1936 നവംബർ 12 ന് ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവ് ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചതിന്റെ പിറ്റേന്ന് അന്നത്തെ അധസ്ഥിത വിഭാഗ ജനങ്ങളാകെ പത്മനാഭസ്വാമി ക്ഷേത്രത്തിൽ പോയി ദർശനത്തിനായി വരി നിന്നിരുന്നില്ല. ചാത്തുവും കാളിയും പൊക്കനും വൈക്കത്തമ്പലത്തിലെ ഗോപുര വാതിലിലൂടെ കാണുന്ന ദീപശിഖയിലേക്ക് നോക്കാൻ ക്ഷേത്രപ്രവേശന വിളംബരത്തിനു ശേഷവും ഭയപ്പെട്ടിരുന്നു.

1947 ജൂൺ 2 ന് രാവിലെ ഗുരുവായൂരിൽ വച്ച് കെ. കേളപ്പന്റെയും, യു. ഗോപാലമേനോന്റെയും, വി.ജെ രാമന്റെയും നേതൃത്വത്തിൽ നടത്തിയ ഗുരുവായൂർ ക്ഷേത്രപ്രവേശന സ്വാഗത സമ്മേളനത്തിൽ പങ്കെടുത്തു ക്ഷേത്രത്തിൽ പ്രവേശിച്ചതിൽ അധികവും അന്നത്തെ സവർണ്ണർ തന്നെയായിരുന്നു. ആദ്യകാലങ്ങളിൽ വിദ്യസമ്പന്നരായ പുരോഗമനചിന്താഗതിക്കാരായ അവർണ്ണർ മാത്രമായിരുന്നു ക്ഷേത്രത്തിൽ പ്രവേശിച്ചിരുന്നത്. അവരെ അന്നത്തെ ബഹുഭൂരിപക്ഷം സവർണരും മാലയിട്ടു സ്വീകരിക്കുകയുണ്ടാവുകയല്ല ചെയ്തത്, മറിച്ചു കൂക്കി വിളിക്കുകയാണ് ചെയ്തത്. എന്റെ ദേഹത്ത് തൊടാതെ മാറിനിൽക്കു എന്ന് തന്നെയാവണം ചിലരെങ്കിലും ആജ്ഞാപിച്ചത്. അത് കേട്ട് ബാക്കി സവർണ്ണർ പരിഹസിച്ചു ചിരിച്ചിട്ടുമുണ്ടാവണം. പഠിപ്പില്ലാത്തതും ഉത്പതിഷ്ണുക്കളുമല്ലാത്തതുമായ അവർണ്ണർ ക്ഷേത്രത്തിൽ പ്രവേശിക്കാൻ പിന്നെയും ഭയപ്പെട്ടിരുന്നു. നൂറ്റാണ്ടുകളായി അടിച്ചമർത്തപ്പെട്ടതിൽ മൂലമുണ്ടായ മസ്തിഷ്‌കനിലപാടിന്റെ കാരണത്താൽ തങ്ങൾ ദർശിച്ചാൽ ദൈവം അശുദ്ധമാവും കോപിക്കും ചിന്ത തന്നെയാണ് അവരെ ഭരിച്ചിരുന്നത്. ഇതെല്ലാം നൂറ്റാണ്ടുകൾ മുൻപത്തെ സംഭവമമൊന്നുമല്ല. 90 വയസ്സിന്റെ യുവത്വമായി ജീവനോടെ ഇന്നുമുള്ള പഴയ തലമുറ അതിനു സാക്ഷ്യം പറയും.

തുലാമാസ പൂജ കഴിഞ്ഞു ശബരിമല നട അടച്ചു. ഇനി ഒരു മാസത്തിനുള്ളിൽ മണ്ഡലകാലപൂജക്കായി നാൽപത്തിയൊന്ന് ദിവസത്തേക്ക് വീണ്ടും നട തുറക്കും. അത് കഴിഞ്ഞു മൂന്നു ദിവസത്തിന് ശേഷം മകരവിളക്കിനായി നട തുറക്കും, 21 ദിവസത്തേക്ക്. പിന്നീട് എല്ലാ മലയാള മാസവും 6 ദിവസം വീതം.

