തിരുവനന്തപുരം: പത്തനാപുരം നിയോജക മണ്ഡലത്തിലെ താരപോരാട്ടം കൊടുമ്പിരികൊള്ളുകയാണ്. സുഹൃത്തുക്കളായ ഗണേശും ജഗദീഷും ആരോപണ പ്രത്യാരോപണങ്ങളീലൂടെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സജീവമാകുന്നു. ഇത്തവണ യു.ഡി.എഫ് സ്ഥാനാർത്ഥി ജഗദീഷാണ് ആരോപണവും കടന്നാക്രമണവുമായി രംഗത്തെത്തിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ദുഷ്ടൻ താനണെന്ന് പറഞ്ഞാലും ഗണേശിനോട് മറുപടി പറയില്ല എന്നു പറഞ്ഞിരുന്ന ജഗദീഷ് പെട്ടെന്ന് എന്തുകൊണ്ട് ഗണേശിനെതിരെ ആരോപണമുന്നയിക്കുന്നുവെന്നാണ് ഇപ്പോൾ താരപോരാട്ട മണ്ഡലത്തിലെ സംസാരവിഷയം പൊതുവേ ശാന്തനായിരുന്ന ജഗദീഷ് രാഷ്ട്രീയക്കളത്തിലിറങ്ങിയതോടെ പ്രതികരിച്ചു തുടങ്ങിയോ എന്നു ചോദിക്കുന്നവർ അനേകമാണ് ഇപ്പോൾ.

സഖാവ് അച്യുതാനന്ദന്റെ രാഷ്ട്രീയ പ്രവർത്തനത്തിൽ ആകൃഷ്ടനായിട്ടോ സഖാവ് ഇഎംഎസിന്റെ ആത്മകഥ വായിച്ചിട്ടോ അല്ലല്ലോ ഗണേശ് എൽഡിഎഫിൽ ചേർന്നതെന്നാണ് ജഗദീഷ് ചോദിച്ചത്. അദ്ദേഹത്തിന് എന്ത് സംഭവിച്ചപ്പോഴാണ് എൽഡിഎഫിൽ ചേർന്നതെന്ന് ഗണേശ് വ്യക്തമാക്കണമെന്നും ആവശ്യപ്പെടുന്നതായും എന്തുകൊണ്ടാണ് ഗണേശ് എൽഡിഎഫിലേക്ക് പോയതെന്ന് എല്ലാവർക്കുമറിയാമെന്നുമായിരുന്നു ജഗദീഷ് പത്തനാപുരം മണ്ഡലത്തിലേക്ക് പ്രവർത്തകർ നൽകിയ സ്വീകരണത്തിൽ പ്രസംഗിച്ചത്. ഗണേശിനെതിരെ വ്യക്തിപരമായ പരാമർശങ്ങൾ നടത്തില്ല എന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നതായും നടൻ പറഞ്ഞു.സരിത എന്നൊരു പേരും താൻ പ്രസംഗത്തിൽ ഉപയോഗിച്ചിട്ടില്ല. രാഷ്ട്രീയ സ്‌ഫോടക വസ്തു ഉപയോഗിച്ചു എന്നു മാത്രമേ താൻ പറഞ്ഞിട്ടുള്ളുവെന്നും സരിതയാണെന്ന് വ്യാഖ്യാനിക്കപ്പെടുകയായിരുന്നുവെന്നും ജഗതീഷ് പറയുന്നു.

അച്ഛൻ മരിച്ചപ്പോൾ വിദേശത്ത് ഷോയുമായി നടന്നു എന്നതാണ് ജഗദീഷിനെതിരെ ഗണേശ് ഉന്നയിച്ച വലിയ ആരോപണം. അതിന് ഇത്രയും കാലം ജഗദീഷ് മറുപടി നൽകിയിരുന്നില്ല. എന്നാൽ അമ്മ എന്ന താരസംഘടനയുടെ മീറ്റിംഗിൽ ഇതിനു താൻ മറുപടി നൽകിയേ മതിയാകൂ എന്ന തരത്തിൽ പരാമർശമുണ്ടായി. മിണ്ടാതിരുന്നാൽ താൻ തെറ്റു ചെയ്തുവെന്ന് ജനങ്ങൾ കരതുമെന്നും. ആരെങ്കിലും ിത്തരത്തിലുള്ള ആരോപണങ്ങൾ വിശ്വസിച്ചാൽ അത് ജഗദീഷിനെ ബാധിക്കുമെന്നും പറഞ്ഞതു കൊണ്ടാണ് കൊല്ലത്ത് പത്രസമ്മേളനത്തിൽ ഇങ്ങനെയൊരു ചോദ്യം വന്നപ്പോൾ സത്യാവസ്ഥ വെളിപ്പെടുത്തിയതെന്നും നടനും കൊല്ലത്തെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായ മുകേഷും സത്യം പറയാൻ നിർബന്ധിച്ചുതായും ജഗദീഷ് വിശദീകരിക്കുന്നു.

തനിക്കെതിരെ ആരോപണം വന്നപ്പോൾ മോഹൻലാൽ അമ്മയുടെ മീറ്റിംഗിൽ പറഞ്ഞു എല്ലാ കലാകാരന്മാരും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണിതെന്നും തന്റെ അച്ഛൻ മരിച്ച് രണ്ട് ദിവസം കഴിഞ്ഞയുടനെ അഭിനയിക്കാൻ പോകേണ്ടി വന്നിട്ടുണ്ടെന്ന് ലാൽ വളരെ വിഷമത്തോടെ പറഞ്ഞുവെന്നും ജഗദീഷ് പറഞ്ഞു.

പ്രതികരിക്കാൻ വൈകിയെന്നു കരുതുന്നില്ലെന്നും എല്ലാത്തിനും ഓരോ സമയമുണ്ടെന്നും താൻ സ്വയം ഒരു വാർത്താ സമ്മേളനം നടത്തി പ്രതികരിച്ചാൽ അത് ഗണേശിനെതിരെ പ്രതികരിച്ച് തന്റെ പ്രസ്ഥാനത്തിനും പത്തനാപുരത്തെ ജനങ്ങൾക്കും അപമാനമാണെന്നും അതുകൊണ്ട് അങ്ങനെ ചെയ്യില്ലെന്ന തന്റെ നിലപാടിനു വിരുദ്ധമാവുമെന്ന ബോധ്യമുണ്ടെന്നും ഇനിയും ആരോപണമുണ്ടായാൽ എല്ലാം സഹിച്ചെന്നു വരില്ലെന്നും വ്യക്തപരമായ ആരോപണങ്ങൾ മാത്രം ഒഴിവാക്കി രാഷ്ട്രീയമായ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ഗണേശിന്റെ കുടുംബവുമായി തനിക്ക് വളരെ അടുത്ത ബന്ധമാണുള്ളതെന്നും ആരേയും വ്യക്തിപരമായി ആക്ഷേപിക്കാൻ ഇഷ്ട്‌പ്പെടുന്ന ആളല്ലാ താനെന്നും ജഗദീഷ് പറഞ്ഞു.