- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കെ.സുരേന്ദ്രനെ മാത്രം മാറ്റിയിട്ട് കാര്യമില്ല; സംഘടനാതലത്തിൽ സമൂലമായ അഴിച്ചുപണി ആവശ്യം; ഗ്രൂപ്പ് പ്രശ്നം ഉണ്ടെങ്കിൽ പാർട്ടി താൽപര്യങ്ങൾക്ക് അതീതമാകരുത്; ബിജെപിക്ക് ഒരു എംഎൽഎ. പോലും ഇല്ലാത്തത് പ്രതിസന്ധി; സംസ്ഥാന ബിജെപിയെ നവീകരിക്കാൻ ജേക്കബ് തോമസിന്റെ റിപ്പോർട്ട്
തിരുവനന്തപുരം: കേരളത്തിലെ ബിജെപിയിലെ പ്രശ്നങ്ങൾ പഠിക്കാൻ കേന്ദ്ര നേതൃത്വം നിയോഗിച്ച മൂന്നുപേർക്കും വ്യത്യസ്താഭിപ്രായം. നേതൃമാറ്റം അനിവാര്യമാണെന്ന് സി.വി. ആനന്ദ ബോസ് ചൂണ്ടിക്കാട്ടുമ്പോൾ അതുകൊണ്ട് മാത്രം കാര്യമില്ലെന്ന് മുൻഡിജിപി ജേക്കബ് തോമസിന്റെ റിപ്പോർട്ട്. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ മാത്രം മാറ്റിയിട്ട് കാര്യമില്ലെന്ന് ബിജെപി കേന്ദ്ര നേതൃത്വത്തിന് നൽകിയ റിപ്പോർട്ടിൽ ജേക്കബ് തോമസ് വ്യക്തമാക്കി.
പാർട്ടിയുടെ താഴേത്തട്ടിലുള്ള പ്രശ്നങ്ങൾ കണ്ടു പിടിക്കേണ്ടതുണ്ട്. സംഘടനാ തലത്തിൽ സമൂലമായ അഴിച്ചു പണി ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു. പാർട്ടിക്കുള്ളിൽ ഗ്രൂപ്പ് പ്രശ്നം ഉണ്ടെങ്കിൽ അത് പാർട്ടി താൽപര്യങ്ങൾക്ക് അതീതമാവരുതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ബിജെപിക്ക് ഒരു എംഎൽഎ. പോലും നിയമസഭയിൽ ഇല്ല എന്നത് ഏറ്റവും വലിയ പ്രതിസന്ധിയാണ്. അത് പരിഹരിക്കാനുള്ള ശ്രമമായിരുന്നു നടത്തേണ്ടത്. ജനാധിപത്യ പ്രക്രിയയിൽ ബിജെപിയുടെ നയങ്ങൾ പറയാൻ നിയമസഭയിൽ ഒരാൾ പോലും ഇല്ല എന്നത് വലിയ പോരായ്മ തന്നെയാണ്. ഒന്നിൽ നിന്ന് 90 ആവുകയില്ലെങ്കിലും ഒന്നിൽനിന്ന് ഒമ്പത് ആവുമായിരുന്നു. അവസരം എന്നത് ഒന്നേയുള്ളൂ അത് പ്രയോഗിക്കണം. കെ. കരുണാകരനൊക്കെ ഒമ്പതിൽ നിന്നാണ് തൊണ്ണൂറിലെത്തിയത്, ജേക്കബ് തോമസ് പറയുന്നു.
ചില വ്യക്തി താൽപര്യങ്ങളൊക്കെ സ്ഥാനാർത്ഥി നിർണയങ്ങളിൽ ഉണ്ടായിട്ടുണ്ടാവാമെങ്കിലും അതിനെ ഗ്രൂപ്പിസം എന്ന് വിശേഷിപ്പിക്കാനാവില്ലെന്ന് ജേക്കബ് തോമസ് പറയുന്നു. എല്ലാ പാർട്ടികളിലും ഉള്ള ഈ വിഷയം ബിജെപിയുടെ നിയമസഭാ തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ല.
