- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'മോഹൻലാൽ ഗണേശിന് വേണ്ടി ഇറങ്ങിയത് എന്തുകൊണ്ടെന്ന് അറിയാമായിരുന്നു'; 'എന്നോടുള്ള അനിഷ്ടം കൊണ്ടല്ല'; വ്യക്തിപരമായ വിഷയങ്ങൾ രാഷ്ട്രീയത്തിൽ കൂട്ടിക്കുഴയ്ക്കാൻ പറ്റില്ല'; 'ഞങ്ങൾ നല്ല സൗഹൃദത്തിൽ'; പത്തനാപുത്തെ കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലം പങ്കുവച്ച് ജഗദീഷ്
തിരുവനന്തപുരം: 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പത്തനാപുരം മണ്ഡലത്തിലെ മത്സരം ശ്രദ്ധേയമായത് മലയാള സിനിമയിലെ രണ്ട് പ്രമുഖ താരങ്ങളുടെ നേർക്കുനേർ പോരാട്ടം കൊണ്ടായിരുന്നു. എൽഡിഎഫ് സ്ഥാനാർത്ഥിയായ കെ ബി ഗണേശ് കുമാറും യുഡിഎഫ് സ്ഥാനാർത്ഥിയായ ജഗദീഷും തമ്മിലുള്ള പോരാട്ടം. തിരഞ്ഞെടുപ്പ് പ്രചാരണ കാലത്തും വോട്ടെടുപ്പിലും മണ്ഡലത്തിന് താരപരിവേഷം. ഒടുവിൽ വോട്ടെണ്ണിയപ്പോൾ മണ്ഡലം ഗണേശ് കുമാർ പിടിച്ചു.
ഗണേശ് കുമാറിന് വേണ്ടി നടൻ മോഹൻലാൽ പ്രചാരണത്തിനിറങ്ങിയത് വലിയ വാർത്തയായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ തനിക്ക് മോഹൻലാലുമായി പിണക്കമൊന്നുമില്ലെന്നാണ് ഇപ്പോൾ ജഗദീഷ് പറയുന്നത്.
മോഹൻലാൽ ഗണേശിന് വേണ്ടി ഇറങ്ങിയതെന്തുകൊണ്ടാണെന്ന് തനിക്ക് അറിയാമെന്നും വ്യക്തിപരമായ വിഷയങ്ങൾ രാഷ്ട്രീയത്തിൽ കൂട്ടിക്കുഴയ്ക്കാൻ പറ്റില്ലെന്നും ജഗദീഷ് പറഞ്ഞു. ഒപ്പം തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പിരിവൊന്നും നടത്തിയിരുന്നില്ലെങ്കിലും മോഹൻലാൽ തനിക്ക് സംഭാവന നൽകിയിരുന്നെന്നും ജഗദീഷ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് പ്രതികരണം.
' മോഹൻലാലുമായിട്ട് ഒരു പിണക്കവും ഉണ്ടായിട്ടില്ല. മോഹൻലാൽ എന്തുകൊണ്ട് ഗണേശ്കുമാറിന് വേണ്ടി പോയി എന്നത് എനിക്ക് അറിയാവുന്ന കാര്യങ്ങളാണ്. വ്യക്തിപരമായ ചില കാര്യങ്ങൾ രാഷ്ട്രീയത്തിൽ കൂട്ടിക്കുഴയ്ക്കാൻ പാടില്ല. എന്നോടുള്ള അനിഷ്ടം കൊണ്ടല്ല. ഗണേശിനോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടും അല്ല. പിന്നെ അദ്ദേഹത്തിന്റെ സ്വാതന്ത്രമാണ്. അദ്ദേഹത്തിന് അങ്ങനെയൊരു തീരുമാനം ആ സമയത്ത് എടുക്കേണ്ടി വന്നു. ഇപ്പോഴും ഞങ്ങൾ നല്ല സൗഹൃദത്തിലാണ്. ആ സമയത്ത് പിരിവൊന്നും നടത്തിയിട്ടില്ലെങ്കിലും തെരഞ്ഞെടുപ്പ് പ്രചരണത്തിനു വേണ്ടി എനിക്ക് പൈസ തന്നിട്ടുള്ളയാളാണ് മോഹൻലാൽ,' ജഗദീഷ് പറഞ്ഞു.
ഒപ്പം ഇത്തവണ കൊല്ലത്ത് കോൺഗ്രസ് സ്ഥാനാർത്ഥി ബിന്ദു കൃഷ്ണ ജയിക്കണമെന്നാണ് ആഗ്രഹമെന്നും ജഗദീഷ് പറഞ്ഞു. മുകേഷ് സുഹൃത്താണ് പക്ഷെ ബിന്ദു കൃഷ്ണ ജയിക്കണമെന്നാണ് ആഗ്രഹം. മുകേഷിന് പരാജയപ്പെട്ടാലും സിനിമയുണ്ടെന്നും ജഗദീഷ് പറഞ്ഞു. ഇത്തവണയും കോൺഗ്രസ് തന്നോട് മത്സരിക്കുന്നോ എന്ന് ചോദിച്ചിരുന്നെന്നും എന്നാൽ വ്യക്തിപരമായ കാരണങ്ങളാൽ മത്സരത്തിൽ നിന്നും മാറി നിൽക്കുകയായിരുന്നെന്നും ജഗദീഷ് പറഞ്ഞു.
ന്യൂസ് ഡെസ്ക്