തിരുവനന്തപുരം: യാക്കോബായ സഭ സെക്രട്ടേറിയറ്റിനു മുന്നിൽ 50 ദിവസമായി നടത്തി വന്ന സമരം അവസാനിക്കുമ്പോൾ പ്രതിസന്ധിയിലാകുന്നത് ഇടത് സർക്കാർ. ഇടതുപക്ഷത്തെ പിന്തുണച്ചിരുന്ന സഭകളിൽ ഒന്നാണ് യാക്കോബായക്കാർ. സർക്കാരിൽ അതൃപ്തി പ്രകടിപ്പിച്ചാണ് സമരം അവസാനിപ്പിക്കുന്നത്. സഭാ തർക്കത്തിൽ പിണറായി സർക്കാരിൽ നിന്ന് നീതി കിട്ടില്ലെന്ന് മനസ്സിലാക്കിയാണ് സമരം അവസാനിപ്പിക്കുന്നത്. അതായത് നിരാശയിലുള്ള പിന്മാറ്റം.

വലിയ പ്രതീക്ഷയോടെയാണു സമരം നടത്തിയത്. നിയമസഭ സമ്മേളിക്കുമ്പോൾ പ്രശ്‌നം തീർക്കാൻ ബിൽ കൊണ്ടു വരുമെന്നു പ്രതീക്ഷിച്ചെങ്കിലും സർക്കാർ താൽപര്യം കാട്ടിയില്ല. 15 ലക്ഷത്തോളം വരുന്ന സഭാ വിശ്വാസികളുടെ ഹൃദയത്തിനാണു മുറിവേറ്റത്. അതിനോടു വിശ്വാസികൾ പ്രതികരിക്കും. പലരുടെയും കണക്കു കൂട്ടൽ തെറ്റും. യാക്കോബായ സഭ ആരുടെയെങ്കിലും വോട്ട് ബാങ്ക് ആണെന്ന ധാരണ തെറ്റും. അങ്ങനെ അധികാരത്തിൽ വരാമെന്ന് ആരും സ്വപ്നം കാണേണ്ട. ഇനി സർക്കാരിൽ പ്രതീക്ഷയില്ലെന്നും തുമ്പമൺ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് വ്യക്തമാക്കി.

യാക്കോബായ,ഓർത്തഡോക്‌സ് സഭാ തർക്കം പരിഹരിക്കുന്നതിനു കരട് ബിൽ വരെ തയാറാക്കിയ ശേഷം നിയമ നിർമ്മാണത്തിൽ നിന്നു സർക്കാർ പിന്മാറിയതിൽ യാക്കോബായ സഭയ്ക്കു ശക്തമായ പ്രതിഷേധവും നിരാശയും വേദനയും ഉണ്ടെന്നു മെത്രാപ്പൊലീത്തൻ ട്രസ്റ്റി ഡോ.ജോസഫ് മാർ ഗ്രിഗോറിയോസ് പറഞ്ഞു. യാക്കോബായ സഭയുടെ ആസ്ഥാനത്തോ ബിഷപ് ഹൗസുകളിലോ രാഷ്ട്രീയ നേതാക്കളെയോ സ്ഥാനാർത്ഥികളെയോ ഇനി പ്രവേശിപ്പിക്കില്ലെന്നു പ്രഖ്യാപിച്ചു. ഇടതിനെ യാക്കാബോയക്കാർ കടന്നാക്രമിക്കുമ്പോൾ കോ്ൺഗ്രസിനാണ് പ്രതീക്ഷ. മധ്യകേരളത്തിൽ യാക്കോബായക്കാർ കോൺഗ്രസിന് അനുകൂലമാകുമെന്നാണ് പ്രതീക്ഷ. യാക്കോബായക്കാർ മുമ്പോട്ട് വയ്ക്കുന്ന പരമാവധി നേതാക്കൾക്കും സീറ്റ് നൽകും.

ഇത്രയും ദിവസം സമരം നടത്തിയിട്ടും ചർച്ചയ്ക്കു പോലും സർക്കാർ വിളിക്കാത്തതിൽ എല്ലാവർക്കും വേദനയുണ്ടെന്നും സഭാ വർക്കിങ് കമ്മിറ്റി, മാനേജിങ് കമ്മിറ്റി, സമരസമിതി സംയുക്ത യോഗത്തിനുശേഷം മെത്രപ്പൊലീത്തൻ ട്രസ്റ്റി അറിയിച്ചു.സുന്നഹദോസ് ചൊവ്വാഴ്ച കൂടും. സഭാ വർക്കിങ് കമ്മിറ്റി, മാനേജിങ് കമ്മിറ്റി, അഖില മലങ്കര വൈദിക സമ്മേളനം എന്നിവയും വിളിച്ചു ചേർക്കും. വിവിധ ഭദ്രാസനങ്ങളിൽ നിന്നുള്ള പ്രതിനിധികളെ ഉൾപ്പെടുത്തി സഭ രാഷ്ട്രീയകാര്യ സമിതി രൂപീകരിക്കും. ഏതെങ്കിലും പാർട്ടിക്കു വോട്ട് ചെയ്യാമെന്നു സഭ പറഞ്ഞിട്ടില്ല. എന്നും വ്യവഹാരത്തിൽ കുടുങ്ങിയ സഭ എന്ന നിലയിൽ അധികാരത്തിലുള്ളവരുടെ സഹായം ആവശ്യമായിരുന്നു. അതു ലഭിക്കുകയും ചെയ്തു.സർക്കാർ ചെയ്തു. തന്ന സഹായങ്ങൾക്കു നന്ദിയുണ്ടൈന്നും യാക്കോബായക്കാർ പറയുന്നു.

