- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയ്ഹിന്ദിന് ശേഷം തുടങ്ങിയ ആർഎസ്എസ് ചാനൽ പോലും ക്ലച്ചു പിടിച്ചു; കോൺഗ്രസ് ചാനലിന് പറയാനുള്ളത് കിതപ്പിന്റെ കഥകൾ മാത്രം; കണക്കില്ലാതെ ഇനി പണം കൊടുക്കില്ല; പാർട്ടി ചാനലിലും വീക്ഷണത്തിലും ശുദ്ധികലശം ഉണ്ടാകും; കെ സുധാകരൻ പഠനത്തിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് സമൂല മാറ്റത്തിനൊതങ്ങുന്നകോൺഗ്രസിന്റെ ചാനലും ദിനപത്രവും മെച്ചപ്പെടുത്താൻ പുതിയ കെപിസിസി അധ്യക്ഷൻ കെ. സുധാകരന്റെ തീരുമാനം. പാർട്ടി ജിഹ്വകളായ ജയ്ഹിന്ദും വീക്ഷണവും പരിതാപകരമായ അവസ്ഥയിലാണ് ഇപ്പോഴുള്ളത്. രണ്ടിടത്തുമുള്ള വലിയ കടബാധ്യതകളാണ് പാർട്ടി അധ്യക്ഷ പദവി ഏറ്റെടുത്ത കെ.സുധാകരന് വെല്ലുവിളിയായി തുടരുന്നത്. അടിമുടി അഴിച്ചു പണിയുണ്ടാകുമെന്നാണ് സൂചന.
നേരത്തെ കെവി തോമസിനെ ജയ്ഹിന്ദിന്റെ ചുമതല ഏൽപ്പിച്ചിരുന്നുവെങ്കിലും അദ്ദേഹം അത് ഏറ്റെടുത്തിരുന്നില്ല. മുമ്പുള്ള മനേജ്മെന്റിന്റെ കോടികളുടെ സാമ്പത്തിക വെട്ടിപ്പും ആസൂത്രണമില്ലായ്മയും കണ്ടു പിടിക്കപ്പെട്ടതോടെയാണ് തോമസ് പിന്മാറിയത്. 2017 മെയ്യിലാണ് ചാനലിൽ ഡയറക്ടർ പ്ലാനിങ് എന്ന തസ്തികയിൽ ബി.എസ് ഷിജു അവരോധിതനായത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പിന്തുണയോടെ ഐ ഗ്രൂപ്പിന്റെ നോമിനിയായാണ് ഇദ്ദേഹം ചാനലിൽ എത്തിയത്.
പിന്നീട് ജൂൺ മാസത്തിലാണ് നിലവിലുള്ള മാനേജ്മെന്റിനെ പിരിച്ചുവിട്ട് ജോയിന്റ് മാനേജിങ് ഡയറക്ടറായി ഷിജു ചുമതലയേറ്റു. എന്നാൽ ചാനലിനെ മുമ്പോട്ട് കൊണ്ടു പോകാൻ ഈ മാനേജ്മെന്റിനും കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് മാറ്റങ്ങൾക്ക് വേണ്ടിയുള്ള സുധാകരന്റെ ശ്രമം. എം എം ഹസനാണ് നിലവിൽ ചാനലിൽ കൂടുതൽ നിയന്ത്രണമുള്ള കോൺഗ്രസ് നേതാവ്. ഇതിനും മാറ്റം വന്നേക്കും.
കിഴക്കേക്കോട്ടയിൽ പ്രവർത്തിച്ചിരുന്ന ചാനലിന്റെ ഹെഡ് ഓഫീസ് കെ.മുരളീധരൻ എം പി യുടെ പി.എം.ജി യിലുള്ള ബഹുനില മന്ദിരത്തിലേക്ക് മാറ്റി സ്ഥാപിച്ചിട്ടും സ്ഥാപനത്തിന് ഗുണമുണ്ടായിട്ടില്ല. പലവിധ ആരോപണങ്ങളും അക്ഷേങ്ങളും നിലനിൽക്കുകയും ചെയ്യുന്നു. ചാനലിന്റെ കണക്കുകൾ കൃത്യമായി ഓഡിറ്റ് നടത്തുന്നുണ്ടോയെന്നും വ്യക്തമല്ല. ഈ സാഹചര്യത്തിൽ സമഗ്ര ഇപെടലിനാണ് ജയ്ഹിന്ദിൽ ശ്രമം നടക്കുന്നത്.
