- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സുധീരൻ എത്തിയപ്പോഴും മുല്ലപ്പള്ളി വന്നപ്പോഴും ചാനൽ ചെയർമാനും പ്രസിഡന്റുമായി തുടർന്നത് ചെന്നിത്തല; ഹസനെ മാറ്റി കെവി തോമസിനെ എംഡിയാക്കാനുള്ള നീക്കം തടഞ്ഞത് ഓഡിറ്റിംഗിലെ ക്രമക്കേട് കണ്ടെത്തൽ; സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന പാർട്ടി ചാനലിനേയും ഇനി സുധാകരൻ നയിക്കും; ജയ്ഹിന്ദ് ടിവിയും വീക്ഷണവും മാറ്റത്തിന്റെ പാതയിൽ
തിരുവനന്തപുരം: ജയ് ഹിന്ദ് ടിവിയുടെ നിയന്ത്രണവും കെ സുധാകരൻ ഏറ്റെടുക്കുന്നു. ചാനലിന്റെ പ്രിസഡന്റ് പദവിയിൽ കെ സുധാകരൻ എത്തും. നിലവിൽ രമേശ് ചെന്നിത്തലയായിരുന്നു പ്രസിഡന്റ്. കെപിസിസി അധ്യക്ഷനാണ് ജയ്ഹിന്ദ് ചാനലിന്റേയും ചുമതല. എന്നാൽ മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി അധ്യക്ഷനായിരുന്നപ്പോൾ ആ സ്ഥാനം ഏറ്റെടുത്തിരുന്നില്ല. വി എം സുധീരനും താൽപ്പര്യം കാട്ടിയില്ല. അതുകൊണ്ട് തന്നെ രമേശ് ചെന്നിത്തല പ്രസിഡന്റ് സ്ഥാനത്ത് തുടർന്നു. എന്നാൽ കെപിസിസി അധ്യക്ഷനായി എത്തിയ സുധാകരൻ ആ പദവി ഏറ്റെടുക്കുകയാണ്. ഇതോടെ ജയ്ഹിന്ദ് ടിവിയിലും സമൂല മാറ്റത്തിന് സാധ്യത തെളിയും. പാർട്ടി ജിഹ്വകളായ ജയ്ഹിന്ദും വീക്ഷണവും പരിതാപകരമായ അവസ്ഥയിലാണ് ഇപ്പോഴുള്ളത്. രണ്ടിടത്തുമുള്ള വലിയ കടബാധ്യതകളാണ് പാർട്ടി അധ്യക്ഷ പദവി ഏറ്റെടുത്ത കെ.സുധാകരന് വെല്ലുവിളിയായി തുടരുന്നത്. അടിമുടി അഴിച്ചു പണിയുണ്ടാകുമെന്നാണ് സൂചന.
രണ്ട് കമ്പനികളാണ് ജയ്ഹിന്ദ് ടിവിയുടെ നിയന്ത്രണത്തിലുള്ളത്. ഇതിൽ ഒന്നിൽ എംഎം ഹസനായിരുന്നു മാനേജിങ് ഡയറക്ടർ. മറ്റൊന്നിൽ പന്തളം സുധാകരനും. ഇതിൽ യുഡിഎഫ് കൺവീനർ കൂടിയായ എംഎം ഹസൻ മാനേജിങ് ഡയറക്ടർ സ്ഥാനം നേരത്തെ രാജി വച്ചിരുന്നു. എന്നാൽ ഇതിന് ശേഷവും ഹസൻ ചാനൽ കാര്യങ്ങളിൽ ഇടപെട്ടിരുന്നു. എന്നാൽ എംഡി സ്ഥാനം ഒഴിഞ്ഞ ഹസന് ഇനി ദൈനംദിന കാര്യങ്ങളിൽ ഇടപെടാനാകില്ല. ഡയറക്ടർ ബോർഡ് അംഗമായി ഹസൻ തുടരും. മറ്റൊരു കമ്പനിയിൽ പന്തളം സുധാകരൻ തന്നെയാകും മാനേജിങ് ഡയറക്ടർ. അടിമുടി പരിഷ്‌കാരങ്ങൾ ചാനലിൽ സുധാകരൻ വരുത്തുമെന്നാണ് സൂചന.