സർക്കാരുകൾ മാറി വരുന്ന സാഹചര്യത്തിൽ ഏതെങ്കിലും പാർട്ടിക്കു വോട്ട് ചെയ്യാമെന്ന് ഇപ്പോഴത്തെ നിലയിൽ സഭയ്ക്കു പറയാനാവില്ല. ജനങ്ങൾക്കു വലിയ നിരാശയുണ്ട്. സഭയുടെ നിലനിൽപ്പിനായി നിലപാട് എടുക്കാൻ നിർബന്ധിതരാകുകയാണ്. തിരഞ്ഞെടുപ്പു വിജ്ഞാപനം വരാനിരിക്കെ സർക്കാരിനു കൂടുതലൊന്നും ചെയ്യാനാവില്ലെന്നു ബോധ്യപ്പെട്ടു. നോമ്പു കാലമായതിനാൽ ഉപവാസത്തിലും പ്രാർത്ഥനയിലും ശ്രദ്ധിക്കണം. ഈ സാഹചര്യത്തിലാണു സമരം പിൻവലിക്കുന്നതെന്നും ജോസഫ് മാർ ഗ്രിഗോറിയോസ് അറിയിച്ചു.

നിയമനിർമ്മാണം നടത്തണമെന്നു സുപ്രീം കോടതി വിധിയിൽ പറയുന്ന സാഹചര്യത്തിൽ തങ്ങളുടെ പ്രശ്‌നം നന്നായി ബോധ്യമുള്ള മുഖ്യമന്ത്രി അതു ചെയ്യുമെന്നാണു പ്രതീക്ഷിച്ചിരുന്നതെന്നും ചെയ്യാത്തതു നിർഭാഗ്യകരമാണെന്നും സഭ വിശദീകരിക്കുന്നു. യാക്കോബായ സഭയിലെ ഇടതു ലോബി അനുനിമിഷം ദുർബലമാകുന്നുവെന്നതാണ് വസ്തുത. പിണറായിയുടെ ഇരട്ടത്താപ്പ് തിരിച്ചറിഞ്ഞ് യുഡിഎഫിനെ പിന്തുണക്കുന്നവരുടെ എണ്ണം കൂടുകയാണ്. യാക്കോബായ മെത്രാന്മാരുടെ നിലപാടുകളിലും അയവ് വരുന്നു. ഇതോടെയാണ് മധ്യ കേരളത്തിൽ ക്രൈസ്തവർ ചതിക്കില്ലെന്ന വികാരം കോൺഗ്രസിന് കൈവരുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പിൽ യാക്കോബായ സഭ പരസ്യമായി ഇടതുമുന്നണിക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചത്. കോട്ടയം, എറണാകുളം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇടതുമുന്നണിക്കു നേട്ടം സമ്മാനിച്ചതിനുപിന്നിലും മറ്റൊന്നായിരുന്നില്ല. സഭയ്ക്ക് നീതി നിഷേധിക്കപ്പെട്ടതായി ദേശീയതലത്തിൽ ബോധ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ തെളിവാണ് സഭാതർക്കം പരിഹരിക്കാൻ പ്രധാനമന്ത്രി ഇടപെട്ടത്. ഒരു മുന്നണിയിൽനിന്നുമുള്ള പ്രതീക്ഷ സഭ കൈവിട്ടിട്ടില്ല. നിർബന്ധിതരാകുന്ന സാഹചര്യത്തിൽ ഏതെങ്കിലും മുന്നണിയുമായി കൂട്ടുചേർന്ന് രാഷ്ട്രീയനിലപാടെടുക്കും. മുപ്പതോളം മണ്ഡലങ്ങളിൽ സഭയ്ക്ക് ശക്തമായ സ്വാധീനമുണ്ട്. ഇക്കാര്യത്തിൽ ഒരു മുന്നണിയോടും വിവേചനം കാണിക്കില്ലെന്നും യാക്കോബയ സഭ പറഞ്ഞു കഴിഞ്ഞിട്ടുണ്ട്.