തിരുവനന്തപുരം: കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ രണ്ടാം ദിനം ആവേശം പകർന്നതു മലയാളികളുടെ പ്രിയ താരം ജഗതി ശ്രീകുമാർ. മലയാള സിനിമാ ചരിത്രം അടയാളപ്പെടുത്തുന്ന ദൃശ്യാവിഷ്‌കാരം ഉദ്ഘാടനം ചെയ്യാനെത്തിയ അതുല്യ നടനെ ഹർഷാരവത്തോടെയാണു പ്രതിനിധികൾ സ്വീകരിച്ചത്.

ദൃശ്യാവിഷ്‌ക്കാരത്തിന്റെ ഉദ്ഘാടനം ജഗതിയും ഷീലയും ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു. ആസ്വാദകർക്കൊപ്പം ജഗതിയും ദൃശ്യാവിഷ്‌കാരം കണ്ടു. സംവിധായകൻ ലിജിൻ ജോസാണ് ദൃശ്യാവിഷ്‌ക്കാരം ഒരുക്കിയത്.

അപകടത്തെ തുടർന്ന് ചികിത്സയിലും വിശ്രമത്തിലുമായതിനാൽ സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിലും മലയാളി ആസ്വാദകരുടെ ദൈനംദിന ജീവിതത്തിൽ ജഗതി ഇപ്പോഴും ഭാഗമാണ്. നഗരത്തിലെ തിരക്കിൽ നിന്നൊഴിഞ്ഞ് വിശ്രമജീവിതം നയിക്കുകയാണെങ്കിലും മേളയിൽ ജഗതിയുടെ സാന്നിദ്ധ്യം സിനിമാസ്വാദകരെ ഏറെ ആഹ്ലാദിപ്പിച്ചു.

പഴയകാല നോട്ടീസുകൾ, ആദ്യകാല സിനിമാ പോസ്റ്ററുകൾ, പാട്ടു പുസ്തകങ്ങൾ തുടങ്ങിയവയും പുതിയകാല പരസ്യ സങ്കേതങ്ങളും സമന്വയിപ്പിച്ചാണ് 'ഡിസൈനേഴ്‌സ് ആറ്റിക്' എന്ന പേരിൽ വീഡിയോ ഇൻസ്റ്റലേഷൻ. സിനിമാ പ്രചാരണ വഴികളുടെ ചരിത്രവും വർത്തമാനവും മൂന്നു സ്‌ക്രീനുകളിൽ ദൃശ്യസമന്വയമായാണ് അവതരിപ്പിക്കുന്നത്. ലിജിൻ ജോസ്, റാസി എന്നിവരാണ് ദൃശ്യാവിഷ്‌കാരത്തിന്റെ അണിയറക്കാർ. മനു, അൽത്താഫ് എന്നിവർ ശേഖരിച്ച അപൂർവമായ ചരിത്ര രേഖകളാണ് ദൃശ്യാവിഷ്‌കാരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗായത്രി അശോകൻ, രാധാകൃഷ്ണൻ, സാബു കൊളോണിയ, നീതി, കിത്തോ, ഭട്ടതിരി, രാജേന്ദ്രൻ, ശ്രീജിത്ത് തുടങ്ങി പഴയകാലത്തേയും പുതിയ കാലത്തേയും കലാകാരന്മാർ ഡിസൈനേഴ്‌സ് ആറ്റിക്കിൽ അതിഥികളാണ്.

മേളയിൽ രണ്ടാം ദിവസവും വൻ പങ്കാളിത്തമാണുള്ളത്. മത്സരവിഭാഗത്തിലെ ചിത്രങ്ങളുടെ പ്രദർശനം തുടങ്ങി. തിയേറ്ററുകളില്ലെല്ലാം ആസ്വാദകരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഹംഗേറിയൻ ചിത്രം കോൾഡ് ഓഫ് കലണ്ടർ, ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള സിങ്ക്, ഈജിപ്ഷ്യൻ ചിത്രം ക്ലാഷ് എന്നിവ ഇന്നു മത്സരവിഭാഗത്തിലുണ്ട്. സിനിമക്കൊപ്പമുള്ള നാടൻ കലാമേളയും ഇന്നുമുതലാണ്.