കോൺഗ്രസിന്റെ ഔദ്യോഗിക ചാനലായി അറിയപ്പെടുന്ന ജയ്ഹിന്ദ് ടിവിയിൽ എ-ഐ ഗ്രൂപ്പു സമാവാക്യങ്ങൾ എക്കാലത്തും പാലിക്കപ്പെട്ടിരുന്നു. ഹസൻ എംഡിയായിരിക്കുമ്പോൾ ചെന്നിത്തലയ്ക്ക് പ്രസിഡന്റ് പദവിയിൽ എത്തിച്ചത് കെപിസിസി അധ്യക്ഷനെന്ന പോസ്റ്റിൽ ഇരിക്കുമ്പോഴായിരുന്നു. പിന്നീടൊരിക്കലും ചെന്നിത്തലയ്ക്ക് സ്ഥാനം മാറേണ്ടി വന്നിട്ടില്ല. എന്നാൽ പാർട്ടിയെ കൂടുതൽ ചലനാത്മകമാക്കാൻ ചാനലിന്റെ നിയന്ത്രണവും വേണമെന്ന് സുധാകരൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെ കെപിസിസി അധ്യക്ഷൻ, ചാനൽ പ്രസിഡന്റ് എന്ന നിലയിലേക്ക് കാര്യങ്ങളെത്തും. ചാനലിൽ സമ്പൂർണ്ണ ഓഡിറ്റിങ് സുധാകരൻ നടത്തുമെന്നാണ് സൂചന.
പ്രൊഫഷണലുകളുടെ കുറവ് ചാനൽ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. നാഥനില്ലാ കളരിയാണ് ചാനൽ എന്ന പ്രാഥമിക വിലയിരുത്തലാണ് സുധാകരനുള്ളത്. മുതിർന്ന മാധ്യമ പ്രവർത്തകരെ ചാനൽ തലപ്പത്തു കൊണ്ടു വന്ന് കൂടുതൽ ക്രിയാത്മകമായി ചാനലിനെ പ്രവർത്തിപ്പിക്കുകയാണ് ലക്ഷ്യം. അടിമുടി മാറ്റങ്ങൾ എല്ലാ തലത്തിലും കൊണ്ടു വരും. സർക്കാരിനെതിരെ ക്രിയാത്മകമായി പ്രവർത്തിക്കാൻ പ്രതിപക്ഷത്തെ പ്രാപ്തമാക്കുന്ന വാർത്തകളും പരിപാടികളും ആവിഷ്‌കരിക്കും. പ്രതിപക്ഷ ചാനലിന്റെ സ്വഭാവം ജയ്ഹിന്ദ് ടിവിക്ക് ഉറപ്പാക്കുകയും ചെയ്യും.
കുറച്ചു മാസം മുമ്പ് കെവി തോമസിനെ ജയ്ഹിന്ദിന്റെ എംഡിയായി നിയോഗിച്ചിരുന്നു. ഹസൻ രാജിവച്ച സാഹചര്യത്തിലായിരുന്നു ഇത്. എന്നാൽ കെവി തോമസ് സ്ഥാനം ഏറ്റെടുത്തില്ല. ചാനലിന്റെ സാമ്പത്തിക പ്രതിസന്ധി തിരിച്ചറിഞ്ഞായിരുന്നു ഇത്. വലിയ ഫണ്ട് തട്ടിപ്പ് കെവി തോമസ് കണ്ടെത്തിയതായി അന്ന് സൂചനകളുണ്ടായിരുന്നു. പിന്നീട് കോൺഗ്രസ് നേതൃത്വവുമായി കെവി തോമസ് അകന്നു. ഇതോടെ ജയ്ഹിന്ദിലെ സ്ഥാനം തോമസ് ഏറ്റെടുത്തതുമില്ല. കഴിഞ്ഞ ദിവസം ഓൺലൈനിൽ ജയ്ഹിന്ദ് ടിവിയുടെ ഡയറക്ടർമാരുടെ യോഗം ചേർന്നിരുന്നു. ഇതിലാണ് സുധാകരൻ സ്ഥാനം ഏറ്റെടുക്കുമെന്ന് വ്യക്തമായത്.
