിന്റെ മുനയൊടിഞ്ഞു. വരവിൽകവിഞ്ഞ് അനധികൃതമായി സ്വത്തുസമ്പാദിച്ചെന്ന പരാതിയിൽ നടത്തിയ ത്വരിതഅന്വേഷണവും കഴമ്പില്ലെന്ന് കണ്ടെത്തി വിജിലൻസ്അവസാനിപ്പിച്ചു.

കേരളാ ട്രാൻസ്‌പോർട്ട് ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ(കെ.ടി.ഡി.എഫ്.സി) മാനേജിങ് ഡയറക്ടറായിരിക്കേ തീരപരിപാലനനിയമം ലംഘിച്ച് നീണ്ടകരയിൽ മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട് പണിതുയർത്തി സർക്കാരിന് വൻ അധികചിലവുണ്ടാക്കിയെന്ന പരാതിയിൽ വിജിലൻസ് എസ്‌പി വി.എൻ.ശശിധരനാണ് ത്വരിതഅന്വേഷണം നടത്തിയത്. ഹാർബർഎൻജിനീയറിങ്, പൊതുമരാമത്ത്, ഇറിഗേഷൻ വകുപ്പുകളുടെ അനുമതിയില്ലാതെ നടത്തിയ നിർമ്മാണം ചട്ടങ്ങൾ ലംഘിച്ചാണെന്നായിരുന്നു ധനകാര്യപരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ട്. തുറമുഖവകുപ്പിന് ആസ്ഥാനമന്ദിരം നിർമ്മിച്ചതും ചട്ടങ്ങൾ പാലിക്കാതെയാണെന്നും വിജിലൻസിന് പരാതികിട്ടിയിരുന്നു. കെട്ടിടനിർമ്മാണ, തീരപരിപാലന ചട്ടങ്ങളും സാമ്പത്തികഇടപാടുകളും ടെൻഡർ-പർച്ചേസ് രേഖകളും പരിശോധിച്ച വിജിലൻസ് പരാതികളിൽ കഴമ്പില്ലെന്നാണ് കണ്ടെത്തിയത്. 58 ലക്ഷംരൂപയ്ക്ക് സ്റ്റീൽ ഫർണിച്ചർ വാങ്ങിയത് സ്വകാര്യകമ്പനിയിൽ നിന്നല്ലെന്നും സർക്കാർ സ്ഥാപനമായ സിഡ്‌കോയിൽനിന്നാണെന്നും അന്വേഷണത്തിൽ തെളിഞ്ഞു.

വിജിലൻസ് കോടതിയുടെ നിർദ്ദേശപ്രകാരം ഐ.എ.എസുദ്യോഗസ്ഥരായ ടോംജോസ്, ടി.ഒ.സൂരജ്, വി.ജെ.കുര്യൻ,കെ.എം.എബ്രഹാം എന്നിവർക്കെതിരേ വിജിലൻസ് കേസെടുത്തിട്ടുണ്ട്. റിയാബ് സെക്രട്ടറി കെ.പത്മകുമാറിനെ മലബാർസിമന്റ്‌സ് അഴിമതിക്കേസിൽ വിജിലൻസ് അറസ്റ്റ്‌ചെയ്തു. ഇതിനുപിന്നാലെ മൂന്ന് ഐ.എ.എസുകാർ മുഖ്യമന്ത്രിയെ കണ്ട് തങ്ങൾക്കെതിരേ കേസുകളും അറസ്റ്റും പാടില്ലെന്ന് അഭ്യർത്ഥിച്ചു. പത്മകുമാറിനെതിരായ വിജിലൻസിന്റെ അന്വേഷണ ഫയൽ തനിക്ക് കാണണമെന്ന് വ്യവസായസെക്രട്ടറി പോൾആന്റണി ആഭ്യന്തരസെക്രട്ടറി നളിനിനെറ്രോയോട് ആവശ്യപ്പെട്ടിരുന്നു. കെ.എം.മാണിക്കെതിരായ കോഴിക്കോഴ, നികുതിയിളവ് വിവാദങ്ങളിലും ധനവകുപ്പ് അഡി.ചീഫ്‌സെക്രട്ടറിക്കെതിരേ അന്വേഷണം നീണ്ടതോടെ ഐ.എ.എസുകാർ ജേക്കബ്‌തോമസിനെതിരേ സംഘടിക്കുകയായിരുന്നു. പിന്നീട് ഭരണനേതൃത്വത്തിലെ ചിലർക്കെതിരെ അഴിമതി അന്വേഷണം നീണ്ടതോടെ ജേക്കബ്‌തോമസിനെ പുറത്താക്കുകയായിരുന്നു.