ചെന്നൈ: കെ വി ആനന്ദ് സംവിധാനം ചെയ്ത അയൻ എന്ന ചിത്രത്തിലൂടെയായിരുന്നു ജഗൻ ചലച്ചിത്ര ലോകത്ത് ശ്രദ്ദേയനാകുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിലഭിനയിച്ച താരം തന്റെ കല്യാണം നടക്കാൻ കാരണക്കാരൻ സൂര്യ ആണെന്ന് പറയുന്നു. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ജഗൻ മനസ്സ്തുറന്നത്

'സൂര്യ കാരണമാണ് എന്റെ വിവാഹം നല്ല നിലയിൽ നടന്നത്. ഞാനും വനമതിയും (ജഗന്റെ ഭാര്യ) സുഹൃത്തുക്കളായിരുന്നു. അവളാണ് ആദ്യം എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞത്. ആദ്യമായിട്ടാണ് ജീവിതത്തിൽ ഒരു പെൺകുട്ടി എന്നോട് ഇങ്ങോട്ട് വന്ന് ഇഷ്ടമാണെന്ന് പറയുന്നത്. സ്‌കൂളിലും കോളേജിലും പഠിക്കുന്ന കാലത്ത് ഞാൻ ഇഷ്ടമാണെന്ന് പലരോടും പറഞ്ഞിട്ടുണ്ടെങ്കിലും എല്ലാരും എന്നെ നിഷ്‌കരുണം ഒഴിവാക്കി. വനമതി എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ അത്ഭുതപ്പെട്ടു.

ഞങ്ങൾ കല്യാണം കഴിക്കാൻ തീരുമാനിച്ചപ്പോൾ വനമതിയുടെ വീട്ടുകാർ സമ്മതിക്കുന്നില്ല. അവസാനം ഞാൻ വനമതിയോട് ഇറങ്ങിവരാൻ തയ്യാറാണോ എന്ന് ചോദിച്ചു. അവൾ തയ്യാറാണെന്നും പറഞ്ഞു. ഞാൻ സൂര്യയുമായി ഈ കാര്യം സംസാരിച്ചു. ആരു വന്നില്ലെങ്കിലും എന്റെ കല്യാണത്തിന് വരുമോ എന്ന് ചോദിച്ചു. അപ്പോൾ സൂര്യ പറഞ്ഞു, ഞാൻ കല്യാണത്തിന് വരാം. പക്ഷേ ഒരു കാര്യം. അച്ഛനെയും അമ്മയെയും വേദനിപ്പിച്ച് ഒരു പെൺകുട്ടിയോട് വീട്ടിൽ നിന്ന് ഇറങ്ങി വരാൻ പറയരുത്. ആദ്യം നമുക്ക് സംസാരിച്ച് ശരിയാക്കാൻ നോക്കാം. എന്റെ വിവാഹം ഇരു കുടുംബങ്ങളുടെയും ആശിർവാദം വാങ്ങിയാണ് നടന്നത്.

സൂര്യ നേരപോയി ശിവകുമാർ അങ്കിളിനോട് ( നടനും സൂര്യയുടെ പിതാവുമായ ശിവകുമാർ) പറഞ്ഞു. ശിവകുമാർ അങ്കിൾ ഒരു കാര്യം മാത്രമേ ചോദിച്ചുള്ളൂ. 'നീ ഇഷ്ടമാണെന്ന് പറയുന്ന കുട്ടിക്ക് നിന്നെ ഇഷ്ടമാണോ?'. ശിവകുമാർ അങ്കിൾ വനമതിയുടെ വീട്ടിൽ വന്ന് സംസാരിച്ചു. അവർ സമ്മതിച്ചു. എന്റെ കല്യാണം നടത്തിയത് സൂര്യയുടെ കുടുംബമാണെന്ന് ജഗൻ പറഞ്ഞു.