മറ്റുസംസ്ഥാനങ്ങളിലെ പ്രവർത്തനശൈലി കേരളത്തിൽ അഭികാമ്യമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഉത്തരേന്ത്യൻ രാഷ്ട്രീയത്തിനപ്പുറം ഓരോ സംസ്ഥാനത്തിന്റേയും സംസ്കാരത്തേയും അവിടെയുള്ള ജനങ്ങളേയും വിശ്വാസത്തിലെടുത്തുകൊണ്ടുള്ള രാഷ്ട്രീയ പ്രവർത്തനങ്ങളാണുണ്ടാവുന്നത്. അല്ലാതെ ഇന്നേ ഭാഷ സംസാരിക്കണമെന്ന് പറയുക ഇന്നേ ഭക്ഷണം കഴിക്കണമെന്ന് പറയുക എന്നതൊന്നും ജനങ്ങൾ ചിലപ്പോൾ അംഗീകരിക്കില്ല. ഒപ്പം എല്ലാ മതങ്ങളേയും വിശ്വാസത്തേയും കണക്കിലെടുക്കുകയും വേണമെന്നും റിപ്പോർട്ടിൽ പറയുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു റിപ്പോർട്ട് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടത്. ഇതിനു പുറമെ കൊടകര കുഴൽപ്പണക്കേസ്, തെരഞ്ഞെടുപ്പിലെ ഫണ്ട് വിനിയോഗ വിവാദം എന്നിവ സംബന്ധിച്ച് മറ്റൊരു റിപ്പോർട്ട് നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇ ശ്രീധരൻ, ജേക്കബ് തോമസ്, സിവി ആനന്ദബോസ് എന്നിവരെയാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ വിവാദങ്ങളും വീഴ്ചകളും സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ കേന്ദ്ര നേതൃത്വം നിയോഗിച്ചത്. മൂന്നു പേരും വെവ്വേറെയാണ് റിപ്പോർട്ടുകൾ നൽകുന്നത്. ബിജെപിയിൽ നേതൃമാറ്റം വേണമെന്നും ബൂത്തു തലം മുതൽ പാർട്ടി അഴിച്ചു പണിയണമെന്നുമാണ് ആനന്ദ ബോസ് റിപ്പോർട്ടിൽ വ്യക്തമാക്കിയതെന്നാണ് ലഭിക്കുന്ന വിവരം. ന്യൂനപക്ഷങ്ങളെ പാർട്ടിയിലേക്ക് അടുപ്പിക്കേണ്ടതുണ്ടെന്നും ന്യൂനപക്ഷം ബിജെപിയോട് പുലർത്തുന്ന അകൽച്ച മാറ്റാനുള്ള നിർദ്ദേശങ്ങളും റിപ്പോർട്ടിലുണ്ടെന്നാണ് സൂചന.
ആനന്ദബോസിന്റെ റിപ്പോർട്ടിൽ പറയുന്നത്
നേതൃമാറ്റം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയ സി.വി. ആനന്ദ ബോസ് ഇതിനായി നാലു നിർദ്ദേശങ്ങൾ സമർപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. പുതിയ നേതൃത്വത്തെ കൊണ്ടുവരലാണ് ഒന്നാമത്തെ നിർദ്ദേശം. നിലവിലുള്ള നേതാക്കൾ സ്വമേധയാ രാജിവെക്കുകയും കാര്യങ്ങൾ പരിശോധിച്ചശേഷം പുതിയ നേതൃത്വത്തെ നിശ്ചയിക്കുകയും ചെയ്യുകയെന്നതാണ് രണ്ടാമത്തേത്. പ്രശ്നങ്ങളില്ലാത്ത പഴയ നേതാക്കൾക്കും പുതിയ കമ്മിറ്റിയിൽ അനിവാര്യമെങ്കിൽ തിരിച്ചുവരാം. സംസ്ഥാനത്തെ പാർട്ടിഘടകത്തിൽ ഉൾപ്പെടുത്താൻ കഴിയാത്തവരുടെ സേവനം മറ്റു സംസ്ഥാനങ്ങളിലോ കേന്ദ്ര തലത്തിലോ ഉപയോഗിക്കണമെന്നതാണ് മൂന്നാമത്തേത്. ഇവരെ പ്രഭാരിമാർ, കേന്ദ്ര സർക്കാരിന്റെ സമിതി അംഗങ്ങൾ എന്നീ നിലകളിൽ നിയോഗിക്കണം. ബൂത്തുതലം മുതൽ പാർട്ടിയെ ഉടച്ചു വാർക്കണമെന്നാണ് നാലാമത്തെ നിർദ്ദേശം.
പാർട്ടിയിൽ പ്രവർത്തകരും ജനങ്ങളും തമ്മിലുള്ള ബന്ധം നഷ്ടമായത് തിരിച്ചുപിടിക്കണം. ജനങ്ങൾക്ക് എന്തെങ്കിലും ആവശ്യം വന്നാൽ ആദ്യം ഓടിയെത്തുന്നത് ബിജെപി. പ്രവർത്തകരായിരിക്കണം. ന്യൂനപക്ഷങ്ങളെ പാർട്ടിയുമായി കൂടുതൽ അടുപ്പിക്കണം. ഗ്രൂപ്പിസം പാർട്ടിയെ കാർന്നുതിന്നുകൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടിലുണ്ട്. നേതാക്കൾ തമ്മിൽ പതിവ് ആശയവിനിമയംപോലും നടക്കാത്ത നിലയാണ് പലയിടത്തും.
നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിനിർണയം വൈകിയത്, അതിലെ പാളിച്ചകൾ, ചില സ്ഥാനാർത്ഥികളുടെ കാര്യത്തിൽ കൈക്കൊണ്ട യുക്തിസഹമല്ലാത്ത നിലപാടുകൾ തുടങ്ങിയവ പ്രതിച്ഛായ നഷ്ടമാക്കി. തിരഞ്ഞെടുപ്പ് ഫണ്ട് ഔദ്യോഗിക വിഭാഗം മാത്രമാണ് കൈകാര്യം ചെയ്തതെന്നും തങ്ങൾ ഇടപെട്ടിട്ടില്ലെന്നും സ്ഥാനാർത്ഥികൾതന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ ഉദാഹരണസഹിതം വ്യക്തമാക്കുന്നു. കേരളത്തെപ്പോലെ ചെറിയ ഒരു സംസ്ഥാനത്ത് തിരഞ്ഞെടുപ്പ പ്രചാരണത്തിന് ഹെലികോപ്റ്റർ ആഡംബരമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