കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾക്ക് നടുവിലാണ് കഴിഞ്ഞ രണ്ട് വർഷമായി ജാഫർ ഇടുക്കിയുടെ ജീവിതം. കുറ്റപ്പെടുത്തലുകളുടെ കൂരമ്പുകളും ചോദ്യം ചെയ്യലും നിരന്തരം പിന്തുടർന്നപ്പോൾഅഭിനയ ജീവിതത്തിൽ നിന്ന് പോലും ജാഫറിന് മാറി നിൽക്കേണ്ടി വന്നു. ചെറിയൊരു ഇടവേളയ്ക്ക് ശേഷം ജാഫർ വീണ്ടും സിനിമയിൽ സജീവമാകുകയാണ്.

'കലാഭവൻ മണിയുമായുള്ള സൗഹൃദത്തിന്റെ പേരിൽ ഇന്നും നാൽപത് പേർ തീ തിന്നു കൊണ്ടിരിക്കുകയാണ്. സിബിഐ ഏറ്റെടുത്ത കേസ് തെളിയുന്നതോടെ മാത്രമേ എന്നെപ്പോലുള്ള ആളുകൾ മണിയുടെ സുഹൃത്തായിരുന്നോ വില്ലനായിരുന്നോ എന്നൊക്കെ തെളിയുകയുള്ളൂ. മണിയുടെ മരണവുമായി ബന്ധപ്പെട്ട സത്യം പുറത്തു വരും. ആ വിഷയത്തിൽ കൂടുതൽ ഒന്നും സംസാരിക്കാനില്ല- മാതൃഭൂമിയുടെ സ്സ്റ്റാർ ആൻഡ് സ്റ്റൈലിൽ നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ. 

മണിയുടെ മരണവുമായി ബന്ധപ്പെട്ട കേസുകളിൽ ജാഫർ മാനസികമായി ഏറെ പ്രയാസപ്പെട്ടിരുന്നു. ഒരു വർഷത്തോളം സിനിമയിൽ നിന്ന് മാറിനിന്നു. കേസുമായി ബന്ധപ്പെട്ടുള്ള വാർത്തകൾ മാധ്യമങ്ങളിൽ തലക്കെട്ടുകളായതോടെ കേസുള്ള നടനെ പലരും വിളിക്കാതെയുമായി. ആരോപണങ്ങൾ സ്വസ്ഥത നശിപ്പിച്ചതോടെ സിനിമയിൽ നിന്നും സ്വയം വിട്ടു നില്ക്കാൻ തീരുമാനിച്ചതാണെന്നും ജാഫർ പറയുന്നു

'ഓഫറുകൾ വന്നിരുന്നു. പക്ഷേ സ്വീകരിക്കാൻ മനസ്സ് അനുവദിച്ചില്ല. മെയ്ക്കപ്പ് ഇട്ടതിന് ശേഷമാണ് തോപ്പിൽ ജോപ്പനിൽ നിന്ന് പിന്മാറിയത്. ചാനലുകളിലും പത്രങ്ങളിലും വന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങൾ കുടുംബാംഗങ്ങൾക്ക് വലിയ വിഷമമുണ്ടാക്കി. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ വേഷത്തിന് നല്ല അഭിപ്രായമൊക്കെ കിട്ടി നിൽക്കുമ്പോഴായിരുന്നു മണിയുടെ മരണം. സിനിമയിൽ നിന്ന് അകന്ന് പോയ എന്നെ പിന്നീട് നാദിർഷിക്കയാണ് തിരിച്ചു കൊണ്ടുവരുന്നത്