തിരുവനന്തപുരം: കോൺഗ്രസിന്റെ ചാനലായ ജയ്ഹിന്ദ് ടിവിയിൽ നാലര മാസമായി ശമ്പളമില്ല. കൂടാതെ ജീവനക്കാരുടെ പിഎഫും ഇഎസ്ഐയും മുടങ്ങിയിരിക്കുകയാണ്. ചാനലിന്റെ ചെയർമാനായിരുന്ന രമേശ് ചെന്നിത്തല രാജി വച്ചെങ്കിലും കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ രമേശിന്റെ രാജി അംഗീകരിച്ചിട്ടില്ല. എന്നാൽ രമേശ് ആവട്ടെ ഇപ്പോൾ ചാനലിന്റെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാറുമില്ല. അതിനെ തുടർന്ന് ആരോട് പരാതി പറയണമെന്നറിയാതെ കുഴങ്ങുകയാണ് ജയ്ഹിന്ദിലെ ജീവനക്കാർ.

ശമ്പളം മുടങ്ങുന്നത് ജയ്ഹിന്ദിൽ പുതിയകാര്യമല്ലെങ്കിലും ഇത്രയും കാലം തുടർച്ചയായി മുടങ്ങുന്നത് ഇതാദ്യമായാണ്. ഇഎസ്ഐ അടയ്ക്കാത്തത് മൂലം അസുഖം വന്നാൽ പോലും ആനുകൂല്യം ലഭിക്കാത്ത അവസ്ഥയിലാണ് ജീവനക്കാർ. ചാനലിൽ നിന്നും രാജി വച്ചവർക്ക് ഗ്രാറ്റിവിറ്റിയും ഏറെ കാലമായി നൽകുന്നില്ല. ഇത് ലേബർ പരാതിയുമായി മാറിയിട്ടുണ്ട്. അതിദയനീയമാണ് ഇന്ന് ജയ്ഹിന്ദ് ജീവനക്കാരുടെ അവസ്ഥ

പരാതി പറയാൻ പോലും ഒരാളില്ലാത്ത അനാഥത്വമാണ് ജയ്ഹിന്ദ് ടിവിക്ക്. കെ. സുധാകരൻ കെപിസിസി പ്രസിഡന്റായതിനെ തുടർന്ന് ചാനലിന്റെ ചെയർമാനായിരുന്ന രമേശ് ചെന്നിത്തല ഒന്നര മാസം മുമ്പ് രാജിവച്ചെങ്കിലും ചെയർമാനായിരുന്ന കാലത്തെ കണക്കുകൾ കാണിച്ചിട്ട് മാത്രം സ്ഥാനമൊഴിഞ്ഞാൽ മതി എന്ന നിലപാടിലാണ് കെ. സുധാകരൻ. എന്നാൽ അതിന് ശേഷം ചെന്നിത്തല ചാനലിന്റെ ദൈനംദിന കാര്യങ്ങളിൽ ഇടപെടുന്നില്ല, സുധാകരനാകട്ടെ ചെയർമാൻ സ്ഥാനം ഏറ്റെടുത്തിട്ടുമില്ല.

യുഡിഎഫ് കൺവീനർ ആയതിനെ തുടർന്ന് എംഡിയായിരുന്ന എംഎം ഹസൻ ആ സ്ഥാനവും ഒഴിഞ്ഞിരുന്നു. ഒരു വർഷം മുമ്പ് കെവി തോമസിനെ ജയ്ഹിന്ദിന്റെ എംഡിയായി നിയോഗിച്ചിരുന്നു. ഹസൻ രാജിവച്ച സാഹചര്യത്തിലായിരുന്നു ഇത്. എന്നാൽ കെവി തോമസ് സ്ഥാനം ഏറ്റെടുത്തില്ല. ചാനലിന്റെ സാമ്പത്തിക പ്രതിസന്ധി തിരിച്ചറിഞ്ഞായിരുന്നു ഇത്. വലിയ ഫണ്ട് തട്ടിപ്പ് കെവി തോമസ് കണ്ടെത്തിയതായി അന്ന് സൂചനകളുണ്ടായിരുന്നു. പിന്നീട് കോൺഗ്രസ് നേതൃത്വവുമായി കെവി തോമസ് അകന്നു. ഇതോടെ ജയ്ഹിന്ദിലെ സ്ഥാനം തോമസ് ഏറ്റെടുത്തതുമില്ല.

