തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ പ്രധാനവേദിയായ ടാഗോർ തിയേറ്ററിൽ സമോസ പോയിന്റ് എന്ന പേരിൽ ഒരു സ്റ്റാൾ. ഒരുപക്ഷെ നിരവധി സ്റ്റാളുകളിൽ ഒന്നെന്ന നിലയിൽ ഇതിനെ കടന്നുപോകും പലരും. എന്നാൽ ഒരു പ്രത്യേകതയുണ്ട് ഈ സ്റ്റാളിന്. മലയാള സിനിമക്ക് നിരവധി മികച്ച സിനിമകൾ സമ്മാനിച്ച സംവിധയകാൻ ഷാജി കൈലാസിന്റെയും ജനപ്രിയ നായിക ആയിരുന്ന ആനിയുടേയും മകൻ ജഗനാണ് ഈയൊരു സ്റ്റാളിന്റെ അണിയറക്കാരൻ.

സംവിധായകരുടെ മക്കൾ നടനും സംവിധായകരുമൊക്കെ ആകുമ്പോൾ ജഗൻ അവരിൽ നിന്ന് വളരെ വ്യത്യസ്തനാണ്. ആൾക്ക് ബിസിനസിലാണ് താൽപ്പര്യം. മാതാപിതാക്കളുടെ പൂർണ്ണ പിന്തുണയും ജഗന് ലഭിക്കുന്നുണ്ട്. മക്കളെ അവരുടെ അഭിരുചിക്കനുസരിച്ച് നയിക്കുന്നവരാണ് ഷാജികൈലാസും ഭാര്യ ആനിയും. അതുകൊണ്ടുതന്നെ മകന്റെ ബിസിനസിനോടുള്ള താല്പര്യത്തിനു മാതാപിതാക്കൾ പച്ചക്കൊടി കാണിക്കുകയായിരുന്നു.

ബിബിഎ രണ്ടാം വർഷ വിദ്യാർത്ഥിയാണ് ജഗൻ. അടുത്തിടെയാണ് ജഗൻ തിരുവനന്തപുരം വഴുക്കാട് സമോസ പോയിന്റ് എന്ന പേരിൽ ഒരു കട തുടങ്ങിയത്. ബിസിനസ്സിലുള്ള താൽപ്പര്യം തന്നെയാണ് ജഗന് കൂട്ടുകാരനൊപ്പം ചേർന്ന് ഇത്തരം ഒരു സംരംഭം തുടങ്ങാൻ പ്രചോദനമായത്.

അമ്മയുടെ റെസിപ്പീസും അച്ഛന്റെ പിന്തുണയും കിട്ടിയതോടെ ധൈര്യത്തോടെ മുന്നോട്ടിറങ്ങി. ഒരു മാസമായി കട തുടങ്ങിയിട്ട്. ബിസിനസ്സ് എന്നതിനപ്പുറം മികച്ച ഭക്ഷണം എല്ലാവർക്കും ഉൾക്കൊള്ളാനാകുന്ന വിലക്ക് നൽകണം എന്നതാണ് ജഗന്റെ ആഗ്രഹം.

സമോസ പോയിന്റ് എന്ന കടക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായാണ് ചലച്ചിത്രമേളയുടെ പ്രധാന വേദിയായ ടാഗോർ തിയറ്ററിൽ അതേ പേരിൽ ഒരു സ്റ്റാൾ ഇടാൻ കാരണവും. അച്ഛന്റെ കൂട്ടുകാരുടെ ആശയമായിരുന്നു ഇത്തരത്തിൽ ഒരു സ്റ്റാൾ ടാഗോറിൽ ഇടുകയെന്നത്.

കട്ടൻചായയും വിവിധതരത്തിലുള്ള സമോസയും സാൻവിച്ചുമെല്ലാം ഉണ്ട്. എല്ലാത്തിനും 20 രൂപയിൽ താഴെയാണ് വിലയെന്നതാണ് പ്രതേകത. തന്റെ കടക്ക് ഒരു ജനശ്രദ്ധ ലഭിക്കുന്നതിനും കുറഞ്ഞ വിലയിൽ മികച്ച ഭക്ഷണം നൽകുന്നതിനും വേണ്ടിയാണ് ഇത്തരം ഒരു സ്റ്റാൾ ഇട്ടതെന്ന് ജഗൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

വ്യത്യസ്തമായ പലതരം വിഭവങ്ങളണ് സമോസ പോയിന്റിലുള്ളത്. കിളിക്കൂട്, ക്രബ്ഡ് ലോലിപോപ്, എഗ്ഗ് സമോസ, ചിക്കൻ സമോസ, അങ്ങനെ പതിനഞ്ചോളം വിഭവങ്ങളാണുള്ളത്. എല്ലാവർക്കും ഭക്ഷണം ഇഷ്ട്ടപെടുന്നതിന്റെയും വീണ്ടും സമൂസ പോയിന്റിൽ എത്തുന്നതിന്റെയും സന്തോഷത്തിലാണ് ജഗൻ.

സമോസ പോയിന്റിന്റെ കൂടുതൽ കടകൾ തുറക്കുന്നതിനായുള്ള തയ്യാറെടുപ്പിലാണ് ജഗൻ. അച്ഛൻ നടന്ന അതേ വഴിയിൽ നടക്കാനല്ല ജഗൻ ആഗ്രഹിക്കുന്നത്. 'അമ്മ ആനിയുടെ പാചക നൈപുണ്യത്തെ കൂട്ടുപിടിച്ച് ഒരു ബിസിനസ്സ് സംരംഭം വളർത്തിയെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ജഗൻ.