എത്ര നാൾ നിങ്ങൾ നിങ്ങൾ കൂവി വിളിക്കും? എത്രനാൾ ഭീക്ഷണിപ്പെടുത്തും, എത്ര നാൾ അക്രമം കാട്ടും? എത്ര നാൾ അയ്യപ്പനാമം ജപിച്ച ചുണ്ടു കൊണ്ട് അവരുടെയും അവരുടെ അമ്മമാരുടെയും ലൈംഗികാവയത്തെചേർത്ത് തെറി വിളിക്കും? ഈ സീസണിൽ? വരുംകാല മാസപൂജകൾക്കിടയിൽ? അതിനു ശേഷം വരുന്ന സീസണിൽ? പതിയെ നിങ്ങൾക്കും ഇത് മടുക്കും, ബോറടിക്കും. നിങ്ങളുടെ നേതാക്കൾക്ക് ഇത് പാർലമെന്റ് ഇലെക്ഷൻ വരെയുള്ള ഒരു കാര്യം മാത്രം. പക്ഷെ നിങ്ങൾ മടുത്താലും മടുക്കാത്ത ഒരു കൂട്ടർ അന്നുമുണ്ടാവും. ഭക്തകൾ. ഷോ കാണിക്കാനോ ആരെയും തോല്പിക്കാനോ വരുന്ന സ്ത്രീകളുടെ കാര്യമല്ല. അയ്യപ്പന് സ്ത്രീകളുടെ പ്രായം പ്രശ്‌നമല്ല എന്ന് വിശ്വസിക്കുന്ന ഭക്തകൾ. പ്രത്യേകിച്ച് ഇതരസംസ്ഥാന ഭക്തകൾ.

ആദ്യമാദ്യം ഒറ്റയ്ക്കും തെറ്റയ്ക്കും അവർ വരും.ഇന്നലെയും വന്നിരുന്നു നാല് പേർ. പതിയെ അവരുടെ എണ്ണം കൂടും. പമ്പയിൽ വന്നു ഗണപതി ക്ഷേത്രത്തിൽക്കയറിയും മലയിലേക്കു നോക്കി തൊഴുതും അവർ തിരിച്ചു പോവുമായിരിക്കും. പക്ഷെ പിന്നീട് അവർ മല ചവിട്ടും, അന്നും അയ്യനെ ദർശിക്കാൻ പറ്റിയെന്നു വരില്ലായിരിക്കും. പക്ഷെ അടുത്ത കാലത്തു തന്നെ അവർ പതിനെട്ടാം പടി ചവിട്ടുക തന്നെ ചെയ്യും. പിന്നെ ഒരു മലവെള്ളപ്പാച്ചിൽ പമ്പയിൽ നിന്ന് മലയിലേക്കൊഴുകുന്നത് നമുക്ക് കാണാൻ പറ്റും. പ്രായഭേദമെന്യേ വരുന്ന ഭക്തകളുടെ മുമ്പിൽ തോല്ക്കാനേ നിങ്ങള്ക്ക് പറ്റുകയുള്ളൂ.. അതാണ് ഇന്ന് വരെയുള്ള ചരിത്രം .

ഇന്ന് ഗുരുവായൂരും, വൈക്കത്തും, തിരുവനന്തപുരത്തുമുള്ള സ്മാരകങ്ങൾ നിങ്ങളുടെ ആഗ്രഹങ്ങൾക്കെതിരെ നിന്നവരുടെതാണ്. നിങ്ങളെക്കാൾ യാഥാസ്ഥികരായ നിങ്ങളുടെ പൂർവികരെ സ്മരിക്കാൻ വേണ്ടിയുള്ളതല്ല. നിങ്ങളും ചരിത്രത്തിന്റെ ചവറ്റുകൂട്ടയിലേക്ക് തന്നെയാണ്...

#Readytowait....
പക്ഷെ അലട്ടുന്ന വിഷയം ഇതൊന്നുമല്ല. എങ്ങനെ ശബരിമലയിലെ ആവാസവ്യവസ്ഥ ഈ ജനസഞ്ചയത്തെ സഹിക്കും? പമ്പാനദി മൂന്നു ലക്ഷത്തിനു മുകളിൽ ppm ഇ-കോളി (Escherichia coli) ബാക്റ്റീരിയയുമായി കുട്ടനാട്ടിലേക്ക് എത്രനാളൊഴുകും?