ചാനലിന്റെ ജെഎംഡിയായ ബിഎസ് ഷിജുവാകട്ടെ ഇടക്കാലത്ത് പുറത്താക്കപ്പെട്ടെങ്കിലും ഇപ്പോൾ തിരിച്ചെത്തിയിട്ടുണ്ട്. എന്നാൽ ഡയറക്ടർ ബോർഡിലെ പ്രശ്നങ്ങളും വരുമാനക്കുറവും ചൂണ്ടിക്കാട്ടി ജീവനക്കാരുടെ ആവലാതികൾക്ക് മുന്നിൽ കൈകഴുകുകയാണ് ഷിജു. ചാനൽ നഷ്ടത്തിലാണെങ്കിലും ഓൺലൈനിൽ നിന്നും ലഭിക്കുന്ന വരുമാനം എവിടെയെന്നാണ് ജീവനക്കാർ ചോദിക്കുന്നത്. ഇതിന് കൃത്യമായ കണക്കില്ല. ഇത് ചില പോക്കറ്റുകളിലേയ്ക്ക് പോകുകയാണെന്ന് അവർ സംശയിക്കുന്നു.

പ്രൊഫഷണലുകളുടെ കുറവ് ചാനൽ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. നാഥനില്ലാ കളരിയായി ചാനൽ മാറിക്കഴിഞ്ഞു. കെ. സുധാകരൻ അധികാരമേറ്റ ശേഷം ചാനൽ പൂർണമായും ഓഡിറ്റ് ചെയ്യും, മുതിർന്ന മാധ്യമ പ്രവർത്തകരെ ചാനൽ തലപ്പത്തു കൊണ്ടു വന്ന് കൂടുതൽ ക്രിയാത്മകമായി ചാനലിനെ പ്രവർത്തിപ്പിക്കും എന്നൊക്കെ പ്രചരിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല. ജയ്ഹിന്ദ്, വീക്ഷണം, രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളിൽ 35 കോടി രൂപയുടെ ബാധ്യതയുണ്ട്. അതിനെ പുറമേയാണ് ഇപ്പോഴുണ്ടായിരിക്കുന്ന ശമ്പളപ്രതിസന്ധിയും.

കിഴക്കേക്കോട്ടയിൽ പ്രവർത്തിച്ചിരുന്ന ചാനലിന്റെ ഹെഡ് ഓഫീസ് കെ.മുരളീധരൻ എംപി യുടെ പിഎംജി യിലുള്ള ബഹുനില മന്ദിരത്തിലേക്ക് മാറ്റി സ്ഥാപിച്ചിട്ടും സ്ഥാപനത്തിന് ഗുണമുണ്ടായിട്ടില്ല. പലവിധ ആരോപണങ്ങളും അക്ഷേങ്ങളും നിലനിൽക്കുകയും ചെയ്യുന്നു. ചാനലിന്റെ കണക്കുകൾ കൃത്യമായി ഓഡിറ്റ് നടത്തുന്നുണ്ടോയെന്നും വ്യക്തമല്ല. ജിഎസ്ടി പോലും ചാനലിന് ഇല്ലെന്നാണ് ജീവനക്കാർ പറയുന്നത്. കെടുകാര്യസ്ഥതയാണ് ഇതിന് പിന്നിൽ. അതുകൊണ്ട് തന്നെ ജയ്ഹിന്ദ് ടിവിയുടെ എംഡി ആയിരുന്ന എംഎം ഹസനും സാമ്പത്തിക പ്രതിസന്ധിയിൽ നിലപാടുകൾ വിശദീകരിക്കേണ്ടി വരും.

ചാനലിന്റെ ആരംഭം മുതൽ അക്കൗണ്ട്‌സ് തലവനായിരുന്ന വ്യക്തിക്ക് ഒരു 'ദേശീയനേതാവിന്റെ മകന്റെ ഉടമസ്ഥതയിലുള്ള കണ്ണാശുപത്രിയിൽ ജോലി നൽകി സ്ഥാനത്ത് നിന്നും നീക്കിയത് ഇതുവരെയുള്ള തിരിമറികൾ കെ. സുധാകരൻ അറിയാതിരിക്കാനാണ് എന്ന സംസാരവും ചാനലിനുള്ളിലുണ്ട്. 2007 ഓഗസ്ത് 17നാണ് ജയ്ഹിന്ദ് കോൺഗ്രസിന്റെ ഔദ്യോഗിക ജിഹ്വയായി പ്രവർത്തനം തുടങ്ങിയത്.

ഇതിന് ശേഷം തുടങ്ങിയ പാർട്ടി ചാനലുകളടക്കമുള്ളവ മുന്നോട്ടു കുതിച്ചിട്ടും ജയ് ഹിന്ദിന്റെ കിതപ്പിന് കാരണം വ്യക്തമല്ല. എല്ലാ കെ പി.സി.സി അധ്യക്ഷന്മാരുടെ കാലത്തും കോടികളാണ് ജയ്ഹിന്ദിന് വേണ്ടി ചിലവഴിച്ചിട്ടുള്ളത്.