മുംബൈ: ഇന്ത്യൻ ക്രിക്കറ്റിന്റെ തലപ്പത്തേക്ക് വീണ്ടും ജഗ്‌മോഹൻ ഡാൽമിയ വരുമെന്ന് സൂചന. ഡാൽമിയയുടേതല്ലാതെ മറ്റാരുടെ പേരും ബിസിസിഐ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരത്തിനു വന്നിട്ടില്ലെന്ന് ബിസിസിഐ അറിയിച്ചു.

ബിസിസിഐ പ്രസിഡന്റായിരുന്ന എൻ ശ്രീനിവാസനെ മത്സരിക്കുന്നതിൽ നിന്ന് നേരത്തെ സുപ്രീംകോടതി വിലക്കിയിരുന്നു. ആറാഴ്ചയ്ക്കുള്ളിൽ തെരഞ്ഞെടുപ്പ് നടത്തണമെന്നും അന്ന് കോടതി ഉത്തരവിട്ടു.

തിങ്കളാഴ്ച ചെന്നൈയിൽ നടക്കുന്ന ബിസിസിഐ വാർഷിക യോഗത്തിൽ ഡാൽമിയയെ പ്രസിഡണ്ട് ആയി തെരഞ്ഞെടുക്കുമെന്നാണ് വിവരം. ഇത്തവണ പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കാനുള്ള അധികാരം ഈസ്റ്റ് സോണിനാണ്. ഈസ്റ്റ് സോണിലെ 6 യൂണിറ്റുകളും ബംഗാൾ ക്രിക്കറ്റ് തലവനായ ഡാൽമിയയെ പിന്തുണയ്ക്കുന്നുണ്ട്.

ശനിയാഴ്ച രാത്രി വരെ ബിജെപി എംപിയും ബിസിസിഐ ജോയിന്റ് സെക്രട്ടറി അനുരാഗ് ടാക്കൂറിന്റേയും മുൻ ബിസിസിഐ തലവൻ ശരത് പവാറിന്റേയും പേരുകൾ പ്രസിഡണ്ട് സ്ഥാനത്തേക്കു പരിഗണിച്ചിരുന്നു. എന്നാൽ ഈസ്റ്റ് സോണിലെ യൂണിറ്റുകളുടെ പിന്തുണ നേടിയതോടെയാണ് ഡാൽമിയക്ക് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വഴി തുറന്നത്.

ബിസിസിഐയിൽ സുപ്രധാന സ്ഥാനം അനുരാഗ് ടാക്കൂറിന് ലഭിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്. ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ തലവനാണിപ്പോൾ ടാക്കൂർ? അദ്ദേഹം ബിസിസിഐ സെക്രട്ടറിയായേക്കുമെന്നാണ് വിവരം. നിലവിൽ സഞ്ജയ് പട്ടേലാണ് ബിസിസിഐ സെക്രട്ടറി. ശ്രീനിവാസന്റെ പക്ഷത്തുള്ള സഞ്ജയ് പട്ടേൽ വീണ്ടും സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചേക്കുമെന്നും സൂചനയുണ്ട്.

ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ശ്രീനി ക്യാമ്പിലെ അമിതാഭ ചൗധരി നേരിടുക പവാർ അനുകൂലിയും ഗോവ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ചേതൻ ദേശായിയെ ആയിരിക്കും. ഹരിയാനയുടെ അനിരുദ്ധ് ചൗധരിയായിരിക്കും ട്രഷറർ.

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്രീനിവാസന്റെ പിന്തുണയുള്ള വർ ഇവരൊക്കെയാണ്: സി കെ ഖന്ന (നോർത്ത്), ഗംഗാരാജു (സൗത്ത്), ഗൗതം റോയ് (ഈസ്റ്റ്), മാത്യൂസ് (വെസ്റ്റ്). സെൻട്രൽ സോണിന്റെ നോമിനിയെ തീരുമാനിച്ചിട്ടില്ല. ജ്യോതിരാദിത്യ സിന്ധ്യ, രവി സാവന്ത്, എം പി പണ്ഡോവെ എന്നിവരാണ് പവാർ പക്ഷത്തെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിമാർ.