തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസിനെ പുറത്താക്കാൻ കരുനീക്കിയവർക്ക് കുടപിടിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറായില്ല. ഇതോടെ വിജിലൻസ് ഡയറക്ടറായി ജേക്കബ് തോമസ് തുടരുമെന്നും ഉറപ്പായി. സർക്കാരിനെ പ്രതിസന്ധിയിലാക്കാത്ത തരത്തിൽ ജേക്കബ് തോമസ് വിജിലൻസ് മുന്നോട്ട് പോകുമെന്നാണ് സൂചന. എന്നാൽ അഴിമതിക്കാർക്കെതിരെ വിട്ടുവീഴ്ച കാണിക്കുകയുമില്ല. ജേക്കബ് തോമസിനെ മാറ്റേണ്ടതില്ലെന്ന് സിപിഎമ്മിനെ കൊണ്ട് പോലും പിണറായി തീരുമാനം എടുപ്പിച്ചു. ഹേമചന്ദ്രനെ വിജിലൻസ് ഡയറക്ടറാക്കാനുള്ള നീക്കം ഇതോടെ പൊളിഞ്ഞു. ഐഎഎസ്-ഐപിഎസ് ലോബിയാണ് ജേക്കബ് തോമസിനെ മാറ്റാൻ ശ്രമിക്കുന്നതെന്ന തിരിച്ചറിവിലാണ് ഇത്.

സ്ഥാനമൊഴിയാനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നതായി രാവിലെ മാദ്ധ്യമങ്ങളോടു പ്രതികരിച്ച ജേക്കബ് തോമസ്, സിപിഐ(എം) തീരുമാനം പുറത്തുവന്ന ശേഷം നിലപാടു വ്യക്തമാക്കിയിട്ടില്ല. ഡയറക്ടറുടെ കസേരയിൽ മടങ്ങിയെത്തില്ലെന്നാണ് ജേക്കബ് തോമസ് നേരത്തെ നിലപാട് എടുത്തത്. പകരം ഏതു തസ്തിക ലഭിച്ചാലും സ്വീകരിക്കും. അഴിമതിക്കെതിരെ പോരാട്ടം നടത്താൻ വേറെ മാർഗം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സംഘം ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ സംഘടിത നീക്കവും ധനകാര്യ പരിശോധനാ റിപ്പോർട്ടുമാണു സ്ഥാനമൊഴിയാനുള്ള പ്രകോപനത്തിനു പിന്നിലെന്നാണു സൂചന. എന്നാൽ പിണറായിയുടെ നിലപാട് ജേക്കബ് തോമസിനെ സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹം നിലവിലെ സാഹചര്യത്തിൽ തുടരുമെന്ന് തന്നെയാണ് സൂചന.

ഇപ്പോൾ ഞങ്ങൾക്കു മുന്നിൽ അങ്ങനെയൊരു വിഷയമില്ല. തീരുമാനമാകുമ്പോൾ നിങ്ങളെ അറിയിക്കാം- മന്ത്രിസഭാ യോഗം കഴിഞ്ഞു മടങ്ങുമ്പോൾ മുഖ്യമന്ത്രി മാദ്ധ്യമങ്ങളോടു പറഞ്ഞത് ഇങ്ങനെയായിരുന്നു. അതായത് ജേക്കബ് തോമസിന്റെ കത്ത് പരിഗണിക്കില്ലെന്ന സൂചനയായിരുന്നു ഇത്. ജേക്കബ് തോമസിനെ മാറ്റേണ്ടതില്ലെന്ന തീരുമാനം പാർട്ടിയും മുഖ്യമന്ത്രിയും കൈക്കൊണ്ടതിനാൽ വൈകുന്നേരം മന്ത്രിസഭായോഗത്തിൽ പകരക്കാരനെക്കുറിച്ചു ചർച്ച ചെയ്തില്ല. സർക്കാർ നിലപാട് അംഗീകരിച്ചില്ലെങ്കിൽ അദ്ദേഹത്തിനു പകരം ഉചിത നിയമനം എളുപ്പമാകില്ല. ചൊവ്വാഴ്ച വൈകിട്ടാണു തന്നെ മാറ്റണമെന്ന കത്ത് ജേക്കബ് തോമസ് ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്കു നൽകിയത്. വ്യക്തിപരമായ കാരണങ്ങളാണു ചൂണ്ടിക്കാട്ടിയത്. കത്ത് അപ്പോൾ തന്നെ ചീഫ് സെക്രട്ടറിക്ക് ആഭ്യന്തര സെക്രട്ടറി കൈമാറി. ഇ.പി.ജയരാജന്റെ ബന്ധുനിയമന വിവാദത്തിൽ വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ച ഘട്ടത്തിലുള്ള ഡയറക്ടറുടെ ഈ അപ്രതീക്ഷിത പിന്മാറ്റം സർക്കാരിനെ വല്ലാത്ത പ്രതിരോധത്തിലാക്കി. ഇന്നലെ രാവിലെ പതിവുപോലെ ഓഫിസിൽ എത്തിയ ജേക്കബ് തോമസിന്റെ പ്രതികരണം ശ്രദ്ധേയമായി. 'ഓരോ ദിവസവും പുതിയ ആകാശവും പുതിയ ഭൂമിയുമാണ്. ഇന്നലത്തെ സത്യം ഇന്നു സത്യമാകണമെന്നില്ല'.