ചാനലിൽ വലിയ സാമ്പത്തിക പ്രതിസന്ധിയും കണക്കുകളിൽ പൊരുത്തക്കേടും ഉണ്ടാക്കി തോമസ് മാഷിന്റെ വരവ് തടയുന്നതിന് പിന്നിൽ ജയ്ഹിന്ദിലെ വിമത പക്ഷമാണന്നാണ് ഐ ഗ്രൂപ്പ് പറഞ്ഞിരുന്നത. ഇതോടെ ചാനൽ നിയന്ത്രണം ഷിജുവിന്റെ കൈയിലുമായി. സുധാകരൻ വരുന്നതോടെ ഇതിന് എന്ത് സംഭവിക്കുമെന്നതാണ് നിർണ്ണായകം. നിരവധി പ്രതിസന്ധികൾ ജയ്ഹിന്ദ് ടിവി നേരിടുന്നുണ്ട്. വരുമാനക്കുറവ് അടക്കമുള്ള പ്രശ്‌നങ്ങൾ ഇതിലുണ്ട്. ചാനലിലെ പല മാധ്യമപ്രവർത്തകരും രാജിവയ്ക്കുകയും ചെയ്തു.
ഇങ്ങനെ രാജിവച്ച പലർക്കും ആനുകൂല്യങ്ങൾ നൽകാനാകാത്തത് ലേബർ പരാതിയുമായി മാറിയിട്ടുണ്ട്. ഓണക്കാലത്ത് ജീവനക്കാർക്ക് ബോണസ് ഉറപ്പാക്കാൻ സുധാകരൻ ചില ഇടപെടൽ നടത്തിയിരുന്നു. കാര്യങ്ങൾ വ്യക്തമായി പഠിച്ച ശേഷമാണ് പ്രസിഡന്റ് ചുമതല സുധാകരൻ ഏറ്റെടുക്കുന്നത്. ഫലത്തിൽ ചാനലിലെ ചെന്നിത്തലക്കാലം തീരുകയാണ്.
കിഴക്കേക്കോട്ടയിൽ പ്രവർത്തിച്ചിരുന്ന ചാനലിന്റെ ഹെഡ് ഓഫീസ് കെ.മുരളീധരൻ എം പി യുടെ പി.എം.ജി യിലുള്ള ബഹുനില മന്ദിരത്തിലേക്ക് മാറ്റി സ്ഥാപിച്ചിട്ടും സ്ഥാപനത്തിന് ഗുണമുണ്ടായിട്ടില്ല. പലവിധ ആരോപണങ്ങളും അക്ഷേങ്ങളും നിലനിൽക്കുകയും ചെയ്യുന്നു. ചാനലിന്റെ കണക്കുകൾ കൃത്യമായി ഓഡിറ്റ് നടത്തുന്നുണ്ടോയെന്നും വ്യക്തമല്ല. ഈ സാഹചര്യത്തിൽ സമഗ്ര ഇപെടലിനാണ് ജയ്ഹിന്ദിൽ സുധാകരൻ ശ്രമം നടക്കുന്നത്.
2007 ഓഗസ്ത് 17നാണ് ജയ്ഹിന്ദ് കോൺഗ്രസിന്റെ ഔദ്യോഗിക ജിഹ്വയായി പ്രവർത്തനം തുടങ്ങിയത്. ഇതിന് ശേഷം തുടങ്ങിയ പാർട്ടി ചാനലുകളടക്കമുള്ളവ മുന്നോട്ടു കുതിച്ചിട്ടും ജയ് ഹിന്ദിന്റെ കിതപ്പിന് കാരണം വ്യക്തമല്ല. എല്ലാ കെ പി.സി.സി അധ്യക്ഷന്മാരുടെ കാലത്തും കോടികളാണ് ജയ്ഹിന്ദിന് വേണ്ടി ചിലവഴിച്ചിട്ടുള്ളത്.
പല കാലങ്ങളിൽ നൽകിയ തുകയ്ക്ക് കൃത്യമായ കണക്കുണ്ടോ എന്ന് ഇതിനെല്ലാം കൃത്യമായുള്ള ഓഡിറ്റിങ് നടത്തിയിട്ടുണ്ടോ എന്നതും വ്യക്തമല്ല. ഇവയടക്കം നടത്തി ചാനലിന്റെ ഇപ്പോഴത്തെ അവസ്ഥ കൃത്യമായി മനസിലാക്കിയ ശേഷമാവും കെ.സുധാകരൻ തുടർ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയെന്നും പറയപ്പെടുന്നു.
മറുനാടന് മലയാളി ബ്യൂറോ