പെരുമ്പാവൂർ: ജഗതിച്ചേട്ടനെ എല്ലാം സുഖപ്പെട്ട നിലയിൽ കാണാൻ കാത്തിരിക്കുകയാണ്... അനിൽ കുമാർ. നാലുവർഷത്തോളം ഡ്രൈവറായും സുഹൃത്തായും ജഗതി ശ്രീകുമാറിനൊപ്പമുണ്ടായിരുന്ന പെരുമ്പാവൂർ സ്വദേശി അനിൽകുമാറാണ് ജഗതിയെ നേരിട്ട് കാണാൻ കൊതിച്ച് കാത്തിരിക്കുന്നത്.

മലയാളിയെ ഞെട്ടിച്ച അപകടമായിരുന്നു 2012 മാർച്ച് 10ന് പേരാമ്പ്ര വളവിൽ ഉണ്ടായത്. ഈ അപകടത്തിൽ ജഗതി ശ്രീകുമാറിനൊപ്പം അനിൽകുമാറിനും ഗുരുതരമായി പരുക്കേറ്റിരുന്നു. രണ്ടുവർഷത്തെ ചികിത്സകൊണ്ട് പരുക്കുകൾ വിട്ടൊഴിഞ്ഞെങ്കിലും മനസിന്റെ മുറിവുകൾ ഭേദപ്പെട്ടിട്ടില്ലെന്ന് അനിൽകുമാർ.

അപകടത്തിനുശേഷം ജഗതിചേട്ടനെ കണ്ടിട്ടില്ല. വീട്ടുകാരെ ഫോണിൽ വിളിച്ച് ജഗതിചേട്ടന്റെ സുഖവിവരങ്ങൾ തിരക്കാറുണ്ട്. എന്നാൽ പൂർണ ആരോഗ്യവാനായി തിരിച്ചെത്തിയശേഷം നേരിൽ കാണാനാണ് താൽപര്യം. അതിനായി അഞ്ചുവർഷം കാത്തിരുന്നു. ഇനിയും കാത്തിരിക്കാൻ തയാറാണ്. വൈകാതെ ജഗതി ചേട്ടൻ സ്വാഭാവിക ജീവിതത്തിലേക്ക് തിരിച്ചെത്തുമെന്നാണു വിശ്വാസമെന്നും അനിൽ കുമാർ.

ശരീരം മുഴുവൻ ഒടിവും മുറിവുമായി ആശുപത്രിയിൽ കിടക്കുമ്പോളും പുറത്തു നടന്ന ദുഷ്പ്രചാരണങ്ങൾ മനസിനെ വേദനിപ്പിച്ചിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് അന്ന് പലരും പറഞ്ഞുനടന്നത്. അപ്പോഴും വർഷങ്ങളായി തന്നെ അറിയാവുന്ന സിനിമാ ലോകത്തുള്ളവർ കൂടെനിന്നു- അനിൽ കുമാർ പറഞ്ഞു.