ജേക്കബ് തോമസ് മാറേണ്ടതില്ലെന്നു വി എസ്.അച്യുതാനന്ദനും പ്രതികരിച്ചു. അദ്ദേഹം സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നും കത്ത് സർക്കാർ സ്വീകരിക്കുമെന്നു കരുതുന്നില്ലെന്നും വി എസ് കൂട്ടിച്ചേർത്തു. അതിനു ശേഷമാണ് എകെജി സെന്ററിൽ സിപിഐ(എം) അവയ്‌ലബിൾ സെക്രട്ടേറിയറ്റ് ചേർന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ജേക്കബ് തോമസ് തുടരുന്നതാണു നല്ലതെന്നും മാറ്റുന്നതു സർക്കാരിന്റെ പ്രതിച്ഛായയ്ക്കു ക്ഷീണമാകുമെന്നും യോഗം വിലയിരുത്തി. തുടർന്ന് എകെജി സെന്ററിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വിഷയം ചർച്ച ചെയ്തു. അതിന് ശേഷമാണ് ജേക്കബ് തോമസിന് അനുകൂലമായ തീരുമാനം ഉ്ണ്ടായത്.

വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസിനെ പുറത്താക്കാൻ അതിവിദഗ്ധമായി കരുക്കൾ നീക്കിയത് ഐഎഎസ് ലോബിയായിരുന്നു. അഡീഷണൽ ചീഫ് സെക്രട്ടറി കെ എം എബ്രഹാമിനെതിരെ വിജിലൻസ് അന്വേഷണം വന്നതോടെയാണ് നിലപാട് കടുപ്പിച്ചത്. ജേക്കബ് തോമസിനെ മാറ്റിയാൽ മാത്രമേ അടങ്ങുവെന്ന് എബ്രഹാം തീരുമാനിച്ചു. ഇതോടെയാണ് മനോരമ അടക്കമുള്ള പത്രങ്ങളിൽ ജേക്കബ് തോമസിനെതിരെ വാർത്ത വരുന്നത്. ഇത് മനസ്സിലാക്കിയാണ് വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഒഴിയാൻ ജേക്കബ് തോമസ് കത്ത് നൽകിയത്. ഈ സാഹചര്യത്തിലാണ് ജേക്കബ് തോമസിനെ ഒപ്പം നിർത്താൻ മുഖ്യമന്ത്രി തീരുമാനിച്ചത്.

തൊഴിൽവകുപ്പ് സെക്രട്ടറിയും ഐ.എ.എസ് അസോസിയേഷൻ പ്രസിഡന്റുമായ ടോം ജോസ്, ധനകാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാം എന്നിവരുടെ സ്വത്ത് സമ്പാദനത്തെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചതോടെയാണ് ജേക്കബ് തോമസിനെതിരെ ഐഎഎസുകാർ ഗൂഢാലോചന സജീവമാക്കിയത്. കൂടാതെ ടി.ഒ.സൂരജിനെ പ്രോസിക്യൂട്ട് ചെയ്യാൻ കേന്ദ്രത്തിന്റെ അനുമതി തേടുകയും ആരോപണം നേരിടുന്ന മറ്റ് ഐ.എ.എസ്, ഐ.ഐ.പി.എസ് ഉദ്യോഗസ്ഥരെക്കുറിച്ചുള്ള ആരോപണങ്ങളും വിജിലൻസ് ഡയറക്ടർ പരിശോധിച്ചു വരികയായിരുന്നു.

ഇതിനിടെയാണ് ജേക്കബ് തോമസ് 2009-13കാലത്ത് തുറുമുഖ ഡയറക്ടറായിരിക്കെ സർക്കാറിനു ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം വരുത്തിയെന്നും അദ്ദേഹത്തിനെതിരേ അച്ചടക്ക നടപടിയെടുക്കണമെന്നുമുള്ള ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.