- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഇടതുപക്ഷ പാർട്ടികൾ പുരുഷാധിപത്യ ശക്തികൾ; നല്ല ഇമേജ് ഉള്ള ചില പ്രമുഖരെയും ജനകീയ അടിത്തറ ഉള്ള ചില നേതാക്കളെയും ഒഴിവാക്കി; നെഗറ്റീവ് ഇമേജ് ഉള്ള ചിലരെ തുടരാൻ അനുവദിച്ചു; ഏറ്റവും ഒടുവിൽ വന്ന പാർട്ടിക്ക് അനർഹമായ പ്രാധാനം കൊടുത്തു; യാക്കോബായ സഭയുടെ കടുത്ത അതൃപ്തി വെളിവാക്കി ഡോ. ഗീവർഗീസ് മാർ കൂറിലോസ്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ഇടതുമുന്നണിയോടുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് യാക്കോബായ സഭ.എറണാകുളം ജില്ലയിലെ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി സിപിഎമ്മുമായി സഭ ഇടഞ്ഞിരുന്നു. സിപിഎം സഭയുടെ താൽപര്യങ്ങൾ പാടെ അവഗണിച്ചുവെന്നാണ് യാക്കോബായ സഭയുടെ വിമർശനം. പെരുമ്പാവൂർ, പിറവം മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ സിപിഎം തള്ളിക്കളഞ്ഞതാണ് യാക്കോബായ സഭയെ പ്രകോപിപ്പിച്ചത്. സഭാതർക്കത്തിൽ ബിജെപിയുമായുള്ള ചർച്ചകൾ ഊർജിതമാകുന്നതിനിടെയാണ് സിപിഎമ്മുമായി യാക്കോബായ സഭ ഇടയുന്നത്. ഏറ്റവുമൊടുവിൽ, എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥി നിർണയത്തിനെതിരെ രൂക്ഷ വിമർശനവുമായി യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കൂറിലോസ് രംഗത്തെത്തി.
ഇടതുപക്ഷ പാർട്ടികൾ ഈ കാലത്തും പൊതുവെ പുരുഷാധിപത്യ ശക്തികളായി തുടരുന്നു എന്നത് ഖേദകരമാണ്. സംവരണസീറ്റുകളിൽ അല്ലാതെ എത്ര ദളിതർ സ്ഥാനാർത്ഥി പട്ടികയിൽ ഉണ്ടെന്ന് പരിശോധിക്കപ്പെടണമെന്നും ഒടുവിൽ വന്നപാർട്ടിക്ക് കൊടുത്ത അനർഹമായ പ്രാധാന്യം ഇടതുപക്ഷം ഒഴിവാക്കേണ്ടിയിരുന്നെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഗീവർഗീസ് മാർ കൂറിലോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
പറയാതെ വയ്യ. ഇടതുപക്ഷ പാർട്ടികൾ ഈ കാലത്തും പൊതുവെ പുരുഷധിപത്യശക്തികളായി തുടരുന്നു എന്നത് ഖേദകരമാണ്. സ്ഥാനാർത്ഥി നിർണയം മാത്രം മതി ഇത് തിരിച്ചറിയാൻ. സിപിഐ ഉം ഈ കാര്യത്തിൽ ഇനിയും ഒത്തിരി ദൂരം മുന്നോട്ടു പോകേണ്ടിയിരിക്കുന്നു. വലതുപക്ഷത്തു നിന്ന് അത് സാധാരണ രീതിയിൽ പ്രതീക്ഷിക്കുന്നില്ല. സംവരണ സീറ്റുകളിൽ അല്ലാതെ എത്ര ദളിതർ ഇടതു പട്ടികയിൽ ഉണ്ട് എന്നതും പരിശോധിക്കപെടണണം. ട്രാൻസ് ജൻഡർ വിഭാഗത്തെ ഇടതു പക്ഷം പോലും പരിഗണിക്കുന്നില്ല എന്നതും നിരാശജനകമാണ്. യുവജനതക്കു കൊടുത്ത