കോവിഡ് മഹാമാരി മൂലം ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചപ്പോൾ മുൻ കെ പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നൽകിയ പത്ത് ലക്ഷം രൂപയും ചാനലിൽ എത്തിയിട്ടില്ലെന്ന പരാതി സജീവമാണ്. മല്ലപ്പള്ളിയുടെ കാലത്ത് ഏതാണ്ട് രണ്ട് കോടി രൂപയോളം വിവിധ അവസരങ്ങളിലായി ജയ് ഹിന്ദിന് നൽകിയിരുന്നു. എന്നിട്ടും ഗുണമുണ്ടായില്ല. ഈ സാഹചര്യത്തിൽ ജയ്ഹിന്ദിനെ നേരേയാക്കാനുള്ള ദൗത്യം ദുഷ്കരമാണെന്ന് സുധാകരനും അറിയാം.
ചാനലിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കൃത്യമായ അവബോധമില്ലാത്ത പുതിയ കെപിസിസി അധ്യക്ഷനായ കെ.സുധാകരൻ ചാനൽ നടത്തിപ്പിലും പ്രൊഫഷണിലിസമാണ് ലക്ഷ്യമിടുന്നത്. പ്രൊഫഷണൽ യോഗ്യത ഇല്ലാത്തവരെ എല്ലാം പ്രധാന പദവികളിൽ നിന്നും മാറ്റും. ജീവനക്കാരുടെ അഭിപ്രായം കൂടി പരിഗണിച്ചാകും ജയ്ഹിന്ദിൽ അഴിച്ചു പണി. കെപിസിസി പുനഃസംഘടനയ്ക്ക് ഒപ്പം ജയ്ഹിന്ദ് പുനഃസംഘടനയിലും തീരുമാനം എടുക്കാനാണ് നീക്കം. സോഷ്യൽ മീഡിയാ ഇടെപലും കോൺഗ്രസ് അതിശക്തമാകും.
2007 ഓഗസ്ത് 17നാണ് ജയ്ഹിന്ദ് കോൺഗ്രസിന്റെ ഔദ്യോഗിക ജിഹ്വയായി പ്രവർത്തനം തുടങ്ങിയത്. ഇതിന് ശേഷം തുടങ്ങിയ പാർട്ടി ചാനലുകളടക്കമുള്ളവ മുന്നോട്ടു കുതിച്ചിട്ടും ജയ് ഹിന്ദിന്റെ കിതപ്പിന് കാരണം വ്യക്തമല്ല. എല്ലാ കെ പി.സി.സി അധ്യക്ഷന്മാരുടെ കാലത്തും കോടികളാണ് ജയ്ഹിന്ദിന് വേണ്ടി ചിലവഴിച്ചിട്ടുള്ളത്. പല കാലങ്ങളിൽ നൽകിയ തുകയ്ക്ക് കൃത്യമായ കണക്കുണ്ടോ എന്ന് ഇതിനെല്ലാം കൃത്യമായുള്ള ഓഡിറ്റിങ് നടത്തിയിട്ടുണ്ടോ എന്നതും വ്യക്തമല്ല.
ഇവയടക്കം നടത്തി ചാനലിന്റെ ഇപ്പോഴത്തെ അവസ്ഥ കൃത്യമായി മനസിലാക്കിയ ശേഷമാവും കെ.സുധാകരൻ തുടർ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയെന്നും പറയപ്പെടുന്നു.
മറുനാടന് മലയാളി ബ്യൂറോ