ലണ്ടൻ: ബ്രിട്ടനിലെ ഏറ്റവും വലിയ കാർ നിർമ്മാതാവ ജാഗ്വർ ലാൻഡ് റോവർ നിലവിൽ പിടിച്ച് നിൽക്കാൻ പാടുപെടുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ബ്രിട്ടനിൽ പരീക്ഷണത്തിന് എത്തിയ ടാറ്റയ്ക്ക് കാലിടറുന്നുവോ..? എന്ന ചോദ്യം ശക്തമാവുകയാണ്. യുകെയിൽ ഡീസൽ കാറുകൾ കുറച്ച് കുറച്ച് അധികം വൈകാതെ തീർത്തും റോഡുകളിൽ നിന്നും പിൻവലിക്കുന്നതിനുള്ള നീക്കം ശക്തമായതോടെ ഡീസൽ കാറുകളുടെ ഡിമാന്റ് കുറഞ്ഞത് കമ്പനിക്ക് കടുത്ത ആഘാതമായിത്തീർന്നിട്ടുണ്ട്.

ഇതിന് പുറമെ ചൈനയിലേക്കുള്ള കാറുകളുടെ വിതരണം കുറയുകയും ചെയ്തതോടെ ഉൽപാദനം കുറയ്ക്കാൻ ജാഗ്വർ നിർബന്ധിതമായിത്തീർന്നിരിക്കുകയാണ്. ഇതിനെ തുടർന്ന് 5000 പേർക്ക് കൂടി പണി തെറിച്ചേക്കുമെന്നും മുന്നറിയിപ്പുണ്ട്. ഇത് പ്രകാരം പുതുവർഷത്തിലായിരിക്കും ജാഗ്വർ തൊഴിലാളികളുടെ എണ്ണം ഇത്തരത്തിൽ വൻ തോതിൽ വെട്ടിക്കുറയ്ക്കുന്നത്. തങ്ങളുടെ 40,000ത്തോളം വരുന്ന തൊഴിൽ സേനയിൽ നിന്നാണ് 5000ത്തോളം പേരെ പിരിച്ച് വിടാൻ ജാഗ്വർ ലാൻഡ് റോവർ ഒരുങ്ങുന്നത്.

മേൽപ്പറഞ്ഞ പ്രതിസന്ധികളെ അതിജീവിച്ച് പിടിച്ച് നിൽക്കുന്നതിനായി രണ്ട് വർഷത്തെ ചെലവ് ചുരുക്കൽ നയം നടപ്പിലാക്കാൻ കമ്പനി തീരുമാനിച്ചതിനെ തുടർന്നാണ് തൊഴിലാളികളെ പിരിച്ച് വിടുന്നത്. ഇത്തരത്തിലുള്ള തൊഴിൽ നഷ്ടങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ കമ്പനി ജനുവരിയിൽ പുറത്ത് വിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സോളിഹുളിലെ ഫാക്ടറിയിൽ നിന്നും ഈ കമ്പനി ഇപ്പോൾ തന്നെ 1000ത്തോളം പേരെ പിരിച്ച് വിട്ടിരുന്നു. പുതിയ പ്രശ്നത്തെക്കുറിച്ച് പ്രതികരിക്കാൻ ജാഗ്വർ ലാൻഡ് റോവർ തയ്യാറായിട്ടില്ല.

ഇന്ത്യൻ വ്യവസായ ഭീമന്മാരായ ടാറ്റയ്ക്ക് ഇതു വരെ ഇന്ത്യൻ മണ്ണിൽ നല്ലൊരു കാർ ഇറക്കി വിജയിക്കാൻ കഴിയാത്ത സാഹചര്യത്തിലായിരുന്നു ടാറ്റ യുകെയിലെ കാർ മേഖലയിൽ ചുരുങ്ങിയ കാലം കൊണ്ട് വെന്നിക്കൊടി പാറിച്ചിരുന്നത്. ഇന്ത്യയിൽ ടാറ്റക്ക് ഇൻഡിക്ക വിസ്റ്റയും ടാറ്റ സുമോയും മാത്രമേ വിജയിപ്പിക്കാൻ സാധിച്ചിരുന്നുള്ളൂ. എന്നാൽ അനേകായിരങ്ങൾ വാഹനങ്ങൾ വാങ്ങുന്ന ഇന്ത്യൻ വിപണിയിൽ ഒരു മിഡിൽ ക്ലാസ് കാർ പോലും ഇറക്കി വിജയിപ്പിക്കാൻ ടാറ്റക്ക് സാധിച്ചിരുന്നില്ല. പക്ഷേ ബ്രിട്ടനിൽ ടാറ്റ ഏറ്റെടുത്ത റേഞ്ച് റോവറും ജാഗ്വറും അനുദിനം ശക്തി പ്രാപിച്ച് വരുകയായിരുന്നു. അതിനിടെയാണ് ഡീസൽകാറുകൾക്കുള്ള ഡിമാന്റ് ചുരുങ്ങിയതും ചൈനയിലേക്കുള്ള കയറ്റുമതിയിൽ ഇടിവ് സംഭവിച്ചതും കമ്പനിയെ പ്രതിസന്ധിലാക്കിയിരിക്കുന്നത്.