പ്രാധാന്യം സ്വാഗതeർഹമാണ്. നല്ല ഇമേജ് ഉള്ള ചില പ്രമുഖരെയും ജനകീയ അടിത്തറ ഉള്ള ചില നേതാക്കളെയും ഒഴിവാക്കിയതും പരിസ്ഥിതി വിരുദ്ധ നിലപാടുകൾ ഉള്ള/ നെഗറ്റീവ് ഇമേജ് ഉള്ള ചിലരെ തുടരാൻ അനുവദിച്ചതും ഏറ്റവും ഒടുവിൽ വന്ന പാർട്ടിക്ക് കൊടുത്ത അനർഹമായ പ്രാധാന്യവും തുടർ ഭരണം മുന്നിൽ കാണുന്ന ഇടതുപക്ഷം ഒഴിവാക്കേണ്ടിയിരുന്നു
കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിലടക്കം സിപിഎമ്മിനെ പരസ്യമായി പിന്തുണച്ച യാക്കോബായ സഭ, ആറുമാസങ്ങൾക്കിപ്പുറം പുതിയ രാഷ്ട്രീയ നിലപാടുകളിലേക്കെത്തുകയാണ്. സ്ഥാനാർത്ഥി നിർണയത്തിലും സഭയുടെ ആവശ്യങ്ങൾ പരിഗണിക്കാതായതോടെ സിപിഎമ്മിനെ സഭ ഏറെക്കുറെ കൈവിട്ടു കഴിഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ പെരുമ്പാവൂർ, പിറവം മണ്ഡലങ്ങളിൽ യാക്കോബായ സഭയ്ക്ക് കൂടി സ്വീകാര്യരായ സ്ഥാനാർത്ഥികളെ നിർത്തണമെന്നതായിരുന്നു സഭയുടെ ആവശ്യം.
സിപിഎം ജില്ലാ കമ്മിറ്റി അംഗം എൻ.സി.മോഹനന്റെ പേരാണ് പെരുമ്പാവൂരിൽ യാക്കോബായ സഭ പാർട്ടിക്ക് മുന്നിൽ വച്ചത്. മോഹനനെ മൽസരിപ്പിച്ചില്ലെങ്കിൽ സാജുപോളിനെ സ്ഥാനാർത്ഥിയാക്കണമെന്നും ആവശ്യപ്പെട്ടു. പിറവത്ത് യാക്കോബായ സഭയിൽ നിന്നുള്ള സ്ഥാനാർത്ഥി വേണമെന്നായിരുന്നു ആവശ്യം. ഈ ആവശ്യങ്ങൾ പാടേ തള്ളിയ സിപിഎം രണ്ടു മണ്ഡലങ്ങളും കേരള കോൺഗ്രസിന് വിട്ടു നൽകി.
കത്തോലിക്കാ സഭാ നേതൃത്വം മുഖേന യാക്കോബായ സഭ കേരള കോൺഗ്രസിനെ സമീപിച്ചെങ്കിലും നിഷേധാത്മകമായ മറുപടിയാണ് ലഭിച്ചത്. ഇതോടെയാണ് സിപിഎമ്മിനെതിരെ കടുത്ത നിലപാട് സ്വീകരിക്കാൻ യാക്കോബായ സഭ തീരുമാനിച്ചത്. പിറവത്ത് ഇടത് സ്ഥാനാർത്ഥി സിന്ധുമോൾ ജേക്കബ് സഭാംഗമല്ലെന്നും, ആ സ്ഥാനാർത്ഥിത്വം സഭയുടെ അക്കൗണ്ടിൽ ഉൾപ്പെടുത്തേണ്ടെന്നും യാക്കോബായ സഭ വ്യക്തമാക്കുകയും ചെയ്തു.
സഭാതർക്കം പരിഹരിക്കാൻ ചർച്ചകൾ നടത്തുന്ന ബിജപിയോട് യാക്കോബായ സഭ അടുക്കുന്നുവെന്ന സൂചനകളും ശക്തമാണ്. സഭയുടെ സ്വാധീനമേഖലകളിൽ യാക്കോബായാ സഭയുടെ കൂടി അഭിപ്രായം മാനിച്ചായിരിക്കും ബിജെപി സ്ഥാനാർത്ഥികളെ നിശ്ചിയിക്കുക. പിറവം, കോതമംഗലം, പെരുമ്പാവൂർ മണ്ഡലങ്ങളിൽ യുഡിഎഫ് സ്ഥാനാർത്ഥികൾ യാക്കോബായ സഭാംഗങ്ങളാണ്. എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിൽ നിർണായക ശക്തിയായ യാക്കോബായ സഭയുടെ അതൃപ്തി നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് തലവേദനയാകും.
മറുനാടന് മലയാളി ബ്യൂറോ